കോവിഡ് വാക്സിൻ ഡോസ് വിതരണം 115.23 കോടി പിന്നിട്ടു; രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1,26,620
ദില്ലി; കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 72,94,864 ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 115.23 കോടി (1,15,23,49,358) പിന്നിട്ടു. 1,18,39,293 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,789 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,38,97,921 ആയി.
ദേശീയ രോഗമുക്തി നിരക്ക് 98.28% ആണ്. തുടര്‍ച്ചയായ 145-ാം ദിവസവും 50,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 11,106 പേര്‍ക്കാണ്.രാജ്യത്തു നിലവില്‍ 1,26,620 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.37 ശതമാനമാണ്. 2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയില്‍.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,38,699 പരിശോധനകള്‍ നടത്തി. ആകെ 62.93 കോടിയിലേറെ (62,93,87,540) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.92 ശതമാനമാണ്. കഴിഞ്ഞ 56 ദിവസമായി ഇത് 2 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.98 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 46 ദിവസമായി 2 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 81-ാം ദിവസവും ഇത് 3 ശതമാനത്തില്‍ താഴെയാണ്.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 129 കോടിയിലധികം (1,29,55,21,610) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 22.66 കോടിയിലധികം (22,66,32,191) വാക്സിന്‍ ഡോസുകള്‍ സ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്ന് കേന്ദ്രസർക്കാർ പത്രകുറിപ്പിൽ അറിയിച്ചു.
ഈ വർഷം 65 ദശലക്ഷത്തിലധികം കൊവിഡ് വാക്സിനുകൾ 100 രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഫാർമസ്യൂട്ടിക്കൽ മേഖലയിലെ ആദ്യ ആഗോള ഇന്നൊവേഷൻ ഉച്ചകോടി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യവേയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചു. ഇന്ത്യയെ സംബന്ധിച്ച് ആരോഗ്യത്തിന്റെ നിർവചനം ശാരീരിക അതിരുകളാൽ പരിമിതപ്പെടുത്തിയിട്ടില്ല. മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. കൂടാതെ, COVID-19 ആഗോള പാൻഡെമിക് സമയത്ത് ഞങ്ങൾ ഈ മനോഭാവം ലോകമെമ്പാടുമുള്ള മുഴുവൻ ജനതയോടും കാണിച്ചിരുന്നു, മോദി പറഞ്ഞു.
അതിനിടെ രാജ്യത്ത് ബൂസ്റ്റർ ഡോസ് എന്ന ആവശ്യം ശക്തമായിട്ടുണ്ട്. ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ വ്യാപകമാവുകയും ഇതിന്റെ ഭാഗമായി രോഗവ്യാപനം ശക്തമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ പല രാജ്യങ്ങളിലും രണ്ട് ഡോസ് വാക്സിന് ശേഷം മൂന്നാമതൊരു ഡോസ് കൂടി നൽകുന്നുണ്ട്. ജർമ്മനി, ഓസ്ട്രിയ, കാനഡ, ഫ്രാൻസ് ഉൾപ്പെടെ 36 രാജ്യങ്ങൾ ബൂസ്റ്റർ ഡോസ് നൽകിയിട്ടുണ്ട്.
മൂന്നാം തരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും ഈ ആവശ്യം ശക്തമായിരിക്കുന്നത്. അതേസമയം ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ ഉടൻ നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ വിദ്ഗദ സംഘം അടുത്ത ആഴ്ച യോഗം ചേരും. അതേസമയം ലോകാരോഗ്യ സംഘടന ബൂസ്റ്റർ ഷോട്ടുകൾ വിതരണം ചെയ്യാനുള്ള തീരുമാാനത്തിനെതിരാണ്. ദരിദ്ര രാജ്യങ്ങളിൽ പലയിടത്തും ഇപ്പോഴും വാക്സിൻ പര്യാപ്തമല്ലെന്നിരിക്കെ തിരുമാനത്തെ 'അഴിമതി' എന്നാണ് ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, വിമർശിച്ചത്.












Click it and Unblock the Notifications