തെലങ്കാനയില്‍ കോണ്‍ഗ്രസിന് അധികാരമില്ല: ഛത്തീസ്ഗഡിലോ, അഭിപ്രായ സർവ്വേ പറയുന്നത്
വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് അതീവ പ്രാധാന്യമേറിയതാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തണമെങ്കില്‍ 5 സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. 5 സംസ്ഥാനങ്ങളില്‍ രാജസ്ഥാനും ഛത്തീസ്ഗഡും കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും പ്രധാന പ്രതിപക്ഷവുമാണ്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികള്‍ക്ക് ആശങ്കയും ആശ്വാസവും നല്‍കി വിവിധ ഏജന്‍സികളുടെ സർവ്വേ റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന ഇന്ത്യ ടിവിയുടെ റിപ്പോർട്ട് ഏറെ ശ്രദ്ധേയമാണ്. ബിആർഎസ് കേവല ഭൂരിപക്ഷ സഖ്യ മറികടക്കാൻ സാധ്യതയുള്ളതിനാൽ തെലങ്കാനയിൽ മൂന്നാം തവണയും കെസിആർ മുഖ്യമന്ത്രിയാകാൻ ഒരുങ്ങുന്നുവെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്.

തെലങ്കാനയിൽ ബി ആർ എസ് 70 സീറ്റുകളും കോൺഗ്രസും ബിജെപിയും യഥാക്രമം 34, 7 സീറ്റുകളും നേടിയേക്കുമെന്നാണ് പ്രവചനം. നിലവിലുടെ 7 സീറ്റുകള്‍ ഒവൈസിയുടെ എ ഐ എം ഐ എമ്മും നിലനിർത്തിയേക്കും. ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും അധികാരം നിലനിർത്തിയേക്കുമെന്നാണ് സർവ്വേ അവകാശപ്പെടുന്നത്.
ഛത്തീസ്ഗഡിൽ കോണ്‍ഗ്രസ് പാർട്ടി 50 സീറ്റുകൾ നേടാനാണ് സാധ്യത. ബി ജെ പി 38 സീറ്റുകൾ നേടിയേക്കും. തെലങ്കാനയിലെ 119 അംഗ നിയമസഭയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നവംബർ 30 ന് നടക്കും. അതേസമയം, ഛത്തീസ്ഗഡിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. 20 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നവംബർ 7 ന് നടക്കും. ബാക്കിയുള്ള 70 സീറ്റുകളിലേക്ക് നവംബർ 17 നും വോട്ടെടുപ്പ് നടക്കും.
ഇന്ത്യ ടിവി-സിഎൻഎക്‌സ് അഭിപ്രായ വോട്ടെടുപ്പ് പ്രകാരം സെൻട്രൽ ഛത്തീസ്ഗഢ് മേഖലയിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുമെന്നും 34 സീറ്റുകളില്‍ വിജയിച്ചേക്കുമെന്നുമാണ് പ്രവചനം. ബിജെപിക്ക് 28 സീറ്റും 2 സീറ്റ് മറ്റുള്ളവർക്ക് ലഭിച്ചേക്കും. ഛത്തീസ്ഗഢിലെ സെൻട്രൽ മേഖലയിൽ ആകെ 64 നിയമസഭാ സീറ്റുകളാണുള്ളത്.
ഭൂപേഷ് ബാഗേലിന്റെ ഗോധൻ ന്യായ് യോജന സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ ഗുണം ചെയ്യുമെന്നും സർവ്വേയില്‍ പറയുന്നു. 52 ശതമാനം പേരും പദ്ധതിയുടെ ഗുണം കോണ്‍ഗ്രസിന് ലഭിക്കുമെന്ന് അഭിപ്രായപ്പെടുമ്പോള്‍ 43 ശതമാനം പേർ മാത്രമാണ് അല്ലെന്ന് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയെന്ന നിലയില്‍ ബാഗേലിന്റെ പ്രകടനം മികച്ചതാണെന്നാണ് സർവ്വേയില്‍ പങ്കെടുത്ത 44 ശതമാനം പേരും അഭിപ്രായപ്പെടുന്നത്. ശരാശരിയെന്ന് അഭിപ്രായപ്പെടുന്നത് 15 ശതമാനവും മോശമെന്ന അഭിപ്രായക്കാർ 41 ശതമാനവുമാണ്.












Click it and Unblock the Notifications