ഇന്ത്യയുടെ ക്രൂഡ് ഓയില്‍ സംഭരണ കേന്ദ്രം ഭൂമിക്കടിയില്‍; 10 നില കെട്ടിടത്തിന്റെ വലിപ്പം, കല്ല് തുരന്ന ഗുഹ
ന്യൂഡല്‍ഹി: ഇറാനും ഇസ്രായേലും യുദ്ധമുണ്ടായപ്പോള്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ ഇന്ത്യയിലേക്ക് എങ്ങനെ ക്രൂഡ് ഓയില്‍ എത്തുമെന്ന ആശങ്ക ഉടലെടുത്തിരുന്നു. ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വില വന്‍തോതില്‍ ഉയരുമോ എന്ന ചോദ്യവും ഉയര്‍ന്നു. എണ്ണയുടെ കാര്യത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന തന്ത്രങ്ങള്‍ മനസിലാക്കാതെയാണ് ഈ ആശങ്ക.
നേരത്തെ പശ്ചിമേഷ്യയിലെ രാജ്യങ്ങളെ മാത്രം എണ്ണയ്ക്ക് വേണ്ടി ആശ്രയിച്ചിരുന്ന ഇന്ത്യ ഇപ്പോള്‍ അമേരിക്ക, നൈജീരിയ, അംഗോള, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. സൂയസ് കനാല്‍, പാനമ കനാല്‍, ആഫ്രിക്ക വഴിയുള്ള കടല്‍വഴി എന്നിവയിലൂടെയാണ് ഈ രാജ്യങ്ങളില്‍ നിന്ന് എണ്ണ എത്തുന്നത്. അതിനെല്ലാം അപ്പുറമാണ് ഇന്ത്യയുടെ എണ്ണ സംഭരണ ശേഷി...

AI Image
1990കളിലെ ഗള്‍ഫ് യുദ്ധകാലത്താണ് എണ്ണ പ്രതിസന്ധി നേരിടാനുള്ള സാധ്യത സംബന്ധിച്ച് ഇന്ത്യ മനസിലാക്കിയത്. കൂടുതല്‍ വാങ്ങി സൂക്ഷിക്കാമെന്ന് 1998ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ആശയമുയര്‍ന്നു. തുടര്‍ന്നാണ് രാജ്യത്ത് മൂന്ന് സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്. ആന്ധ്ര പ്രദേശിലും കര്‍ണാടകയിലുമാണ് ഇവ. കൂടാതെ രണ്ട് സംഭരണ കേന്ദ്രം കൂടി നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുമുണ്ട്.
കരിങ്കല്ല് ഗുഹകള്‍
ഇന്ത്യയുടെ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് കൈകാര്യം ചെയ്യുന്നത് പെട്രോളം മന്ത്രാലയത്തിന് കീഴിലുള്ള സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് ലിമിറ്റഡ് (ഐഎസ്പിആര്‍എല്‍) ആണ്. നിലവിലുള്ള മൂന്ന് സംഭരണ കേന്ദ്രങ്ങള്‍ ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 90 മീറ്റര്‍ താഴെയാണ് നിര്‍മിച്ചിരിക്കുന്നത്. ഏകദേശം 10 നില കെട്ടിടത്തിന്റെ വലിപ്പത്തിലാണ് കരിങ്കല്ല് കൊണ്ട് നിര്‍മിച്ച ഈ ഗുഹകള്‍.
ആന്ധ്രയിലെ വിശാഖ പട്ടണം, കര്‍ണാടകയിലെ മംഗലാപുരം, പഡൂര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ എണ്ണ സംഭരണ കേന്ദ്രം. 5.33 മില്യണ്‍ മെട്രിക് ടണ്‍ ക്രൂഡ് ഓയില്‍ ഇവിടെ സംഭരിക്കാം. അതായത് ഇന്ത്യയുടെ മൊത്തം ഉപയോഗം കണക്കാക്കിയാല്‍ 10 ദിവസത്തേക്കുള്ള എണ്ണയുണ്ടാകും. ഒഡീഷയിലെ ചന്ദിഖോല്‍, കര്‍ണാടകയിലെ പഡൂര്‍ എന്നിവിടങ്ങളില്‍ രണ്ട് സംഭരണ കേന്ദ്രം പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്നുമുണ്ട്.
എവിടെ നിന്ന് ഈ ആശയം കിട്ടി
നിര്‍മാണത്തിലുള്ള രണ്ടെണ്ണം 6.5 മില്യണ്‍ മെട്രിക് ടണ്‍ സംഭരിക്കാന്‍ ശേഷിയുള്ളതാണ്. ഇവയുടെ നിര്‍മാണം പൂര്‍ത്തിയായാല്‍ 22 ദിവസം ഉപയോഗിക്കാനുള്ള എണ്ണ സംഭരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. ഇതിന് പുറമെ എണ്ണ കമ്പനികള്‍ സംഭരിക്കുന്ന എണ്ണയുമുണ്ട്. കുറച്ചു ദിവസത്തേക്ക് എണ്ണ ഇറക്കുമതി ഇല്ലെങ്കിലും ഇന്ത്യയെ ബാധിക്കില്ല എന്ന് ചുരുക്കം. എന്നാല്‍ ഏറെ കാലം ഇങ്ങനെ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല.
2020ല്‍ കൊവിഡ് കാലത്ത് എണ്ണവില കുത്തനെ കുറഞ്ഞ വേളയില്‍ ഇന്ത്യ വന്‍തോതില്‍ സംഭരിച്ച് 5000 കോടി രൂപയോളം സമ്പാദിച്ചിരുന്നു. വളരെ ആഴത്തില്‍ കല്ല് തുരന്നാണ് സംഭരണ കേന്ദ്രം ഉണ്ടാക്കുന്നത് എന്നതിനാല്‍ ആക്രമണങ്ങളില്‍ തകരുകയുമില്ല. സ്വീഡനില്‍ നിന്നാണ് ഈ മാതൃക പഠിച്ചത്. പിന്നീട് ഫിന്‍ലാന്റ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ഭൂമിക്കടിയില്‍ എണ്ണ സംഭരണ കേന്ദ്രം തയ്യാറാക്കിയിരുന്നു. ഇന്ത്യയുടെ സംഭരണ കേന്ദ്രങ്ങള്‍ എല്ലാം പ്രവര്‍ത്തന സജ്ജമായാല്‍ സൗദി അബ്യേ, യുഎഇ, കുവൈത്ത്, റഷ്യ, അമേരിക്ക, ഇറാഖ് എന്നിവിടങ്ങൡ നിന്ന് അധികം വാങ്ങി സൂക്ഷിക്കാന്‍ സാധിക്കും.












Click it and Unblock the Notifications