'മോദിയുടെ മൂന്നാം ഭരണത്തിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും'; നിർമല സീതാരാമൻ
ന്യൂഡൽഹി: ഇടക്കാല ബജറ്റ് അവതരിപ്പിച്ച് ദിവസങ്ങൾക്ക് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ. കൂടാതെ മോദിയുടെ മൂന്നാം ഭരണത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും അവർ അഭിപ്രായപ്പെട്ടു.
ഇടക്കാല ബജറ്റിന് ശേഷം ഹിന്ദുസ്ഥാൻ ടൈംസ്, ദി മിന്റ് എന്നീ മാധ്യമങ്ങളുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് നിർമല സീതാരാമൻ ഇക്കാര്യം അറിയിച്ചത്. സ്ത്രീകൾ, യുവാക്കൾ, കർഷകർ, ദരിദ്രർ എന്നിങ്ങനെ മുൻപ് ബജറ്റിൽ അവർ പരാമർശിച്ച നാല് വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള വികസനവും ഒപ്പം 2047-ഓടെ ഒരു വികസിത ഇന്ത്യ എന്ന പ്രഖ്യാപനവും ഉദ്ധരിച്ചുകൊണ്ടാണ് അവർ സർക്കാരിന്റെ ദീർഘകാല പദ്ധതികളെ കുറിച്ച് സംസാരിച്ചത്.

ഏതാണ്ട് 2004 മുതൽ 2024 വരെയുള്ള പത്ത് വർഷക്കാലം പാഴാക്കിയതിന് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിനെയും അവർ വിമർശിച്ചു. സ്വാശ്രയത്വത്തിന്റെയും, സംരംഭകത്വത്തിന്റെയും പുതിയ പാത വെട്ടിത്തെളിച്ച സർക്കാർ കോവിഡ് മഹാമാരിക്ക് ഇടയിലും സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിച്ചെന്നും അവർ പറഞ്ഞു.
"മൂന്നാം തവണ വന്നാൽ നമ്മൾ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞുകഴിഞ്ഞു. അതിനാൽ, മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന നിലവാരത്തിലേക്ക് എത്താൻ ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും. രണ്ടാം തവണ അധികാരത്തിൽ വന്നപ്പോൾ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മഹാമാരി വന്നുവെന്ന് ഓർക്കണം. എന്നാൽ വ്യക്തമായ പരിഷ്‌കാരങ്ങളിലൂടെയും എല്ലാ ഉൾക്കൊള്ളുന്ന നടപടികളിലൂടെയും സമ്പദ്‌വ്യവസ്ഥയെ ഏറ്റവും വലിയ അഞ്ചാമത്തെ (ഇപ്പോൾ) നിലയിലേക്ക് കൊണ്ടുവന്നു" അവർ പറഞ്ഞു.
തൊഴില്ലായ്‌മയെ കുറിച്ചും എഐ ഉണ്ടാക്കിയേക്കാവുന്ന തിരിച്ചടികളെ കുറിച്ചും അവർ സംസാരിച്ചു. "നിങ്ങൾ തൊഴിലില്ലായ്‌മ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്, സംശയമില്ല. പക്ഷേ, ജോലികൾ അവിടെ മാത്രമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒന്നാമതായി, എഐക്ക് മനുഷ്യ ഇടപെടൽ ആവശ്യമാണ്. അത് സ്വന്തമായി പ്രവർത്തിക്കാൻ പോകുന്നില്ല. രണ്ടാമതായി, നിക്ഷേപത്തിൽ; അത് സംഭവിക്കണം, ജോലികൾ ഒരുമിച്ച് കൊണ്ടുവരുന്നുവെങ്കിൽ, അത് വളരെ നല്ലതാണ്. എന്നാൽ കുറഞ്ഞത് നിക്ഷേപം വരുമ്പോൾ, നിങ്ങൾ പറയുന്നതുപോലെ, ധാരാളം ജോലികൾ നൽകിയേക്കില്ല, പക്ഷേ അവ (ബിസിനസ്സുകൾ) ഒരു പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാൽ പരോക്ഷമായ തൊഴിലവസരങ്ങളും സൃഷ്‌ടിക്കും" എഐ മേഖലയിലെ നിക്ഷേപ സാധ്യതയെ കുറിച്ചും അവർ മനസ് തുറന്നു.
യുപിഎ സർക്കാരിനെതിരെ ധനമന്ത്രി ആഞ്ഞടിച്ചു. "എനിക്ക് രാഷ്ട്രീയം പറയേണ്ടി വരും. ദുഷ്‌പ്രവൃത്തികൾ കാരണം പത്ത് മഹത്തായ വർഷങ്ങൾ നമുക്ക് നഷ്‌ടപ്പെട്ടു. ആ തീരുമാനങ്ങൾ, നയപരമായ പ്രശ്‌നങ്ങൾ, കെടുകാര്യസ്ഥത, പണപ്പെരുപ്പത്തെ ക്രമാതീതമായി പ്രവർത്തിക്കാൻ അനുവദിച്ച രീതി, പിന്നെ സ്വജനപക്ഷപാതം എന്നിവയെ എടുത്തുകാട്ടണമെന്ന് ഞാൻ മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു" ധനമന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications