അതിര്‍ത്തി സംഘര്‍ഷം; ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ പാക്കിസ്ഥാനിലെ ക്ഷേത്ര സന്ദര്‍ശനം ഒഴിവാക്കുന്നു
ദില്ലി: ഇന്ത്യയും പാക്കിസ്ഥാനും അതിര്‍ത്തിയില്‍ തുടര്‍ന്നുവരുന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ഹിന്ദു തീര്‍ത്ഥാടകര്‍ പാക്കിസ്ഥാനിലേക്കുള്ള ക്ഷേത്ര സന്ദര്‍ശനം റദ്ദാക്കുന്നു. പാക്കിസ്ഥാനിലെ പ്രശസ്തമായ കടാസ് രാജ് ക്ഷേത്രത്തിലേക്കുള്ള യാത്രയാണ് തീര്‍ഥാടകര്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
നവംബര്‍ 28ന് ഇന്ത്യയുടെ പല ഭാഗത്തുനിന്നുമായി 200ഓളം തീര്‍ത്ഥാടകര്‍ ക്ഷേത്ര സന്ദര്‍ശനത്തിനായി പോകാനിരുന്നതാണ്. വിവിധ ചടങ്ങുകള്‍ക്കായി മൂന്നു ദിവസത്തെ സന്ദര്‍ശനമായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ സന്ദര്‍ശം റദ്ദാക്കിയതായി ചക്‌വാള്‍ ജില്ലാ അധികൃതര്‍ അറിയിച്ചു. സിഖ് തീര്‍ഥാടകരും തങ്ങളുടെ പര്യടനം ഒഴിവാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഏതാണ്ട് 3,319 വിസയാണ് സിഖ് തീര്‍ത്ഥാടകര്‍ക്കായി അനുവദിച്ചിരുന്നത്. എന്നാല്‍ 2,008 പേര്‍ മാത്രമാണ് പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തിയത്. തങ്ങള്‍ വിസ അനുവദിച്ചെങ്കിലും ഇന്ത്യന്‍ സര്‍ക്കാരാണ് തീര്‍ഥാടകരെ വിലക്കിയതെന്ന് പാക് അധികൃതര്‍ വ്യക്തമാക്കി. കടാസ് രാജ് ക്ഷേത്ര സന്ദര്‍ശനത്തിനായി ഫിബ്രുവരിയില്‍ ശിവരാത്രി വേളയില്‍ വിസ അനുവദിക്കുമെന്നും പാക് അധികൃതര്‍ പറഞ്ഞു.
ഒരുവര്‍ഷം രണ്ടുതവണയാണ് ഇന്ത്യയില്‍ നിന്നും ഹിന്ദു തീര്‍ഥാടകര്‍ കടാസ് രാജ് ക്ഷേത്രത്തിലെത്തുന്നത്. ഫിബ്രുവരിയിലും നവംബറിലും. തീര്‍ത്ഥാടനത്തിന് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പാക് സര്‍ക്കാര്‍ ആവശ്യമായ സഹായം ചെയ്തുകൊടുക്കുന്നത് പതിവാണ്. എന്നാല്‍, ഇന്ത്യാ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായതോടെ ഇരുഭാഗത്തേക്കുമുള്ള സാധാരണക്കാരുടെ യാത്ര തടസ്സപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications