സൗദി അറേബ്യയും ഇറാഖും യുഇയും തന്നെ രക്ഷ; ഇന്ത്യയ്ക്ക് യുഎസിൽ നിന്ന് വരുന്നത് വൻ പണി
50 ദിവസത്തിനുള്ളിൽ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ റഷ്യയ്ക്ക് മേൽ 100 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണിയുമായി യുഎസ്. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുമെന്ന ഭീഷണിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തി. യുക്രൈന് ആയുധങ്ങൾ നൽകില്ലെന്ന മുൻ നിലപാടിൽ നിന്നും ട്രംപ് മലക്കം മറിഞ്ഞു. കൂടുതൽ സാമ്പത്തിക സഹായം യുക്രൈന് നൽകുമെന്നാണ് ട്രംപ് ഇപ്പോൾ വ്യക്തമാക്കിയത്.
' റഷ്യൻ നടപടികളിൽ ഞങ്ങൾ കടുത്ത അതൃപ്തിയിലാണ്. 50 ദിവസത്തിനുള്ളിൽ സമാധന ഉടമ്പടിയില്ലെന്നാണ് റഷ്യൻ നിലപാടെങ്കിൽ കനത്ത തീരുവ തന്നെ ചുമത്തും. 100 ശതമാനം തീരുവയാണ് ചുമത്തുക', ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. റഷ്യയെ സാമ്പത്തികമായി കൂടുതൽ വരിഞ്ഞുമുറുക്കാനുള്ള ശ്രമങ്ങളാണ് യുഎസ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേലും തീരുവ ചുമത്തുമെന്ന ഭീഷണി ഉയർത്തുന്നത്.

നിലവിൽ ഇന്ത്യ, ചൈന, തുർക്കി തുടങ്ങുന്ന രാജ്യങ്ങളാണ് റഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്. യുഎസ് കടുത്ത നടപടിയുമായി മുന്നോട്ട് പോയാൽ ഇന്ത്യയെ സംബന്ധിച്ച് അത് കനത്ത തിരിച്ചടിയായേക്കും.
ജൂൺ മാസത്തിലും ഇന്ത്യ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തത് റഷ്യയിൽ നിന്നാണ്. പ്രതിദിനം 2.08 ബാരൽ എണ്ണയാണ് ഇന്ത്യ വാങ്ങിയത്. കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ത്യ നേരത്തേ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്തത് മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിൽ നിന്നായിരുന്നു. എന്നാൽ കഴിഞ്ഞ കഴിഞ്ഞ മൂന്ന് വർഷമായി ഉറക്കുമതിയിൽ റഷ്യയാണ് മുന്നിൽ നിൽക്കുന്നത്.
2022 ഫെബ്രുവരിയിൽ യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യൻ ക്രൂഡിന് മേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് റഷ്യ തങ്ങളുടെ വിപണി കണ്ടെത്താൻ ഏഷ്യൻ രാജ്യങ്ങൾക്ക് എണ്ണ വിലകുറച്ച് നൽകിയിരുന്നു. ഈ അവസരം ഇന്ത്യൻ റിഫൈനറികൾ ഉപയോഗപ്പെടുത്തി.നിലവിൽ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 40 ശതമാനവും റഷ്യയിൽ നിന്നാണ്.
ഇറാഖ് രണ്ടാം സ്ഥാനത്ത്; യുഎഇയും കുതിച്ചു
18.5 ശതമാനം ഇറക്കുമതിയുമായി രണ്ടാം സ്ഥാനത്ത് ഇറാഖ് ആണ്. ഇറാഖിൽ നിന്നുള്ള ജൂൺ മാസത്തിലെ ഇറക്കുമതി 8,93,000 ബിപിഡിയായിരുന്നു. എന്നാൽ മുൻ മാസത്തെ അപേക്ഷിച്ച് 17.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സൗദിയിൽ നിന്നും 5,81,000 ബിപിഡിയാണ് വാങ്ങിയത്.മെയ് മാസത്തിലെ അതേ നിലയിലാണ് കണക്കുകൾ. അതേസമയം . യുഎഇയുടെ വിതരണം 6.5% വർദ്ധിച്ച് 4,90,000 ബിപിഡിയായി ഉയർന്നു.
സൗദി അറേബ്യ 12.1 ശതമാനം, യുഎഇ 10.2 ശതമാനം എന്നിങ്ങനെയാണ് ഇറക്കുമതി ചെയ്യുന്നത്. കെപ്ലർ ഡാറ്റ പ്രകാരം യുഎസ് ആണ് അഞ്ചാം സ്ഥാനത്ത്. 3,03,000 ബിപിഡിയാണ് യുഎസിൽ നിന്നും ഇറക്കുമതി ചെയ്തത്. 6.3 ശതമാനം വിപണി വിഹിതമാണ്.
കുതിച്ച് ബ്രസീലും
ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുനതി വർധിപ്പിച്ച് ബ്രസീൽ. 80 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. പ്രതിദിനം 73,000 ബാരൽ ആണ് ഇറക്കുമതി ചെയ്യുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഫ്രിക്ക തുടങ്ങി രാജ്യങ്ങളിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ വർധിപ്പിച്ചിരുന്നു.
അതേസമയം യുഎസ് കടുത്ത നിലപാടിലേക്ക് നീങ്ങിയാൽ റഷ്യൻ എണ്ണ വിട്ട് ഇന്ത്യ വീണ്ടും മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നേക്കും. അങ്ങനെയെങ്കിൽ ഇറാഖും യുഎഇയും സൗദിയും തന്നെയായിരിക്കും ഇന്ത്യക്ക് രക്ഷകരാകുക.












Click it and Unblock the Notifications