'ടാറ്റയെ ഓടിച്ചത് സിപിഎം...'; സിംഗൂര്‍-നന്ദിഗ്രാം പ്രക്ഷോഭങ്ങളെ മമത കൈവിടുന്നോ..?
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി ജെ പി അധീശത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ കളം മാറ്റി തന്ത്രങ്ങള്‍ മെനഞ്ഞ് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനര്‍ജി. ഇതിനായി സിംഗൂര്‍, നന്ദിഗ്രാം പ്രതിഷേധങ്ങളെ അടക്കം പരോക്ഷവും ഭാഗികവുമായി തള്ളിപ്പറഞ്ഞിരിക്കുകയാണ് മമത ബാനര്‍ജി.
ടാറ്റ മോട്ടോഴ്സിനെ സിംഗൂരില്‍ നിന്ന് ഓടിച്ചത് ഇടതുമുന്നണി സര്‍ക്കാരാണെന്നും അവരുടെ സര്‍ക്കാര്‍ നിര്‍ബന്ധിതമായി ഏറ്റെടുത്ത കൃഷിഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും ആയിരുന്നു മമത ബുധനാഴ്ച സിലിഗുരിയില്‍ നടന്ന വിജയ സമ്മിലാനി ചടങ്ങില്‍ സംസാരിക്കവെ അവകാശപ്പെട്ടത്.

2011 ല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തിലേറാന്‍ സഹായിച്ച പ്രക്ഷോഭങ്ങളാണ് ടാറ്റാ പ്ലാന്റിനെതിരെ നടത്തിയ സിംഗൂരിലേയും നന്ദിഗ്രാമിലേയും സമരം. എന്നാല്‍ തങ്ങള്‍ കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്തതിനെതിരെ മാത്രമാണ് സമരം ചെയ്തത് എന്നും ടാറ്റയെ സംസ്ഥാനത്ത് നിന്ന് ഓടിച്ചത് തങ്ങളല്ല എന്നുമാണ് മമത ബാനര്‍ജി പറയുന്നത്.

34 വര്‍ഷം നീണ്ട പശ്ചിമ ബംഗാളിലെ ഇടത് ഭരണത്തിന് തുടക്കം കുറിച്ചത് സിംഗൂരും നന്ദിഗ്രാമുമായിരുന്നു. ടാറ്റ പ്ലാന്റിനായി സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് സ്ഥലം ഏറ്റെടുത്തതിന് പിന്നാലെയാണ് പ്രക്ഷോഭം അരങ്ങേറിയത്. പിന്നീട് സമരം തൃണമൂലും മമതയും ഏറ്റെടുത്തു. വൈകാതെ 2008 ല്‍ ടാറ്റ മോട്ടോഴ്സിന്റെ നാനോ പ്ലാന്റ് ഗുജറാത്തിലേക്ക് മാറ്റി.

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് തൃണമൂല്‍ അടവ് മാറ്റുന്നത് എന്നാണ് വിലയിരുത്തല്‍. മാത്രമല്ല സംസ്ഥാനത്ത് ബി ജെ പി ഇതിനോടകം കാര്യമായ വേരോട്ടം ഉണ്ടാക്കി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി വ്യവസായ നിക്ഷേപം കൊണ്ടുവരാനാണ് മമതയുടെ ശ്രമം.

ഞാന്‍ ടാറ്റയെ പശ്ചിമ ബംഗാളില്‍ നിന്ന് ഓടിച്ചുവിട്ടുവെന്ന് ആളുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഞാന്‍ അല്ല അവരെ ഒാടിച്ചത്. അവരെ ആട്ടിയിറക്കിയത് സി പി ഐ എം ആണ്. പദ്ധതിക്കായി സി പി ഐ എം ജനങ്ങളില്‍ നിന്ന് ബലമായി ഭൂമി കൈക്കലാക്കി ഞങ്ങള്‍ ആ ഭൂമി തിരിച്ചുകൊടുത്തു. ഇതാണ് ചെയ്തത് എന്നാണ് മമത പറയുന്നത്.

അതിനുശേഷം തന്റെ സര്‍ക്കാര്‍ സംസ്ഥാനത്ത് നിരവധി പദ്ധതികള്‍ നടപ്പാക്കി എന്നും എന്നാല്‍ ഒരിക്കലും ഒരു ഭൂമിയും ബലമായി ഏറ്റെടുത്തിട്ടില്ലെന്നും അവര്‍ അവകാശപ്പെട്ടു. തങ്ങള്‍ എന്തിനാണ് നിര്‍ബന്ധിച്ച് ഭൂമി കൈക്കലാക്കണ്ടേത് എന്നും ഇവിടെ ഭൂമിക്ക് ക്ഷാമമില്ല എന്നും മമത ബാനര്‍ജി പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ താജ്പൂര്‍ തുറമുഖ പദ്ധതിയെയും ദ്യൂച്ച പച്ചാമി കല്‍ക്കരി ഖനി പദ്ധതിയെയും മമത പരാമര്‍ശിച്ചു.

തങ്ങള്‍ വ്യവസായികളെ സ്വാഗതം ചെയ്യുന്നു എന്നും ബംഗാളില്‍ വിവേചനമില്ല എന്നും മമത പറഞ്ഞു. ഓരോ വ്യവസായികളും ഇവിടെ നിക്ഷേപിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും മമത കൂട്ടിച്ചേര്‍ത്തു. അതേസമയം മമതയുടെ പരാമര്‍ശം തള്ളി മുന്‍ തൃണമൂല്‍ എം എല്‍ എയും ഇപ്പോള്‍ ബി ജെ പി നേതാവുമായ രവീന്ദ്രനാഥ് ഭട്ടാചാര്യ രംഗത്തെത്തി.

പ്ലാന്റ് സ്തംഭിപ്പിച്ചതില്‍ തൃണമൂലിന് പങ്ക് ഉണ്ട്. അന്ന് ഞങ്ങള്‍ സിംഗൂര്‍ ഫാക്ടറി ഗേറ്റില്‍ ഒരു പ്രതിഷേധ വേദി സ്ഥാപിച്ചിരുന്നു. ഇത് കാരണം ഫാക്ടറി അടച്ചുപൂട്ടാന്‍ ടാറ്റയെ നിര്‍ബന്ധിതരായി എന്നാണ് രവീന്ദ്രനാഥ് ഭട്ടാചാര്യ പറഞ്ഞത്. മമതയ്ക്ക് നുണ പറയുന്നതിന് ഒരു ഡി ലിറ്റ് നല്‍കണം എന്നായിരുന്നു സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗം സുജന്‍ ചകബര്‍ത്തി പറഞ്ഞത്.

സിംഗൂര്‍ സമരകാലത്തെ് നിരാഹാരം ഉള്‍പ്പെടെ മമത ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും ബംഗാളിലെ ജനങ്ങള്‍ സാക്ഷികളാണ്. തൃണമൂല്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കേസ് നടത്തിയപ്പോള്‍ താന്‍ സാക്ഷിയായിരുന്നു എന്നും സി പി ഐ എം രാജ്യസഭാ എം പിയും അഭിഭാഷകനുമായ ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ പറഞ്ഞു. ബംഗാളില്‍ നിന്ന് ടാറ്റ മോട്ടോഴ്സിനെ തുരത്തിയത് മമതയാണ് എന്നും അദ്ദേഹം പറഞ്ഞു.

സി പി ഐ എം ടാറ്റയെ ബലം പ്രയോഗിച്ച് പുറത്താക്കി എന്ന അവകാശവാദത്തിന് ശേഷം, മമത ബാനര്‍ജി ഇനി തനിക്ക് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമില്ലായിരുന്നു, എന്നാല്‍ സി പി ഐ എം തന്നെ ബലം പ്രയോഗിച്ച് മുഖ്യമന്ത്രി ആക്കിയെന്ന് പറഞ്ഞേക്കാം എന്നായിരുന്നു ബി ജെ പി ലോക്സഭാ എംപി ലോക്കറ്റ് ചാറ്റര്‍ജിയുടെ പരിഹാസം.

പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയും മമതയ്ക്കെതിരെ ആഞ്ഞടിച്ചു. നേരത്തെ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് താന്‍ ടാറ്റയുമായി സംസാരിക്കാന്‍ തയ്യാറാണ് എന്നും അവര്‍ക്ക് സിംഗൂരില്‍ 600 ഏക്കര്‍ സ്ഥലത്ത് പ്ലാന്റ് സ്ഥാപിക്കാന്‍ കഴിയും എന്നും പറഞ്ഞിരുന്നു. അതേസമയം മാറിയ സാഹചര്യങ്ങളാണ് മമതയുടെ പ്രസ്താവനയ്ക്ക് പിന്നിലെന്ന് തൃണമൂലിന്റെ മുതിര്‍ന്ന നേതാവ് സമ്മതിച്ചു.

'2011 ല്‍ ഞങ്ങളുടെ പാര്‍ട്ടി അധികാരത്തിലെത്തിയത് സിംഗൂര്‍, നന്ദിഗ്രാം പ്രസ്ഥാനങ്ങള്‍ നല്‍കിയ മുന്നേറ്റത്തിലൂടെയാണ്. അക്കാലത്ത് ഞങ്ങളുടെ പ്രധാന വെല്ലുവിളി കൃഷിഭൂമി അതിന്റെ ഉടമകള്‍ക്ക് തിരികെ നല്‍കുക എന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെ പ്രധാന വെല്ലുവിളി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വ്യവസായം നേടുകയും ചെയ്യുക എന്നതാണ്,' പേര് വെളിപ്പെടുത്താത്ത നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications