ഖത്തറില്‍ മോദി തോറ്റിടത്ത് ഷാരൂഖ് ഖാന്‍ വിജയിച്ചോ? സുബ്രഹ്മണ്യം സ്വാമി പറഞ്ഞതും ഷാരൂഖിന്റെ മറുപടിയും
ഡല്‍ഹി: ഖത്തറില്‍ തടവിലായ മുന്‍ നേവി ഉദ്യോഗസ്ഥരുടെ മോചനത്തിനായി ഇടപെട്ടുവെന്ന വാർത്തകള്‍ നിഷേധിച്ച് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്‍. ചാരവൃത്തി ആരോപിച്ച് പിടിയിലായതിന് പിന്നാലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് ഇന്ത്യക്കാരുടെ മോചനത്തില്‍ തനിക്ക് പങ്കുണ്ടെന്ന വാർത്തകള്‍ വാസ്തവ വിരുദ്ധമാണെന്നാണ് ഷാരൂഖ് ഖാന്റെ മാനേജർ വ്യക്തമാക്കുന്നത്. ഷാരൂഖിന് പങ്കുണ്ടെന്ന വാദങ്ങള്‍ തള്ളിക്കളയുന്നവെന്നും മാനേജര്‍ പൂജ ദദ്‌ലാനി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ മോചനത്തിന് പിന്നില്‍ പ്രവർത്തിച്ചത് ഇന്ത്യന്‍ സർക്കാർ മാത്രമാണെന്നും പൂജ കൂട്ടിച്ചേർത്തു.
"ഖത്തറിൽ നിന്നുള്ള ഇന്ത്യയുടെ നാവിക ഉദ്യോഗസ്ഥരെ മോചിപ്പിച്ചതിൽ ഷാരൂഖ് ഖാൻ്റെ പങ്കിനെക്കുറിച്ചുള്ള റിപ്പോർട്ടുകളെ കുറിച്ച്, ഷാരൂഖ് ഖാൻ്റെ ഓഫീസ് പറയുന്നത്. അദ്ദേഹത്തിൻ്റെ ഇടപെടലിനെക്കുറിച്ചുള്ള അത്തരം വാദങ്ങൾ അടിസ്ഥാനരഹിതമാണ്, ഈ വിജയകരമായ നടപടിയുടെ നിർവ്വഹണത്തിന് പിന്നില്‍ പ്രവർത്തിച്ചത് ഇന്ത്യൻ ഗവൺമെൻ്റ് ഉദ്യോഗസ്ഥർ മാത്രമാണ്. ഈ വിഷയത്തിലെ മിസ്റ്റർ ഖാൻ്റെ പങ്കാളിത്തം അസന്ദിഗ്ധമായി നിഷേധിക്കുന്നു." ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി കുറിച്ചു.

നയതന്ത്രവും ഭരണപരവുമായ കാര്യങ്ങള്‍ യോഗ്യരായ നേതാക്കളാണ് നടപ്പിലാക്കുന്നത്. മുന്‍ നാവിക ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി തിരിച്ചെത്തിയതില്‍ മറ്റെല്ലാവരേയും പോലെ ഷാരൂഖും സന്തോഷവാനാണ്. അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
ജയില്‍ മോചിതരായ ഉദ്യോഗസ്ഥർ നാട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ , ബിജെപി നേതാവും മുൻ രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി എക്സില്‍ പങ്കുവെച്ച പോസ്റ്റാണ് മോചനത്തിന് പിന്നില്‍ ഷാരൂഖ് ഖാനാണ് എന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിക്കാന്‍ ഇടയാക്കിയത്. പ്രധാനമന്ത്രി ഖത്തറും യു.എ.ഇയും സന്ദര്‍ശിക്കുന്നത് അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയായിരുന്നു സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ കമന്റ്.
'ഖത്തര്‍ ഷെയ്ഖുമാരില്‍ സ്വാധീനം ചെലുത്തുന്നതില്‍ വിദേശകാര്യമന്ത്രാലയവും ദേശീയ സുരക്ഷാ ഏജന്‍സിയും പരാജയപ്പെട്ടപ്പോള്‍, വിലയേറിയ ഒത്തുതീര്‍പ്പിലൂടെ നമ്മുടെ നാവികരെ മോചിപ്പിക്കാന്‍ ഇടപെട്ട സിനിമതാരം ഷാറൂഖ് ഖാനേയും മോദി ഖത്തര്‍ സന്ദര്‍ശനത്തില്‍ കൂടെക്കൂട്ടണം' എന്നായിരുന്നു സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ കമന്റ്.
അതേസമയം, ഷാരൂഖ് ഖാന്‍ കഴിഞ്ഞ ദിവസം ദോഹ സന്ദർഷിക്കുകുയും ചെയ്തിരുന്നു. ഖത്തറിലെത്തിയ അദ്ദേഹം ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഏഷ്യാ കപ്പ് ഫുട്ബോള്‍ ഫൈനലില്‍ വിശിഷ്ടാതിഥിയായി എത്തിയ താരം ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോയുമായും കൂടിക്കാഴ്ച നടത്തി.












Click it and Unblock the Notifications