ഇതാണോ ബിജെപിയുടെ സംസ്‌കാരം; രാഹുലിനെ അധിക്ഷേപിച്ച അസം മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് കെസിആര്‍
ഹൈദരാബാദ് : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ രാജി ചോദിച്ചു വാങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. 2016 സെപ്റ്റംബറിലെ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ തെളിവ് ആവശ്യപ്പെട്ടതിനും കൊവിഡ് വാക്സിനുകളുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്തതിനും ഹിമന്ത ബിശ്വ ശര്‍മ്മ വെള്ളിയാഴ്ച ഉത്തരാഖണ്ഡിലെ ഒരു റാലിക്കിടെ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചിരുന്നു .
ഈ റാലിയില്‍ നടത്തിയ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് കെ സി ചന്ദ്രശേഖര്‍ റാവുവിന്റെ പ്രതികരണം . നിങ്ങള്‍ ശരിക്കും രാജീവ് ഗാന്ധിയുടെ മകനാണോ അല്ലയോ എന്ന് ഞങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളോട് ചോദിച്ചിട്ടുണ്ടോ എന്നാണ് ഉത്തരാഖണ്ഡിലെ ബി ജെ പി തിരഞ്ഞെടുപ്പ് റാലിയില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ചോദിച്ചത് .

റായ്ഗിരിയില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് തെലങ്കാന മുഖ്യമന്ത്രി പ്രധാനമന്ത്രി മോദിയോടും ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയോടും അസം മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ആവശ്യപ്പെട്ടത്. അദ്ദേഹത്തെ പുറത്താക്കൂ, ഏതെങ്കിലും ഒരു മുഖ്യമന്ത്രിക്ക് ഇങ്ങനെ സംസാരിക്കാന്‍ ആകുമോ? എല്ലാത്തിനും ഒരു പരിധിയില്ലേ, നിങ്ങള്‍ അഹംഭാവിയാണോ? ആളുകള്‍ നിശബ്ദരായിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നെന്നും കെ സി ആര്‍ പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞു.
ഇതാണോ ബിജെപിയുടെ സംസ്‌കാരം. ഹിന്ദു ധര്‍മ്മവും ഭാരതീയ സംസ്‌കാരവും ആണോ ഇത്, ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെടുന്നു. എനിയ്ക്ക് ലജ്ജ തോന്നുന്നു. ഇത് രാജ്യത്തിന് നല്ലതല്ല. ഞങ്ങള്‍ കൂപ്പുകൈകളുമായി മിണ്ടാതിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശര്‍മ്മയുടെ പരാമര്‍ശത്തില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കോണ്‍ഗ്രസ് ഇതിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു. ബി ജെ പിയുടെ നിലവാരമാണ് ഹിമന്ത ബിശ്വ ശര്‍മ്മയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത് എന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. പരാമര്‍ശം പ്രതിഷേധാര്‍ഹവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് മുന്‍ കോണ്‍ഗ്രസ് മന്ത്രി തിലക് രാജ് ബെഹാര്‍ പറഞ്ഞു.
എന്നാല്‍ രാഹുലിനെ വീണ്ടും കടന്നാക്രമിച്ച് ശര്‍മ്മ രംഗത്തെത്തിയിരുന്നു. മുഹമ്മദ് അലി ജിന്നയുമായി താരതമ്യപ്പെടുത്തിയാണ് അദ്ദേഹം വീണ്ടും വിമര്‍ശനം ഉന്നയിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ' പുതിയ കാലത്തെ ജിന്ന ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത് . രാഹുല്‍ ഗാന്ധിയുടെ ഭാഷയും വാക്ചാതുര്യവും 1947 - ന് മുമ്പുള്ള ജിന്നയുടെ ഭാഷയ്ക്ക് സമാനമാണെന്ന് ശര്‍മ്മ പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹത്തെ പുതിയ കാലത്തെ ജിന്ന എന്ന് വിളിച്ചത് .
അതേസമയം, അസം മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ശര്‍മ്മയെ വിമര്‍ശിച്ചിരുന്നു. മോശം പരാമര്‍ശത്തിലൂടെ സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്. കൂടാതെ ഗുവാഹത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ശര്‍മ്മയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു.
അതേ സമയം, തന്റെ പരാമര്‍ശം വിശദീകരിക്കാന്‍ ശര്‍മ്മ വീണ്ടും ശ്രമിച്ചു. നമ്മുടെ സൈനികര്‍ ശത്രുരാജ്യത്ത് എന്തെങ്കിലും നടപടിക്ക് പോകുന്നതിന് ഒരു മാസം മുമ്പ് തന്നെ പ്ലാന്‍ ചെയ്യും. ഇവ തന്ത്രപരമായ പ്രവര്‍ത്തനങ്ങളാണ്, ഓപ്പറേഷന് ശേഷം ഒരു പത്രക്കുറിപ്പ് പുറപ്പെടുവിച്ചതിന് ശേഷമാണ് നമ്മള്‍ അതിനെക്കുറിച്ച് അറിയുന്നത്. ഇനി , ആരെങ്കിലും ആ നടപടിയുടെ തെളിവ് ചോദിക്കുകയാണെങ്കില്‍, സൈനികര്‍ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിക്കണമെന്നും ശര്‍മ്മ പറഞ്ഞു.












Click it and Unblock the Notifications