ചരിത്രനേട്ടം; ഭൗമ നിരീക്ഷണ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ച് ഐഎസ്ആര്‍ഒ
ശ്രീഹരിക്കോട്ട: ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇ ഒ എസ്-08നെയും ഡെമോസാറ്റ് ഉപഗ്രഹങ്ങളും വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ച് ഐ എസ് ആര്‍ ഒ. എസ് എസ് എല്‍ വി ഡി3യാണ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ചത്. സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ ആദ്യ വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 9.17 നായിരുന്നു വിക്ഷേപണം.
മൈക്രോസാറ്റലൈറ്റ് രൂപകല്‍പന ചെയ്യുകയും വികസിപ്പിക്കുകയും മൈക്രോസാറ്റലൈറ്റ് ബസിന് അനുയോജ്യമായ പേലോഡ് ഉപകരണങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് എസ് എസ് എല്‍ വി-ഡി3-ഇ ഒ എസ്-08 മിഷന്റെ ലക്ഷ്യങ്ങളില്‍ പ്രധാനം. മൈക്രോസാറ്റ്/ഐഎംഎസ്-1 ബസില്‍ നിര്‍മ്മിച്ച ഇ ഒ എസ് 08 മൂന്ന് പേലോഡുകള്‍ ആണ് വഹിക്കുന്നത്. ഇലക്ട്രോ ഒപ്റ്റിക്കല്‍ ഇന്‍ഫ്രാറെഡ് പേലോഡ്, ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം-റിഫ്‌ലെക്‌റ്റോമെട്രി പേലോഡ്, എസ്‌ഐസി യുവി ഡോസിമീറ്റര്‍ എന്നിവയാണ് അവ.

സാറ്റലൈറ്റ് അധിഷ്ഠിത നിരീക്ഷണം, ദുരന്ത നിരീക്ഷണം, പരിസ്ഥിതി നിരീക്ഷണം, തീപിടുത്തം, അഗ്‌നിപര്‍വ്വത പ്രവര്‍ത്തന നിരീക്ഷണം, വ്യാവസായിക, പവര്‍ പ്ലാന്റ് ദുരന്ത നിരീക്ഷണം തുടങ്ങിയവ കണ്ടെത്തുന്ന മിഡ്-വേവ് ഐആര്‍ (എംഐആര്‍), ലോംഗ്-വേവ് ഐആര്‍ (എല്‍ഡബ്ല്യുഐആര്‍) ബാന്‍ഡുകളില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനാണ് ഇഒഐആര്‍ പേലോഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സമുദ്ര ഉപരിതല കാറ്റ് വിശകലനം, മണ്ണിന്റെ ഈര്‍പ്പം വിലയിരുത്തല്‍, ഹിമാലയന്‍ മേഖലയിലെ ക്രയോസ്ഫിയര്‍ പഠനം, വെള്ളപ്പൊക്കം കണ്ടെത്തല്‍, ഉള്‍നാടന്‍ ജലാശയങ്ങള്‍ കണ്ടെത്തല്‍ തുടങ്ങിയ ജിഎന്‍എസ്എസ്-ആര്‍ അടിസ്ഥാനമാക്കിയുള്ള റിമോട്ട് സെന്‍സിംഗ് ഉപയോഗിക്കുക എന്നതാണ് ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം-റിഫ്‌ലെക്‌റ്റോമെട്രി പേലോഡിന്റെ ധര്‍മ്മം.
എസ്‌ഐസി യുവി ഡോസിമീറ്റര്‍ ഗഗന്‍യാന്‍ മിഷനിലെ ക്രൂ മൊഡ്യൂളിന്റെ വ്യൂപോര്‍ട്ടില്‍ യുവി വികിരണം നിരീക്ഷിക്കുകയും ഗാമാ വികിരണത്തിനുള്ള ഉയര്‍ന്ന ഡോസ് അലാറം സെന്‍സറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വിക്ഷേപണത്തിന്റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഏകദേശം 13 മിനുറ്റ് സമയം കൊണ്ട് വിക്ഷേപണം പൂര്‍ത്തിയാക്കാനായി.
ഇ ഒ എസ്-08ന് ഒരു വര്‍ഷത്തെ ദൗത്യകാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളത്. എസ് എസ് എല്‍ വി എന്ന ഐ എസ് ആര്‍ ഒയുടെ എറ്റവും കുഞ്ഞന്‍ വിക്ഷേപണ വാഹനത്തിന്റെ മൂന്നാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. ഇനി വിക്ഷേപണ വാഹന നിര്‍മ്മാണം സ്വകാര്യമേഖലയ്ക്ക് കൈമാറും. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ അഭിനന്ദിച്ചു.












Click it and Unblock the Notifications