വമ്പന്‍ ഉപഗ്രഹവുമായി ഐഎസ്ആര്‍ഒ: ടെലികോം രംഗം മിന്നിത്തിളങ്ങും

  • Written By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യം ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നു. ടെലികോം മേഖലയ്ക്ക് വന്‍ കുതിപ്പുണ്ടാക്കുമെന്ന് കരുതുന്ന ആറ് ടണ്‍ ഭാരമുള്ള ജിസാറ്റ് 11 എന്ന ഉപഗ്രഹം ഇന്റര്‍നെറ്റ് സേവനങ്ങള്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിക്ഷേപിക്കുന്നത്. രാജ്യത്തിന്റെ ഗ്രാമീണ മേഖല ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിനും ഇതുപകാരപ്പെടും.

Isro

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ജിസാറ്റ് 11 വിക്ഷേപിക്കുന്നത്. ഫ്രഞ്ച് എരിയന്‍ 5 റോക്കറ്റില്‍ ഘടിപ്പിച്ചാണ് ഉപഗ്രഹം വിക്ഷേപിക്കുക. തെക്കന്‍ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ കുറൂവില്‍ വച്ചായിരിക്കും വിക്ഷേപണം. തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

നാല് മീറ്റര്‍ നീളമുള്ള ഉപഗ്രഹത്തിന് 500 കോടി രൂപയാണ് ചെലവ്. നാല് സോളാര്‍ പാനലും ഘടിപ്പിച്ചിട്ടുണ്ട്. ഉപഗ്രഹാധിഷ്ഠിത ഇന്റര്‍നെറ്റ് എന്നത് ഒരു സൂചകം മാത്രമാണ്. പഞ്ചായത്തുകള്‍, താലൂക്കുകള്‍, സൈന്യം എന്നിവക്കെല്ലാം വേണ്ടിയുള്ള കണക്ടിവിറ്റിയാണ് ഉദ്ദേശിക്കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എഎസ് കിരണ്‍ കുമാര്‍ പറഞ്ഞു.

ഇന്ത്യ ഇതുവരെ വിക്ഷേപിച്ച മൊത്തം വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങളുടെ ശേഷി ജിസാറ്റ് 11നുണ്ട്. ഭാരമേറിയ ഉപഗ്രഹമായതു കൊണ്ടാണ് ഫ്രഞ്ച് സഹായം തേടിയത്. ഇത്തരം ഭാരമുള്ള ഉപഗ്രഹങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിട്ടുള്ള റോക്കറ്റാണ് ഫ്രാന്‍സിന്റെ എരിയന്‍-5. കഴിഞ്ഞ ഓഗസ്റ്റില്‍ ഐഎസ്ആര്‍ഒയുടെ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഫ്രഞ്ച് സഹായത്തോടെ പുതിയ വിക്ഷേപണത്തിന് ഒരുങ്ങുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ISRO's Heaviest Satellite To Boost Internet, A Boon For Rural India

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്