ജയില്‍ചാടിയ അഞ്ചു തടവുകാരെ വെടിവെച്ചുകൊന്നു
റാഞ്ചി: ബോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പോലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച അഞ്ചു തടവുകാരെ സുരക്ഷാ ഗാര്‍ഡുകള്‍ വെടിവെച്ചു കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ ചായ്ബാസയിലെ ജയിലില്‍ ചൊവ്വാഴ്ച വൈകിട്ടോടുകൂടിയായിരുന്നു സംഭവം. കോടതിയില്‍ ഹാജരാക്കി തിരിച്ചുകൊണ്ടുവരികയായിരുന്ന വിചാരണ തടവുകാരാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്.
17 തടവുകാരുമായി കോടതിയില്‍ പോയി വരികയായിരുന്ന വാന്‍ ജയിലിന്റെ ഒന്നാം ഗേറ്റ് കടന്നശേഷം പുരുഷതടവുകാരുടെ ജയില്‍ഭാഗത്തെ രണ്ടാം ഗെയിറ്റിന് അടുത്തെത്തിയപ്പോഴായിരുന്നു സംഭവം. ഒരു തടവുകാരന്‍ കൈയ്യില്‍ ഒളിപ്പിച്ചു വച്ചിരുന്ന മുളകുപൊടി സുരക്ഷാ ഉദ്യോഗസ്ഥരുടെ മുഖത്തെറിയുകയായിരുന്നു. വാനിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ 17 തടവുകാരും പുറത്തുചാടി.

പുറത്തെത്തിയവര്‍ ഒന്നാം ഗേറ്റിലേക്ക് ഓടുന്നതിനിടയിലാണ് സുരക്ഷാ ഗാര്‍ഡുകള്‍ നിറയൊഴിച്ചത്. അഞ്ചുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മറ്റു 12 തടവുകാര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് രക്ഷപ്പെട്ടതായാണ് വിവരം. അതേസമയം രക്ഷപ്പെട്ടവരില്‍ 13 തടവുകാരുണ്ടായിരുന്നതായും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു. വെടിവെപ്പ് നടന്ന പശ്ചാത്തലത്തില്‍ ജയിലില്‍ കലാപമുണ്ടാകാന്‍ സാധ്യതയുണ്ടെന്നതിനാല്‍ കനത്തു സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്












Click it and Unblock the Notifications