കശ്മീരില്‍ നാളെ ഒന്നാം ഘട്ട വോട്ടെടുപ്പ്; 24 സീറ്റുകളിലെ വിധിയെഴുതും, തരിഗാമിയും ഇല്‍തിജയും പ്രധാനികള്‍
ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നാളെ. ആദ്യ ഘട്ടത്തില്‍ കശ്മീരിലെ നാല് തെക്കന്‍ ജില്ലകള്‍ അടക്കംല ഏഴ് ജില്ലകളിലെ 24 നിയമസഭാ മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. 566,000 യുവാക്കള്‍ ഉള്‍പ്പെടെ ഏകദേശം 2.3 ദശലക്ഷം വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത്.
പാംപോര്‍, ത്രാല്‍, പുല്‍വാമ, രാജ്പോറ, സൈനപോറ, ഷോപിയാന്‍, ഡിഎച്ച് പോറ, കുല്‍ഗാം, ദേവ്സര്‍, ദൂരു, കൊക്കര്‍നാഗ് (എസ്ടി), അനന്ത്നാഗ് വെസ്റ്റ്, അനന്ത്നാഗ്, ശ്രീഗുഫ്വാര-ബിജ്ബെഹറ, ഷാംഗസ് അനന്ത്നാഗ് ഈസ്റ്റ്, പഹല്‍ഗാം, ഇന്ദര്‍വാള്‍, കിഷ്ത്വാര്‍, പാദ്ദര്‍-നാഗ്സേനി, ഭദര്‍വ, ദോഡ, ദോഡ വെസ്റ്റ്, റംബാന്‍, ബനിഹാള്‍ എന്നിവയാണ് ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍.

90 സ്വതന്ത്രര്‍ ഉള്‍പ്പെടെ 219 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ മത്സരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന ആദ്യ നിയമസഭാ തിഞ്ഞടുപ്പാണിത്. 3276 പോളിംഗ് സ്റ്റേഷനുകളില്‍ 14,000 പോളിംഗ് ജീവനക്കാര്‍ മേല്‍നോട്ടം വഹിക്കുമെന്നും വോട്ടെടുപ്പ് സുഗമമായി നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. 302 അര്‍ബന്‍ പോളിംഗ് സ്റ്റേഷനുകളും 2,974 റൂറല്‍ പോളിംഗ് സ്റ്റേഷനുകളുമുണ്ട്.
ഓരോ പോളിംഗ് സ്റ്റേഷനിലും പ്രിസൈഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ നാല് ഇലക്ഷന്‍ സ്റ്റാഫുകള്‍ വീതം ഉണ്ടായിരിക്കും. ആകെ 14,000 പോളിംഗ് സ്റ്റാഫുകളാണ് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടത്തിപ്പിനുണ്ടാകുക. കുല്‍ഗാം മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചാം തവണയും ജനവിധി തേടുന്ന സിപിഎമ്മിന്റെ മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഒന്നാംഘട്ടത്തിലെ പ്രധാന സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍.
എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍ മൂന്നാം തവണയും ദൂരൂവില്‍ നിന്ന് ജനവിധി തേടുന്നു. നാഷണല്‍ കോണ്‍ഫറന്‍സിന്റെ സക്കീന ഇറ്റൂ ദംഹല്‍ ഹാജിപോറയില്‍ നിന്ന് മത്സരിക്കുന്നു. പിഡിപിയുടെ, ഇല്‍തിജ മുഫ്തി, വഹീദ് പര, സര്‍താജ് മദ്നി, അബ്ദുള്‍ റഹ്‌മാന്‍ വീരി എന്നിവരും പ്രധാന സ്ഥാനാര്‍ത്ഥികളാണ്. ബിജ്‌ബെഹറയില്‍ ഇല്‍തിജ മുഫ്തി എന്‍സിയുടെ ബഷീര്‍ അഹമ്മദ് വീരിയുമായും ബിജെപിയുടെ സോഫി മുഹമ്മദ് യൂസഫുമായും ത്രികോണ പോരാട്ടമാണ് കാഴ്ച വെക്കുന്നത്.
നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും സഖ്യത്തിലാണെങ്കിലും ബനിഹാല്‍, ഭാദേര്‍വ, ദോഡ എന്നിവിടങ്ങളില്‍ ഇരു പാര്‍ട്ടികളും 'സൗഹൃദ മത്സരത്തിനായി' സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. വിമത എന്‍സി നേതാവ് പ്യാരെ ലാല്‍ ശര്‍മ്മ ഇന്‍ദര്‍വാളില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്നു. രണ്ട് ബിജെപി വിമതരായ രാകേഷ് ഗോസ്വാമി, സൂരജ് സിംഗ് പരിഹാര്‍ എന്നിവര്‍ റംബാന്‍, പദ്ദര്‍-നാഗ്സേനി മണ്ഡലങ്ങളില്‍ നിന്ന് ഭാഗ്യം പരീക്ഷിക്കുന്നുണ്ട്.
കര്‍ശനമായ സുരക്ഷ
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കശ്മീര്‍ സോണ്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ വി കെ ബിര്‍ദി പറഞ്ഞു. കേന്ദ്ര സായുധ അര്‍ദ്ധസൈനിക സേന (സിഎപിഎഫ്), ജമ്മു കശ്മീര്‍ സായുധ പൊലീസ്, ജെകെ പൊലീസ് എന്നിവയ്ക്കാണ് തിരഞ്ഞെടുപ്പിലെ സുരക്ഷാ ചുമതല. തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവും ഭയരഹിതവുമായ അന്തരീക്ഷത്തില്‍ നടക്കുന്നത് ഉറപ്പാക്കാന്‍ ജമ്മു കശ്മീര്‍ പൊലീസ് കൃത്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഐജിപി പറഞ്ഞു.
പരമാവധി ആളുകള്‍ക്ക് അവരുടെ വോട്ടവകാശം വിനിയോഗിക്കാനും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാനും കഴിയണം എന്നതിനാണ് ശ്രദ്ധ കൊടുക്കുന്നത് എന്നും ജനങ്ങള്‍ വന്‍തോതില്‍ വോട്ട് ചെയ്യാന്‍ എത്തുന്നതിന് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications