'പാകിസ്ഥാനുമായി ചര്‍ച്ചയില്ല'; കശ്മീരില്‍ തെരഞ്ഞെടുപ്പ് ഉടനെന്ന് അമിത് ഷാ
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. തീവ്രവാദം നടത്തുന്ന പാകിസ്ഥാനുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്കില്ല എന്നു എന്നാല്‍ കശ്മീരിലെ യുവാക്കളോടാണ് തങ്ങള്‍ സംസാരിക്കുക എന്നും അദ്ദേഹം പറഞ്ഞു.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ബി ജെ പി ശ്രമിച്ചപ്പോള്‍ അബ്ദുള്ളമാരും മുഫ്തി കുടുംബങ്ങളും കശ്മീരില്‍ തീവ്രവാദത്തെയും വിഘടനവാദത്തെയും പിന്തുണച്ചു എന്നും അമിത് ഷാ ആരോപിച്ചു. അവര്‍ എന്നോട് പാകിസ്ഥാനുമായി സംസാരിക്കാന്‍ പറയുന്നു, പക്ഷേ അതിന് ഞാനില്ല, ഞാന്‍ കശ്മീരിലെ യുവാക്കളോടും ഗുജ്ജര്‍-ബക്കര്‍വാള്‍, പഹാരി ജനങ്ങളോടും സംസാരിക്കും, എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

കശ്മീരില്‍ ആരെങ്കിലും കൊല്ലപ്പെടുമ്പോള്‍ തനിക്ക് വേദനയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഒരു മകന്റെ ശവപ്പെട്ടി ചുമലിലേറ്റുക എന്നതാണ് ഏറ്റവും വലിയ ഭാരം. ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ മകന്‍ കശ്മീരില്‍ കൊല്ലപ്പെട്ടോ എന്നും ഗുപ്കര്‍ മോഡല്‍ പ്രചരിപ്പിക്കുന്ന തീവ്രവാദവും വിഘടനവാദവും കേന്ദ്ര സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ല എന്നും അമിത് ഷാ വ്യക്തമാക്കി.

വോട്ടര്‍ പട്ടിക തയ്യാറാക്കുന്ന ജോലികള്‍ പൂര്‍ത്തിയായാലുടന്‍ പൂര്‍ണ്ണ സുതാര്യതയോടെ കശ്മീരില്‍ വോട്ടെടുപ്പ് നടത്തും. നേരത്തെ തീവ്രവാദികളുടെ കേന്ദ്രമായിരുന്ന ഇവിടം ഇപ്പോള്‍ വിനോദസഞ്ചാര കേന്ദ്രമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലെ വിനോദസഞ്ചാരം നിരവധി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കി എന്നും അമിത് ഷാ പറഞ്ഞു.

തീവ്രവാദം കാരണം ജമ്മു കശ്മീരില്‍ 42,000 ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഇപ്പോള്‍ താഴ്‌വാരയിലെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെട്ടു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാനോ സുരക്ഷ സേനക്ക് നേരെ കല്ലെറിയാനോ ആരും ഇപ്പോള്‍ ധൈര്യപ്പെടുന്നില്ല എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

തീവ്രവാദവും അഴിമതിയും ഇല്ലാതാക്കി എല്ലാ മേഖലകളിലും വികസനം കൊണ്ടുവരാനും ജമ്മു കശ്മീരിനെ ഒന്നാമതെത്തിക്കാനുമാണ് മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതോടെ വലിയ മാറ്റങ്ങളുണ്ടായി. 2019ന് ശേഷം 56,000 കോടി രൂപയുടെ നിക്ഷേപം ജമ്മു കശ്മീരിലേക്ക് എത്തിയിട്ടുണ്ടെന്നും അമിത് ഷാ അവകാശപ്പെട്ടു.












Click it and Unblock the Notifications