അറ്റകൈ പ്രയോഗവുമായി കോണ്‍ഗ്രസ്; ആസാദിനെ മുന്നില്‍ നിര്‍ത്തും, മുഖ്യമന്ത്രി സ്ഥാനാര്‍ഥി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ചോദ്യം ചെയ്ത ജി23 ഗ്രൂപ്പില്‍ അംഗമായ ഗുലാം നബി ആസാദിന് പുതിയ ചുമതല നല്‍കുന്നു. സ്വദേശമായ കശ്മീരില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആസാദിനെ മുന്നില്‍ നിര്‍ത്താനാണ് കോണ്‍ഗ്രസ് ആലോചന. നിയമസഭാ തിരഞ്ഞെടുപ്പ് ആസാദിന്റെ നേതൃത്വത്തിലാകും കോണ്‍ഗ്രസ് നേരിടുക. മാത്രമല്ല, സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് എജി മിറിനെ മാറ്റി ഗുലാം നബി ആസാദിനെ നിയോഗിക്കാനും കോണ്‍ഗ്രസിന് പദ്ധതിയുണ്ട്. കശ്മീരിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിരന്തരമായ അഭ്യര്‍ഥന പരിഗണിച്ചാണ് ഹൈക്കമാന്റ് പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നത്. ഈ വര്‍ഷമാണ് ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ്. പ്രാദേശിക പാര്‍ട്ടികളെ മറികടന്ന് കോണ്‍ഗ്രസിന് കുതിക്കണമെങ്കില്‍ ആസാദ് തിരിച്ചെത്തണമെന്നാണ് കശ്മീരിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.

2019ലാണ് കശ്മീരിന്റെ സംസ്ഥാന പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. ജമ്മു-കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയാണ് പിന്നീട് ചെയ്തത്. ഇതില്‍ ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശമാണ്. കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍ന്നോട്ടത്തിലാകും ലഡാക്ക്. എന്നാല്‍ ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാകും. ഡല്‍ഹി മോഡല്‍ ഭരണമാകും ഇവിടെ.
ലഫ്. ഗവര്‍ണര്‍ കേന്ദ്ര പ്രതിനിധിയായി കശ്മീരിലുണ്ടാകും. നിലവില്‍ ലഫ്. ഗവര്‍ണറാണ് കശ്മീരില്‍ ഭരണം നടത്തുന്നത്. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് അറിയിച്ചിരുന്നത്. ഇതുപ്രകാരം ഈ വര്‍ഷം അവസാനത്തില്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കശ്മീര്‍.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും ഗുലാം നബി ആസാദിനെ നിയമിച്ചുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയോ സോണിയ ഗാന്ധിയോ ആകും പ്രഖ്യാപനം നടത്തുക. കശ്മീര്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാണ്. വിവിധ നേതാക്കള്‍ക്ക് കീഴിലായി അണികള്‍ ചേരിതിരിഞ്ഞ് നില്‍ക്കുകയാണ്. ആസാദ് കശ്മീര്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയാല്‍ ഭിന്നതകള്‍ മറന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതു സംബന്ധിച്ച് പഠനം നടത്തിയ ശേഷമാണ് ഹൈക്കമാന്റ് പുതിയ തീരുമാനം എടുത്തിരിക്കുന്നതത്രെ. പ്രഖ്യാപനം ദിവസങ്ങള്‍ക്കകമുണ്ടാകുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. കശ്മീരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത ഒരു യോഗം അടുത്തിടെ ഡല്‍ഹിയില്‍ നടന്നിരുന്നു. ആസാദ് കൂടി പങ്കെടുത്ത ഈ യോഗത്തിലാണ് പുതിയ ധാരണകള്‍ ഉണ്ടാക്കിയത്. കശ്മീരില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ഈ പ്രതിസന്ധിയില്‍ നിന്ന് തിരിച്ചുവരാനുള്ള അവസാന പ്രയോഗമായിട്ടാണ് ആസാദിനെ മുന്നില്‍ നിര്‍ത്തുന്നത്.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ യോഗ്യന്‍ ആര് എന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒരേ ഉത്തരമാണ്. ആസാദ് അല്ലാതെ മറ്റൊരു നേതാവ് ഈ സ്ഥാനത്തേക്ക് ഇല്ല. കശ്മീരില്‍ നിന്നുള്ള പ്രമുഖനായ നേതാവാണ് ആസാദ്. എല്ലാ വിഭാഗവും ഒരുപോലെ അംഗീകരിക്കുന്ന വ്യക്തിയുമാണ്- കശ്മീരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജിഎം സരൂരിയും ഗുലാം നബി മോംഗയും പറഞ്ഞു.












Click it and Unblock the Notifications