ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ്; രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പുറത്തുവിട്ട് കോണ്‍ഗ്രസ്. ആറ് പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. സംസ്ഥാന അധ്യക്ഷന്‍ താരിഖ് ഹമീദ് കര സെന്‍ട്രല്‍ ഷാല്‍ട്ടെങില്‍ നിന്ന് മത്സരിക്കും. കോണ്‍ഗ്രസിന്റെ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്.
നാഷണല്‍ കോണ്‍ഫറന്‍സുമായി കോണ്‍ഗ്രസിന് സഖ്യവുമുണ്ട്. റിയാസിയില്‍ നിന്ന് മുംതാസ് ഖാന്‍ മത്സരിക്കും. മാതാ വൈഷ്‌ണോ ദേവിയില്‍ നിന്ന് ഭൂപേന്ദര്‍ ജമാലും, രജൗരിയില്‍ നിന്ന് ഇഫ്തിക്കര്‍ അഹമ്മദും, തന്നാനമണ്ഡിയില്‍ നിന്ന് ഷാബിര്‍ അഹമ്മദ് ഖാനും സുരാന്‍കോട്ടില്‍ നിന്ന് മുഹമ്മദ് ഷാനവാസ് ചൗധരിയും മത്സരിക്കും.

ജമ്മു കശ്മീരിലെ രണ്ടാം ഘട്ട പോളിംഗില്‍ വരുന്നതാണ് ഈ മണ്ഡലങ്ങള്‍. ഇതുവരെ 15 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍, സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ, മുതിര്‍ന്ന നേതാവായ സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ പങ്കെടുത്തു.
നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും തമ്മില്‍ നേരത്തെ സീറ്റ് ധാരണ നിലവില്‍ വന്നിരുന്നു. എന്‍സി 51 സീറ്റിലും കോണ്‍ഗ്രസ് 32 സീറ്റിലും മത്സരിക്കും. ഓരോ സീറ്റ് വീതം സിപിഎമ്മിനും ജമ്മു കശ്മീര്‍ നാഷണല്‍ പാന്തേഴ്‌സ് പാര്‍ട്ടിക്കും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച്ചയാണ് കോണ്‍ഗ്രസ് അവരുടെ ആദ്യ പട്ടിക പുറത്തുവിട്ടത്. ഒന്‍പത് പേരായിരുന്നു പട്ടികയിലുണ്ടായിരുന്നത്. മുന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍ ധൂരുവില്‍ നിന്നും മുന്‍ സംസ്ഥാന അധ്യക്ഷന്‍ വികാര്‍ റസൂല്‍ വാനി ബാനിഹാളില്‍ നിന്നും മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു.
ത്രാല്‍ സീറ്റില്‍ നിന്ന് സുരീന്ദര്‍ സിംഗ് ചന്നിയും മത്സരിക്കുമെന്ന് അറിയിച്ചിരുന്നു. മൂന്ന് ഘട്ടമായിട്ടാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റംബര്‍ 18നാണ് ആദ്യ ഘട്ടം. 25ന് രണ്ടാം ഘട്ടവും ഒക്ടോബര്‍ ഒന്നിന് അവസാന ഘട്ടവും നടക്കും. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്തും?
കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ജമ്മു കശ്മീരില്‍ എത്തിയേക്കും. സെപ്റ്റംബര്‍ നാലിനാണ് അദ്ദേഹം സംസ്ഥാനം സന്ദര്‍ശിക്കുക. ധൂരു മണ്ഡലത്തില്‍ അദ്ദേഹം പ്രചാരണം നടത്തിയേക്കും. പൊതുജനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസ്-എന്‍സി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 88.06 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്.












Click it and Unblock the Notifications