തെലങ്കാനയില്‍ ജനസേനയും ബിജെപിയും സഖ്യത്തില്‍: പക്ഷെ ആന്ധ്രയില്‍ പവന്‍ കല്യാണിന്റെ തന്ത്രം പാളി
ഹൈദരാബാദ്: തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിനായി കൈകോർത്ത് നടന്‍ പവന്‍ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടിയും ബി ജെ പിയും. ഇരു പാർട്ടികളും നിയമസഭാ തിരഞ്ഞെടുപ്പിനായി ധാരണയിലെത്തിയതായി ബി ജെ പി എംപി കെ ലക്ഷ്മൺ അറിയിച്ചു. ഇരു പാർട്ടികളും തമ്മിലുള്ള സീറ്റ് വിഭജനത്തിന്റെ വിശദാംശങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്മണും സംസ്ഥാന ബിജെപി അധ്യക്ഷൻ ജി കിഷൻ റെഡ്ഡിയും പവന്‍ കല്യാണ്‍, മറ്റൊരു ജനസേനാ നേതാവ് നദെന്ദ്ല മനോഹർ എന്നിവരുമായി ശനിയാഴ്ച ചർച്ച നടത്തിയതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. "ഞങ്ങൾ ഒരുമിച്ച് സംസ്ഥാനത്ത് മത്സരിക്കും. രണ്ട് പാർട്ടികളുടെയും ലക്ഷ്യവും അഭിലാഷവും നരേന്ദ്ര മോദിജി വീണ്ടും പ്രധാനമന്ത്രിയാകുന്നത് കാണുകയാണ്," ലക്ഷ്മൺ ഹൈദരാബാദില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പാർലമെന്റ് തിരഞ്ഞെടുപ്പിലും തന്റെ പാർട്ടി മോദിയുടെ നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുമെന്ന് പവന്‍ കല്യാണ്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, തെലങ്കാനയിലെ 32 സീറ്റുകളിൽ മത്സരിക്കാൻ തന്റെ പാർട്ടി ആലോചിക്കുന്നതായി കല്യാണിനെ ഉദ്ധരിച്ച് ജനസേന ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.എന്നാൽ, എൻ ഡി എയിലെ സഖ്യകക്ഷിയെന്ന നിലയിൽ ജനസേന ബി ജെ പിയുമായി ചർച്ച നടത്തിയെന്നും ജനസേന മത്സരിക്കുന്ന സീറ്റുകളെക്കുറിച്ച് പുനരാലോചന നടത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം, ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ടി ഡി പിയുമായി ഒരുമിച്ച് മത്സരിക്കാനും ജനസേന തീരുമാനിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ജൂബിലി ഹിൽസിലെ വസതിയിൽ വെച്ച് കഴിഞ്ഞ ദിവസം ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് നേതാക്കളും സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് രണ്ടര മണിക്കൂറോളം സംസാരിച്ചു.
കൂടിക്കാഴ്ചയില്‍ തെലങ്കാനയിലെ ബിജെപി - ജനസേന സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കാൻ ചന്ദ്രബാബു നായിഡുവിനോട് പവൻ കല്യാണ്‍ അഭ്യർത്ഥിച്ചതായി റിപ്പോർട്ടുണ്ട്. ഇത്തവണ തെലങ്കാന നിയമസഭയില്‍ ടി ഡി പി മത്സരിക്കാത്ത സാഹചര്യത്തിലാണ് ജനസേന ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ ഈ ആവശ്യം ചന്ദ്രബാബു നായിഡു നിരാകരിച്ചു.
'ജഗൻ മോഹൻ റെഡ്ഡിക്കെതിരായ പോരാട്ടത്തിലേക്ക് ബിജെപിയെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്തിട്ടുണ്ട്. അവർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല, അവർ തിരശ്ശീലയ്ക്ക് പിന്നിൽ ജഗനെ സഹായിക്കുന്നു. ഈ ഘട്ടത്തിൽ, രണ്ട് ദേശീയ പാർട്ടികളുമായി തുല്യ അകലം പാലിക്കാൻ ഞങ്ങൾ തീരുമാനിച്ചു, "ചന്ദ്രബാബു വ്യക്തമാക്കി.












Click it and Unblock the Notifications