ഡല്‍ഹിയില്‍ വയോധികന് ജപ്പാന്‍ ജ്വരം: രാജ്യതലസ്ഥാനത്ത് രോഗബാധ സ്ഥിരീകരിക്കുന്നത് 13 വർഷത്തിന് ശേഷം
ഡല്‍ഹി: ഡല്‍ഹിയില്‍ വയോധികന് ജപ്പാനീസ് മസ്തിഷ്ക ജ്വരം (ജപ്പാന്‍ ജ്വരം) റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ ഡൽഹിയിലെ ഉത്തം നഗറിൽ നിന്നുള്ള 72 വയസുകാരനാണ് രോഗം ബാധിച്ചത്. 13 വർഷത്തിനിടെ ഇത് ആദ്യമായാണ് രാജ്യതലസ്ഥാനത്ത് ജപ്പാന്‍ ജ്വരം റിപ്പോർട്ട് ചെയ്യുന്നത്. ആരും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും രോഗിയെ ഐസൊലേറ്റ് ചെയ്തതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. രോഗബാധ നഗരത്തില്‍ പടർന്നിട്ടില്ല. ഒരു കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ രേഖപ്പെടുത്തിയിരിക്കുന്ന ജപ്പാന്‍ ജ്വരം കേസുകളിൽ ഭൂരിഭാഗവും അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നതെന്നും ആരോഗ്യ വകുപ്പ് ഉദ്യോസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് നവംബര്‍ മൂന്നിനാണ് 72 -ാരനെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിക്കുന്നത്. തുടർന്ന് നടത്തിയ വിശദ പരിശോധനയില്‍ ജപ്പാന്‍ ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. 2011ല്‍ ഡല്‍ഹിയില്‍ 14 പേര്‍ക്ക് ഈ വൈറസ് ബാധയുണ്ടായിരുന്നു. അതിന് ശേഷം ഇപ്പോഴാണ് പുതിയ കേസ് സ്ഥിരീകരിക്കുന്നത്.

എന്താണ് ജപ്പാന്‍ ജ്വരം
1871 ൽ ആദ്യമായി ജപ്പാനിൽ റിപ്പോർട്ട് ചെയ്തതിനാലാണ് ഈ രോഗത്തിന് ജപ്പാന്‍ ജ്വരമെന്ന പേര് വന്നത്. 1956-ൽ ഇന്ത്യയിൽ ആദ്യമായി (തമിഴ്നാട്ടിൽ) രോഗം റിപ്പോർട്ട് ചെയ്തു.ക്യൂലക്സ് വിഭാഗത്തിൽ പെടുന്ന കൊതുകുകളാണ് ജപ്പാൻ ജ്വരം പരത്തുന്നത്. പന്നികൾ, ദേശാടന പക്ഷികൾ എന്നിവയുടെ രക്തം കുടിക്കുന്ന ഇത്തരം കൊതുകുകൾ യാദൃച്ഛികമായി മനുഷ്യരെ കടിക്കുമ്പോഴാണ് മനുഷ്യരിൽ ജപ്പാൻ ജ്വരം ഉണ്ടാകുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ജപ്പാൻ ജ്വരം പകരില്ല.രോഗ വ്യാപനം തടയുന്നതിനായി കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കുകയും കൊതുകുകടി ഏൽക്കാതിരിക്കാനായി കൊതുകുവലകൾ, ലേപനങ്ങൾ, കൊതുകുതിരികൾ, ശരീരം മൂടുന്ന നീളൻ വസ്ത്രങ്ങൾ എന്നിവയും ഉപയോഗിക്കുക.
പനിയും തലവേദനയുമാണ് ജപ്പാൻ ജ്വരത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. ചിലരിൽ ഛർദ്ധി, വിറയൽ എന്നിവയും ഉണ്ടാകും.രോഗ തീവ്രതക്കനുസരിച്ച് ശക്തമായ തലവേദന, തളർച്ച, അപസ്മാരം, ബോധക്ഷയം, കൈകാൽ തളർച്ച, കീഴ്താടിയിൽ മരവിപ്പ്, കാഴ്ച മങ്ങൽ എന്നിവയും പ്രകടമാകും. രോഗം മൂർച്ഛിച്ചാൽ മരണസാധ്യത കൂടുതലുള്ള രോഗമായതിനാൽ ലക്ഷണങ്ങൾ ശ്രദ്ധിച്ച് ഉടൻ ചികിത്സ തേടണം. ഗുരുതരാവസ്ഥയിൽ നിന്ന് രക്ഷപ്പെടുന്നവരിൽ മാനസിക - വൈകാരിക അസ്വാസ്ഥ്യങ്ങൾ, വ്യക്തിത്വ സ്വഭാവ മാറ്റങ്ങൾ, പക്ഷാഘാതം എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് സർക്കാർ പുറത്തിറക്കിയ ജാഗ്രതാ നിർദേശത്തിൽ പറയുന്നു.












Click it and Unblock the Notifications