ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിൽ; മോദിയുമായി കൂടിക്കാഴ്ച ഉടൻ
ദില്ലി; ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തും. വൈകീട്ട് അഞ്ചിനാണ് കൂടിക്കാഴ്ച.

യുക്രൈൻ യുദ്ധം ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫുമിയോ കിഷിദയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണിതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യാനും ശക്തിപ്പെടുത്താനും ഒപ്പം സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുന്നതിനും കൂടിക്കാഴ്ച അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം കൂടിക്കാഴ്ചയെ കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു.
ഇന്നാണ് ഇന്ത്യ-ജപ്പാൻ 14-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി. 2018 ൽ ടോക്കിയോയിൽ വെച്ചാണ് അവസാനമായി ഉച്ചകോടി നടന്നത്.
2019 ഡിസംബറിൽ ഗുവാഹത്തിയിൽ പ്രധാനമന്ത്രി മോദിയും അന്നത്തെ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയും തമ്മിലുള്ള വാർഷിക ഉച്ചകോടി റദ്ദാക്കിയിരുന്നു. പൗരത്വ പ്രതിഷേധത്തിന്റ പശ്ചാത്തലത്തിലായിരുന്നു നടപടി.












Click it and Unblock the Notifications