10,500 സാരി, 750 ജോഡി ചെരുപ്പുകള്‍;തലൈവിയുടെ സമ്പാദ്യം മ്യൂസിയത്തിന്!!!
10,500 സാരികള്‍, 750 ജോഡി ചെരുപ്പുകള്‍, 500 വൈന്‍ ഗ്ലാസ് എന്നിവയാണ് കര്‍ണ്ണാടക കോടതിയുടെ പക്കലുള്ളത്
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസ് ജയലളിതയ്‌ക്കൊപ്പം അവസാനിച്ചെങ്കിലും കോടതി പിടിച്ചെടുത്ത സമ്പാദ്യങ്ങള്‍ സംബന്ധിച്ച ആശങ്ക തുടരുകയാണ്. 10,500 സാരികള്‍, 750 ജോഡി ചെരുപ്പുകള്‍, 500 വൈന്‍ ഗ്ലാസ് എന്നിവയാണ് കര്‍ണ്ണാടക കോടതിയുടെ കസ്റ്റഡിയിലുള്ളത്.
1996ല്‍ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത സമ്പാദ്യങ്ങള്‍ നിലവില്‍ കര്‍ണ്ണാടക പൊലീസിന്റെ സുരക്ഷയില്‍ സിറ്റി സിവില്‍ കോടതിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. സുപ്രീം കോടതി ഉത്തരവ് പുറത്തുവരുന്നതോടെ മാത്രമേ ഇത് സംബന്ധിച്ച അന്തിമ തീരുമാനം പുറത്തുവരൂ.

മ്യൂസിയത്തിന് വിട്ടുനല്‍കുമോ!!
ജയലളിത മരിച്ചതോടെ കോടതിയുടെ കസ്റ്റഡിയിലുള്ള സമ്പാദ്യങ്ങള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവിടുമെന്നാണ് ഉന്നത എഐഎഡിഎംകെ നേതാക്കള്‍ കരുതുന്നത്. ജയലളിതയുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിക്കുന്ന മ്യൂസിയത്തില്‍ ഇവ പ്രദര്‍ശിപ്പിക്കാമെന്നാണ് പാര്‍ട്ടി കരുതുന്നത്.

കേസ് നിലനില്‍ക്കുമോ
കേസില്‍ 2017ല്‍ കോടതി വിധി പ്രസ്താവിക്കുമെന്നാണ് കരുതുന്നത്. കേസില്‍ ഒന്നിലധികം കുറ്റാരോപിതര്‍ ഉണ്ടെങ്കില്‍ വിചാരണ തുടരുമെന്ന് കര്‍ണ്ണാടകയ്ക്ക് വേണ്ടി ഹാജരാകുന്ന സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബിവി ആചാര്യ പറഞ്ഞു. എന്നാല്‍ ജയലളിത മരിച്ച സാഹചര്യത്തില്‍ ഇത് കാണിച്ച് സുപ്രീം കോടതിയ്ക്ക് മെമോ അയയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സമ്പാദ്യം തമിഴ്‌നാടിന്
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയലളിത കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ പിടിച്ചെടുത്ത സമ്പാദ്യം ജപ്തി ചെയ്ത് തമിഴ്‌നാട് സര്‍ക്കാരിന് കൈമാറും. കേസില്‍ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയാല്‍ സമ്പാദ്യം തമിഴ്‌നാട്ടിലെ അവകാശികള്‍ക്ക് കൈമാറുമെന്ന് കര്‍ണാടക അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ എഎസ് പൊന്നണ്ണ വ്യക്തമാക്കി.

കര്‍ണ്ണാടക പൊലീസിന്റെ സുരക്ഷ
1996ല്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ജയലളിതയുടെ സ്വത്തുകള്‍ കര്‍ണ്ണാകട പൊലീസിന്റെ സംരക്ഷണയില്‍ രണ്ടിടങ്ങളിലായി സൂക്ഷിച്ചിരിക്കുകയാണ്. 10, 500 സാരികള്‍, 750 ജോഡി ചെരുപ്പുകള്‍, 500 വൈന്‍ ഗ്ലാസുകള്‍ എന്നിവ സിറ്റി സിവില്‍ കോടതിയുടെ ഒന്നാം നിലയിലാണ് സൂക്ഷിച്ചിട്ടുള്ളത്. വിവിധ ഷിഫ്റ്റുകളിലായി നാല് പൊലീസ് ഉദ്യോഗസ്ഥാരാണ് ഇവയ്ക്ക് സുരക്ഷയൊരുക്കുന്നത്.

കര്‍ണ്ണാടകയ്ക്ക് കൈമാറി
അനധികൃത സ്വത്തുസമ്പാദനക്കേസ് തമിഴ്‌നാട്ടില്‍ നിന്ന് കര്‍ണാടകയിലേക്ക് മാറ്റിയതോടെ 2002ലാണ്് ആദായ നികുതി വകുപ്പ് ഈ സ്വത്തുക്കള്‍ കര്‍ണ്ണാടയ്ക്ക് കൈമാറിയത്.

സ്വര്‍ണ്ണവും പണവും
ജയലളിതയില്‍ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത 21. 28 കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍, 3.5 കോടി രൂപ, 3.12 കോടിയുടെ വെള്ളി ഉല്‍പ്പന്നങ്ങള്‍, 2 കോടിയുടെ വജ്രാഭരണങ്ങള്‍, വെള്ളിയില്‍ നിര്‍മിച്ച വാള്‍ എന്നിവ ട്രഷറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ സുപ്രീം കോടതിയുടെ ഉത്തരവ് വന്ന ശേഷം മാത്രമായിരിക്കും സ്വത്തുക്കളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് എഎസ് പൊന്നണ്ണ പറഞ്ഞു.

സുബ്രഹ്മണ്യ സ്വാമിയുടെ പരാതി
അനധികൃത സ്വത്തു സമ്പാദനക്കേസിന്റെ വിചാരണ തമിഴ്‌നാട്ടില്‍ നടന്നാല്‍ സത്യസന്ധ്യമാകില്ലെന്ന് ഭയന്ന ബിജെപി നേതാവാണ് കേസ് കര്‍ണ്ണാടകയിലെ കോടതിയിലേക്ക് മാറ്റാന്‍ പരാതി നല്‍കിയത്. 1996ല്‍ ഡിഎംകെ തമിഴ്‌നാട്ടില്‍ അധികാരത്തിലിരിക്കെയായിരുന്നു സംഭവം.

2014ല്‍ തടവിലാക്കി
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയലളിതയുടെ കേസ് പരിഗണിച്ച കര്‍ണ്ണാടകയിലെ പ്രത്യേക കോടതി 2014ല്‍ മറ്റ് കുറ്റാരോപിതര്‍ക്കൊപ്പം ജയിലിലടച്ചു. വിചാരണ കോടതിയുടെ ഉത്തരവ് കര്‍ണ്ണാടക ഹൈക്കോടതി 2015 മേയില്‍ റദ്ദാക്കി. തുടര്‍ന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീം കോടതയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഈ അപ്പീലിന്മേലുള്ള വിധിയാണ് വരാനുള്ളത്.












Click it and Unblock the Notifications