ചെന്നൈയില്‍ നിന്നുള്ള ജെഎംബി പ്രവര്‍ത്തകനെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു
കൊല്‍ക്കത്ത: തീവ്രവാദ സംഘടനയായ ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) ഓപ്പറേറ്ററെ ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്ത പോലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ പൂര്‍ബ ബര്‍ദ്വാന്‍ ജില്ലയില്‍ താമസിക്കുന്ന മുപ്പത്തിയഞ്ചുകാരനായ അസദുല്ല ഷെയ്ക്ക് എന്ന രാജയെ ചെന്നൈയിലെ നിലങ്കറായി പ്രദേശത്തെ ഒളിത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. രാജ ചെന്നൈയില്‍ ഒളിച്ചിരിക്കുകയാണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി നിലങ്കറായി പ്രദേശത്ത് നിന്ന് ഇയാളെ പിടികൂടുന്നത്. അവിടെ വാടക വീട്ടില്‍ താമസിച്ചിരുന്ന രാജ ജെഎംബിയുടെ സജീവ അംഗമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇയാളുടെ പക്കല്‍ നിന്ന് നിരവധി രേഖകളും ഒരു മൊബൈല്‍ ഫോണും പിടിച്ചെടുത്തു. രാജക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ നിരവധി വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ട്രാന്‍സിറ്റ് റിമാന്‍ഡിനായി ചെന്നൈയിലെ അലന്ദൂരിലെ കോടതിയില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജയുള്‍പ്പെടെ അഞ്ച് ജെഎംബി അംഗങ്ങളെ ആഗസ്റ്റ് അവസാന വാരം മുതല്‍ കൊല്‍ക്കത്ത പോലീസ് എസ്ടിഎഫ് അറസ്റ്റ് ചെയ്തു.

2018 ലെ ബോധ ഗയ സ്ഫോടനത്തില്‍ ഉള്‍പ്പെട്ട ജെഎംബിയുടെ ഉന്നത പ്രവര്‍ത്തകനെ കഴിഞ്ഞയാഴ്ച ബീഹാറില്‍ നിന്ന് കൊല്‍ക്കത്ത പോലീസിന്റെ എസ്ടിഎഫ് അറസ്റ്റ് ചെയ്തിരുന്നു. 2016 ല്‍ ധാക്ക കഫേയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് ഉത്തരവാദിയായ ബംഗ്ലാദേശ് ആസ്ഥാനമായുള്ള ജെഎംബിയെ കേന്ദ്രം ഈ വര്‍ഷം മെയ് മാസത്തില്‍ നിരോധിത ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ഈ ആക്രമണത്തില്‍ 17 വിദേശികള്‍ ഉള്‍പ്പെടെ 22 പേരുടെ ജീവനാണ് നഷ്ടമായത്.












Click it and Unblock the Notifications