ജാര്‍ഖണ്ഡില്‍ ബിജെപി തിരിച്ചു കയറുന്നു: പ്രാദേശിക കക്ഷികളുമായി വിലപേശല്‍ തുടങ്ങി ബിജെപി
റാഞ്ചി: ജാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസ്-ജെഎംഎം മഹാസഖ്യവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. തുടക്കത്തില്‍ മഹാസഖ്യം വലിയ മുന്നേറ്റം നടത്തിയിരുന്നെങ്കിലും ബിജെപി ഇപ്പോള്‍ നില മെച്ചപ്പെടുത്തുകയാണെന്നാണ് അവസാന ഫലങ്ങള്‍ നല്‍കുന്ന സൂചന. മഹാസഖ്യം 37 സീറ്റുകളില്‍ മുന്നേറുമ്പോള്‍ ബിജെപി തനിച്ച് 34 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമോയെന്ന ആകാംഷയാണ് ഉയരുന്നത്.

2014 ല്‍ 37 സീറ്റുകള്‍ നേടി ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. തുടര്‍ന്ന് 5 സീറ്റുകള്‍ നേടിയ എജെഎസ്യുവിന്റെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. ഇക്കുറി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയില്ലെങ്കിലും ചെറുപാര്‍ട്ടികളുടെ സഹായത്തോടെ സര്‍ക്കാരുണ്ടാക്കാം എന്ന കണക്ക് കൂട്ടലിലാണ് ബിജെപി. കേവല ഭൂരിപക്ഷത്തിന് 40 സീറ്റുകളാണ് വേണ്ടത്.
ഇതിനോടകം തന്നെ ബിജെപി പ്രാദേശിക കക്ഷികളുമായി ചര്‍ച്ച തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ജെവിഎമ്മിന്റെ ബാബുലാല്‍ മറാണ്ടിയുമായി ബിജെപി നേതൃത്വം ചര്‍ച്ച പൂര്‍ത്തിയാക്കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം എജെഎസ്യുവിന്റെ സ്വദേശ് മഹാതോയുമായി ബന്ധപ്പെടാന്‍ ഭുപേന്ദ്ര യാഥവിനെ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് സാധിച്ചാല്‍ സ്വതന്ത്രരെ ഒപ്പം കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കാനും ബിജെപിക്ക് സാധിച്ചേക്കും. അങ്ങനെയാണെങ്കില്‍ ജെവിഎമ്മിനും എജെഎസ്യുവിനും വിലപേശലിനുള്ള സാധ്യത മങ്ങിയേക്കും.












Click it and Unblock the Notifications