ജാർഖണ്ഡ് പിടിക്കുമെന്നുറപ്പിച്ച് ബിജെപി: ഇത്തവണ വിട്ടുവീഴ്ചയുടെ തന്ത്രം, സീറ്റ് വിഭജനം ഇങ്ങനെ
റാഞ്ചി: 2019 ല്‍ കൈവിട്ട ജാർഖണ്ഡിലെ അധികാരം ഇത്തവണ എന്ത് വില കൊടുത്തും തിരിച്ച് പിടിക്കുമെന്ന വാശിയിലാണ് ബി ജെ പി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ സഖ്യകക്ഷികളുമായി സീറ്റ് വീതംവെപ്പിനെക്കുറിച്ചുള്ള ചർച്ചകള്‍ ബി ജെ പി ആരംഭിച്ചിരുന്നു. ഇപ്പോഴിതാ എന്‍ ഡി എയിലെ സീറ്റ് വിഭജനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്.
ആകെ 81 നിയമസഭ സീറ്റുകളുള്ള ജാർഖണ്ഡില്‍ 68 സീറ്റുകളിലായിരിക്കും ബി ജെ പി മത്സരിക്കുക. കഴിഞ്ഞ തവണ 79 സീറ്റില്‍ മത്സരിച്ച ബി ജെ പി ഇത്തവണ കൂടുതല്‍ സീറ്റുകള്‍ സഖ്യകക്ഷികള്‍ക്കായി വിട്ടുകൊടുക്കുകയായിരുന്നു. ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ്‌സ് യൂണിയൻ (എ ജെ എ സ് യു), ജനതാദൾ യുണൈറ്റഡ് (ജെ ഡി യു), ലോക് ജനശക്തി പാർട്ടി (രാംവിലാസ്) തുടങ്ങിയവരാണ് എന്‍ ഡി എയിലെ മറ്റ് പ്രമുഖ കക്ഷികള്‍.

റാഞ്ചിയിലെ ബി ജെ പി ആസ്ഥാനത്ത് നടന്ന അന്തിമ യോഗത്തിന് ശേഷം അസം മുഖ്യമന്ത്രിയും ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് ഇന്‍ചാർജുമായ ഹിമന്ത ബിശ്വ ശർമയാണ് സീറ്റ് വിഭജനം പ്രഖ്യാപിച്ചത്. എ ജെ എസ് യു പാർട്ടി പത്ത് സീറ്റുകളിലായിരിക്കും മത്സരിക്കുക. ജെ ഡി യു രണ്ട് സീറ്റിലും എൽ ജെ പി ഒരു സീറ്റിലും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എ ജെ എസ് യു നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഹിമന്ത ബിശ്വ ശർമയുടെ പ്രഖ്യാപനം.
എ ജെ എസ് യു മേധാവി സുധേഷ് മഹ്തോ, കേന്ദ്ര കൃഷിമന്ത്രി ശിവരാജ് ചൗഹാൻ, ജാർഖണ്ഡ് ബിജെപി അധ്യക്ഷൻ ബാബുലാൽ മറാണ്ടി തുടങ്ങിയവർക്ക് പുറമെ മറ്റ് പാർട്ടികളുടെ പ്രമുഖ നേതാക്കളും പ്രഖ്യാപനത്തില്‍ പങ്കെടുത്തു.
2019 ല്‍ 79 സീറ്റില്‍ തനിച്ച് മത്സരിച്ച ബി ജെ പി 25 സീറ്റില്‍ വിജയിച്ചപ്പോള്‍ 53 സീറ്റില്‍ മത്സരിച്ച എ ജെ എസ് യുവിന് രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു നേടാന്‍ സാധിച്ചത്. എ ജെ എസ് യുവും കഴിഞ്ഞ തവണ തനിച്ച് മത്സരിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ ഇരുപാർട്ടികളും ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിക്കുകയും ജെ ഡി യുവിനേയും എൽ ജെ പിയേയും സഖ്യത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു
സില്ലി, രാംഗഡ്, ഗോമിയ, ജുഗ്‌സലായ് (എസ് സി), ഇച്ചഗർ, ലോഹർദാഗ (എസ് ടി), പാക്കൂർ, മനോഹർപൂർ (എസ് ടി ), മണ്ടു, ദുമ്രി എന്നിവിടങ്ങളിലായിരിക്കും എ ജെ എസ് യു മത്സരിക്കുക. ജെ ഡി യു ജാംസെദ്പൂർ വെസ്റ്റിലും തമാറിലും (എസ് ടി) മത്സരിക്കുമ്പോൾ എൽ ജെ പി ഛത്ര സീറ്റിലുമായിരിക്കും (എസ്‌സി) മത്സരിക്കുക.












Click it and Unblock the Notifications