ജാർഖണ്ഡ് തിരഞ്ഞെടുപ്പ്; സീറ്റ് വിഭജനത്തിൽ ആർജെഡി മാത്രമല്ല ഇടത് പാർട്ടികളും അതൃപ്‌തർ, ആവശ്യം ഇങ്ങനെ
റാഞ്ചി: ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങുമ്പോൾ മുന്നണികൾ സ്ഥാനാർത്ഥി പ്രഖ്യാപനവും അവസാനവട്ട ചർച്ചകളും ഒക്കെയായി തിരക്കിലാണ്. ബിജെപി ഒരുപടി മുന്നിൽ കയറിക്കൊണ്ട് ജാർഖണ്ഡിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യ സഖ്യത്തിൽ സീറ്റ് വിഭജന ഫോർമുല അവതരിപ്പിച്ചതിന് പിന്നാലെ തന്നെ കക്ഷികൾ അതൃപ്‌തിയുമായി രംഗത്ത് വന്നുവെന്നതാണ് പ്രധാന കാര്യം.
കൂടുതൽ സീറ്റ് പ്രതീക്ഷിച്ചിരുന്ന ആർജെഡി കലാപക്കൊടി ഉയർത്തിയപ്പോൾ അതേപാത പിന്തുടരുകയാണ് ഇടത് പാർട്ടികളും. പൊതുവെ ഇന്ത്യ സഖ്യത്തിന് കീഴിൽ ഇടത് പാർട്ടികൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നതാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇടത് പാർട്ടികൾ ഇക്കാര്യം പരസ്യമായി ഉന്നയിക്കുകയും ചെയ്‌തിരുന്നു.

മഹാരാഷ്ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലായിരുന്നു ഈ അഭിപ്രായപ്രകടനം. എന്നാൽ അതിനെ സാധൂകരിക്കുന്നതാണ് ജാർഖണ്ഡിലെ സീറ്റ് വിഭജന ഫോർമുലയെന്നാണ് ഇപ്പോൾ പ്രധാനമായും ഇടത് പാർട്ടികൾ ആരോപിക്കുന്നത്. ജെഎംഎമ്മും കോൺഗ്രസും സംയുക്തമായി പ്രഖ്യാപിച്ച സീറ്റ് വിഭജന ഫോർമുലയിൽ കടുത്ത അതൃപ്‌തിയാണ് ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്നത്.
ഇടതുപാർട്ടികൾ ഇടയുമ്പോൾ
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സീറ്റ് വിഭജന ഫോർമുലയിൽ സംസ്ഥാനത്തെ പ്രധാനപ്പെട്ട ഇടത് പാർട്ടികളിൽ ഒന്നായ സിപിഐഎംഎൽ ഉൾപ്പെടെ കടുത്ത നിരാശയിലാണ്. നിലവിലെ ഫോർമുലയിൽ അവർ തൃപ്‌തരല്ലെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ ഫോർമുല അനുസരിച്ച് സംസ്ഥാനത്ത് മൂന്ന് സീറ്റുകൾ മാത്രമാവും പാർട്ടിക്ക് മത്സരിക്കാൻ കിട്ടുക.
കുറഞ്ഞത് അഞ്ച് സീറ്റെങ്കിലും വേണമെന്നതാണ് സിപിഐഎംഎല്ലിന്റെ ആവശ്യം. സംസ്ഥാനത്ത് വളരെയധികം സ്വാധീനമുള്ള ഇടത് കക്ഷിയാണ് സിപിഐഎംഎൽ എന്നതാണ് കോൺഗ്രസിനെയും ജെഎംഎമ്മിനെയും അലട്ടുന്ന കാര്യം. മറ്റൊരു ഇടത് പാർട്ടിയായ സിപിഐ ആവട്ടെ ഒരു ആവട്ടെ ഒരുപടി കൂടി കടന്നുള്ള പ്രതികരണമാണ് നടത്തിയത്.
ഇന്ത്യ സഖ്യത്തിലെ സീറ്റ് വിഭജന ചർച്ചകൾ ശരിയായ ദിശയിൽ ചെന്നെത്തിയില്ലെങ്കിൽ സംസ്ഥാനത്ത് പതിനഞ്ച് മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് അവരുടെ തീരുമാനം. പാർട്ടിയുടെ ഉന്നത നേതാക്കൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ സഖ്യത്തിനുള്ളിൽ ഐക്യം കൊണ്ട് വരേണ്ടത് അനിവാര്യമാണെന്ന് സിപിഐ നിലപാട് പറയുന്നു.
ഇന്ത്യ സഖ്യത്തിൽ ഭിന്നത മുറുകുമ്പോൾ
ആർജെഡി ആയാലും ഇടത് പാർട്ടികൾ ആയാലും സഖ്യത്തിൽ ഭിന്നതയുടെ സ്വരം ഉയർത്തിയതോടെ കോൺഗ്രസും ജെഎംഎമ്മും പ്രതിസന്ധിയിലാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഉൾപ്പെടെ അടുത്ത് വരുന്ന സാഹചര്യത്തിൽ അന്തിമ തീരുമാനം വൈകിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ഇത് മുതലെടുത്ത് കൊണ്ട് കൂടുതൽ സീറ്റുകൾ നേടിയെടുക്കുക എന്ന സമ്മർദ്ദ തന്ത്രമാണ് ആർജെഡിയും ഇടത് പാർട്ടികളും പയറ്റുന്നത്. ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം ഉൾക്കൊണ്ട് വേണം തീരുമാനങ്ങൾ കൈക്കൊള്ളാൻ എന്നാണ് ഇടത് പാർട്ടികൾ നൽകുന്ന മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ സഖ്യത്തെ കൂടുതൽ ബലപ്പെടുത്തി മാത്രമേ കോൺഗ്രസിനും ജെഎംഎമ്മിനും മുന്നോട്ട് പോവാൻ കഴിയൂ.












Click it and Unblock the Notifications