ഹരിയാണയിൽ ജെജെപിക്ക് തിരിച്ചടി; 24 മണിക്കൂറിനിടെ പാർട്ടി വിട്ടത് 4 എംഎൽഎമാർ
ഹരിയാണയിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ജെ ജെ പിക്ക് കനത്ത തിരിച്ചടി നൽകി നാല് എം എൽഎമാർ പാർട്ടി വിട്ടു. രാംകരൻ കാല, ദേവീന്ദർ ബബ്ലി, ഈശ്വർ സിംഗ്, അനൂപ് ധനക് എന്നിവരാണ് രാജിവെച്ചത്.
ബി ജെ പി-ജെ ജെ പിസഖ്യസർക്കാരിൽ മന്ത്രിയായിരുന്നു അനൂപ് ധനക്. ഇദ്ദേഹം ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. ഈശ്വർ സിങ്ങ്, രാംകരൺ കാല, ദേവേന്ദ്ര ബബ്ലി എന്നിവർ കോൺഗ്രസിൽ ചേരുമെന്നും അഭ്യൂഹമുണ്ട്. അതേസമയം രാജിവെച്ച നേതാക്കൾക്ക് നേരത്തേ തന്നെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് നോട്ടീസ് നൽകിയതാണ് ജെ ജെ പി ഓഫീസ് സെക്രട്ടറി രൺബീർ സിങ് അവകാശപ്പെട്ടു.

'2019 ലെ നിയമസഭ തിരഞ്ഞെടുപ്പ് മുൻപ് മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്നും ജെ ജെ പിയിൽ എത്തിയവരാണ് ഇപ്പോൾ പാർട്ടി വിട്ടത്. ഇവർക്കെതിരെ പാർട്ടി വിരുദ്ധ നടപടിക്ക് നോട്ടീസ് നൽകിയതാണ്', രൺബീർ സിങ് പറഞ്ഞു. അതേസമയം 10 എം എൽ എമാരായിരുന്നു ജെ ജെ പിക്ക് ഉണ്ടായിരുന്നത്. ഇതിൽ നാല് പേർ പാർട്ടി വിട്ടത് ജെ ജെ പിക്ക് വലിയ ആഘാതമാണ് നൽകിയിരിക്കുന്നത്.
ഒക്ടോബർ ഒന്നിനാണ് സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ഇത്തവണ സംസ്ഥാന ഭരണം തിരിച്ചുപിടിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ബി ജെ പി. കഴിഞ്ഞ 10 വർഷമായി ബി ജെ പിയാണ് സംസ്ഥാനത്ത് അധികാരത്തിൽ . 2014 ൽ ആകെയുള്ള 96 സീറ്റിൽ 48 നേടിയായിരുന്നു ബി ജെ പി ഭരണം പിടിച്ചത്. 2019 ൽ കൂറ്റൻ വിജയം ഉറപ്പിച്ചിറങ്ങിയ ബിജെപിക്ക് പക്ഷെ കാലിടറി. വെറും 40 സീറ്റ് മാത്രമായിരുന്നു ബി ജെ പിക്ക് നേടാൻ സാധിച്ചത്. ദുഷ്യന്ത് ചൗട്ടാലയുടെ ജെ ജെ പിക്ക് 10 സീറ്റും ലഭിച്ചു. കോൺഗ്രസ് 31 സീറ്റുകളായിരുന്നു നേടിയത്.
സഖ്യസര്‍ക്കാര്‍ രൂപീകരണത്തിന് ജെ ജെ പിയെ കോണ്‍ഗ്രസ് ചാക്കിടാന്‍ നോക്കിയെങ്കിലും അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദലിന്‍റെ ഇടപെടലിൽ ജെ ജെ പി ബി ജെ പിയുമായി കൈകോർക്കുകയും ഭരണത്തിലേറുകയും ചെയ്തു. എന്നാൽ ഭരണം അവസാന നാളുകളിലേക്ക് അടുത്തപ്പോൾ ബി ജെ പിയും ജെ ജെ പിയും തമ്മിൽ വലിയ തർക്കങ്ങളാണ് രൂപപ്പെട്ടത്. ഇരു പാർട്ടികൾക്കുമിടയിലുള്ള അസ്വാരസ്യങ്ങൾ മുതലെടുത്ത് ഭരണം പിടിക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.












Click it and Unblock the Notifications