വിസ്‌കിവാങ്ങാന്‍ പണമില്ല, 150രൂപയ്ക്ക് മകളെ വിറ്റു
ഭോപ്പാല്‍: മദ്യപിക്കാന്‍ പണമില്ലാതായ 40 കാരന്‍ 150 രൂപയ്ക്ക് സ്വന്തം മകളെ വിറ്റു. മധ്യപ്രദേശിലെ ദാതിയ ജില്ലയിലാണ് സംഭവം നടന്നത്. ദാതിയ ടൗണിലെ താമസക്കാരനായ മോഹന്‍ കേവാത്താണ് ഒരു കുപ്പി വിസ്‌കി വാങ്ങാന്‍ വേണ്ടി മകളെ വിറ്റത്.
പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മോഹന്‍ കേവാത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് മുമ്പും ഇയാള്‍ മദ്യപിക്കാനുള്ള പണത്തിന് വേണ്ടി മകളെ വിറ്റിട്ടുണ്ട് എന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ഏപ്രില്‍ 20 നായിരുന്നു സംഭവം.

നാലുവയസ്സുള്ള മകനെയും മകളെയും വീട്ടിലാക്കി പണിക്ക് പോയതായിരുന്നു മോഹന്‍ കേവാത്തിന്റെ ഭാര്യ പുഷ്പ. പണി കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ മകളെ വീട്ടില്‍ കാണാനില്ല. മകള്‍ എവിടെപ്പോയി എന്ന് അന്വേഷിച്ചെങ്കിലും അറിയില്ല എന്നായിരുന്നു മോഹന്റെ മറുപടി. ഏറെ നേരം തിരഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ പുഷ്പ അയല്‍വാസികളെ വിവരം അറിയിച്ചു.
ആള്‍ക്കാര്‍ കൂടി കളി കൈവിട്ടുപോകും എന്ന് തോന്നിയ മോഹന്‍ ഭാര്യയെ വിളിച്ച് മകളെ താന്‍ 150 രൂപയ്ക്ക് വിറ്റു എന്ന് പറയുകയായിരുന്നു. ക്ഷുഭിതരായ അയല്‍ക്കാര്‍ ഇയാളെ മര്‍ദ്ദിച്ച് അവശനാക്കി കോട്വാലി പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. മകളെയും കൂട്ടി വീട് വിട്ട ഇയാള്‍ മകളെ വിറ്റ ശേഷം ഒറ്റയ്ക്ക് വീട്ടില്‍ തിരിച്ചെത്തുകയായിരുന്നത്രെ. കുഞ്ഞിന് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് മേധാവി ഡി കെ ആര്യ പറഞ്ഞു.












Click it and Unblock the Notifications