ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റു; സുപ്രീം കോടതിയുടെ 50-ാമത്തെ ചീഫ് ജസ്റ്റിസ്
ദില്ലി: സുപ്രീംകോടതി ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് യുയു ലളിത് വിരമിച്ചതോടെയാണ് ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായത്. സുപ്രീം കോടതിയുടെ 50-ാമത്തെ ചീഫ് ജസ്റ്റായ ചന്ദ്രചൂഡിന് രണ്ട് വർഷത്തെ സേവന കാലയളവാണ് ഉള്ളത്.

സുപ്രീംകോടതിയുടെ 16--ാമത് ചീഫ് ജസ്‌റ്റിസായിരുന്ന വൈ വി ചന്ദ്രചൂഡിന്റെ മകനാണ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്.2013 മുതൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ചന്ദ്രചൂഡ് 2016 മെയ് 13 നായിരുന്നു സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്.
1959 നവംബർ 11 നാണ് ചന്ദ്രചൂഡിന്റെ ജനനം. മുംബൈയിലെ കോൺവെന്റ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ദില്ലി സെന്റ് സ്റ്റീഫൻസിൽ നിന്നും എകണോമിക്സിൽ ബിരുദം നേടിയ ചന്ദ്രചൂഡ് ദില്ലി സർവ്വകലാശയിൽ നിന്നും അമേരിക്കയിലെ ഹാർവേഡ് ലോ സ്കൂളിൽ നിന്നും നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ജുഡീഷ്യൽ സയൻസിൽ ഡോക്ടേറ്റും നേടിയിരുന്നു.
1998 ൽ മുംബൈ ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകനായി ഇരിക്കുമ്പോൾ തന്നെ അദ്ദേഹം എബി വാജ്പേയ് സർക്കാരിന്റെ കാലത്ത് അഡീഷ്ണൽ സോളിസിറ്റർ ജനറൽ ആയി നിയമിക്കപ്പെട്ടു. ഇതിനിടയിൽ മുംബൈ യൂനിവേഴ്സിറ്റിൽ വിസിറ്റിംഗ് പൊഫസറായും ചന്ദ്രചൂഡ് പ്രവർത്തിച്ചിട്ടുണ്ട്.
2013 ലാണ് അദ്ദേഹം അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയത്. 2016 ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ അദ്ദേഹം ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിരവധി നിർണായക വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.












Click it and Unblock the Notifications