'മതമല്ല കാരണം..'; സെന്റ് സ്റ്റീഫന്‍സ് കോളേജിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറി കെഎം ജോസഫും
ന്യൂദല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാലയുടെ പ്രവേശന മാനദണ്ഡങ്ങള്‍ക്കെതിരായ സെന്റ് സ്റ്റീഫന്‍സ് കോളേജിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജസ്റ്റിസ് കെ എം ജോസഫ് പിന്മാറി. കഴിഞ്ഞ ആഴ്ച കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും പിന്മാറിയിരുന്നു.

എന്‍ട്രന്‍സ് ടെസ്റ്റ് സ്‌കോര്‍ അടിസ്ഥാനത്തില്‍ ബിരുദ കോഴ്സുകളിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കണമെന്ന ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ പുതുക്കിയ പ്രവേശന നയം ഉണ്ടായിരുന്നിട്ടും ക്രിസ്ത്യാനികളല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റര്‍വ്യൂ നടത്താന്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജിന് അനുമതിയുണ്ടോ എന്ന കേസ് പരിഗണിക്കുന്നതില്‍ നിന്നാണ് കെ എം ജോസഫ് പിന്‍മാറിയത്.
അതേസമയം താന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറുന്നത് തന്റെ മതം കാരണം അല്ല എന്നും അഭിഭാഷകനെന്ന നിലയില്‍ താന്‍ സ്വീകരിച്ച മുന്‍നിലപാടുകള്‍ കേസിന് മുന്‍വിധിയാകുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് പിന്മാറ്റം എന്നും കെ എം ജോസഫ് വ്യക്തമാക്കി. സെന്റ് സ്റ്റീഫന്‍സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണെന്ന കാരണത്താലാണ് എസ് കെ കൗള്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്.
ഒരു വക്കീലെന്ന നിലയില്‍, താന്‍ പല ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും വേണ്ടി ഹാജരായിട്ടുണ്ട് എന്നും കെ എം ജോസഫ് പറഞ്ഞു. എന്നാല്‍ ഒരു ജഡ്ജി എന്ന സ്ഥാനത്തിരിക്കുമ്പോള്‍ ആ നിലപാടില്‍ വ്യത്യസ്തമായ കാഴ്ചപാടുകളുണ്ടാകാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇത് ഒരു തര്‍ക്കവിഷയമായിരിക്കില്ല എന്നും ജഡ്ജിക്ക് തീരുമാനിക്കാം എന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
ഇതോടെ പ്രസ്തുത ഹര്‍ജി താന്‍ ഭാഗമല്ലാത്ത ഒരു ബെഞ്ചിന്റെ മുമ്പാകെ ലിസ്റ്റ് ചെയ്യുക എന്ന് കെ എം ജോസഫ് നിര്‍ദേശിച്ചു. സുപ്രീം കോടതി ഹര്‍ജി കേള്‍ക്കുന്നത് വരെ ഡല്‍ഹി സര്‍വകലാശാല പ്രവേശന വിഷയത്തില്‍ മുന്‍കരുതല്‍ നടപടിയെടുക്കില്ലെന്ന് സോളിസിറ്റര്‍ ജനറലും നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. ബെഞ്ചിലെ അംഗം പിന്മാറിയതിനെ തുടര്‍ന്ന് ഇത് രണ്ടാം തവണയാണ് കേസ് മാറ്റിവെക്കുന്നത്.












Click it and Unblock the Notifications