ഒടുവില്‍ ടിആര്‍എസ്-ഐപാക് കരാറൊപ്പിട്ടു; പ്രശാന്ത് കിഷോറിന്റെ റോള്‍ എന്ത്?
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) പാര്‍ട്ടി രാഷ്ട്രീയ കണ്‍സള്‍ടന്റ് ഏജന്‍സിയായ ഐപാകുമായി കരാര്‍ ഒപ്പുവച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് സഹായിക്കാനാണ് കരാര്‍. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഏറെ കാലം നേതൃത്വം നല്‍കിയ സംഘമാണ് ഐപാക്. ഇപ്പോള്‍ അദ്ദേഹം സംഘത്തിന്റെ നേതൃത്വ തലത്തില്‍ ഇല്ലെങ്കിലും കിഷോറുമായി ചര്‍ച്ച ചെയ്തു മാത്രമേ ഐപാക് സുപ്രധാന തീരുമാനങ്ങള്‍ എടുക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ ഒപ്പുവയ്ക്കുന്നതിന് മുമ്പ് പ്രശാന്ത് കിഷോറും മുഖ്യമന്ത്രി കെസിആറും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോര്‍ ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ടിആര്‍എസും ഐപാകും തമ്മിലുള്ള കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.
ഏപ്രില്‍ 16ന് കോണ്‍ഗ്രസ് നേതൃത്വത്തെ കണ്ട് പ്രശാന്ത് കിഷോര്‍ തന്റെ രാഷ്ട്രീയ പദ്ധതി അവതരിപ്പിച്ചിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. കോണ്‍ഗ്രസ് 370 ലോക്‌സഭാ സീറ്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം, ബാക്കി സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് കൈമാറണം, രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തി കാട്ടി തിരഞ്ഞെടുപ്പ് നേരിടരുത്, പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കണം തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് പ്രശാന്ത് കിഷോറിന്റെ പദ്ധതി. എന്നാല്‍ അദ്ദേഹത്തോട് ആദ്യം കോണ്‍ഗ്രസില്‍ ചേരാന്‍ നേതാക്കള്‍ നിര്‍ദേശിക്കുകയായിരുന്നു. കോണ്‍ഗ്രസിന് കണ്‍സള്‍ടന്റായി മാത്രം ഒരാളെ ആവശ്യമില്ല എന്നാണ് നേതാക്കളുടെ അഭിപ്രായം.

ഈ വേളയില്‍ പ്രശാന്ത് കിഷോര്‍ വൈകാതെ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഐപാകും ടിആര്‍എസും കരാറിലെത്തിയിരിക്കുന്നത്. ടിആര്‍എസുമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യമുണ്ടാക്കണമെന്നാണ് പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം. അതേസമയം, കിഷോറിന്റെ കോണ്‍ഗ്രസില്‍ എടുക്കുന്നതില്‍ നിരവധി നേതാക്കള്‍ക്ക് അതൃപ്തിയുണ്ട് എന്നാണ് വിവരം. ഉപദേശകനായി മാത്രം ഒരാളെ ആവശ്യമില്ലെന്നാണ് ജി23 വിമത നേതാക്കള്‍ പറയുന്നതത്രെ. ഞങ്ങള്‍ ഏറെ നാളായി പറയുന്ന കാര്യങ്ങള്‍ തന്നെയാണ് പ്രശാന്ത് കിഷോര്‍ പദ്ധതിയായി അവതരിപ്പിച്ചതെന്നും ചില നേതാക്കള്‍ സൂചിപ്പിച്ചു.
അതേസമയം, പ്രശാന്ത് കിഷോര്‍ മുന്നോട്ട് വച്ച നിര്‍ദേശം സംബന്ധിച്ച് പഠിക്കാന്‍ സോണിയ ഗാന്ധി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ചിദംബരം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്നതാണ് സമിതി. ഇവര്‍ വൈകാതെ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ശേഷമാകും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിഷയത്തില്‍ അന്തിമ തീരുമനമെടുക്കുക. അതേസമയം, കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ കെ ചന്ദ്രശേഖര റാവു, മമത ബാനര്‍ജി, ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരെല്ലാം തയ്യാറാകുമോ എന്ന ചോദ്യം ബാക്കിയാണ്. മാത്രമല്ല, ഈ നേതാക്കള്‍ക്കെല്ലാം രാഷ്ട്രീയ ഉപദേശം നല്‍കുന്ന വ്യക്തിയാണ് പ്രശാന്ത് കിഷോര്‍. അങ്ങനെയുള്ള ഒരാളെ കോണ്‍ഗ്രസിലെടുത്താല്‍ എന്തായിരിക്കും ഭാവി എന്ന ചോദ്യവും ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നു.












Click it and Unblock the Notifications