കര്‍ണാടകയിലെ 5 ഫോര്‍മുല മധ്യപ്രദേശില്‍; 100 യൂണിറ്റ് വൈദ്യുതി, കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ ഇങ്ങനെ
ഭോപ്പാല്‍: കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക മറ്റ് സംസ്ഥാനങ്ങളിലും തരംഗം. മധ്യപ്രദേശിലും കോണ്‍ഗ്രസ് ഇതേ പ്രചാരണവും, വാഗ്ദാനങ്ങളും ആവര്‍ത്തിക്കാന്‍ പോവുകയാണ്. മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ വാഗ്ദാനങ്ങള്‍ കര്‍ണാടകയുമായി ചേര്‍ന്ന് പോകുന്നതാണ്.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അഞ്ച് വാഗ്ദാനങ്ങളെ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്. ഇത് ജനങ്ങള്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രം കൂടിയാണ് ഇതോടെ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പില്‍ നടപ്പാക്കാന്‍ പോകുന്ന വാഗ്ദാനങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ഇനി പ്രചാരണം നടത്തുക.

മധ്യപ്രദേശില്‍ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് ആദ്യം തന്നെ കോണ്‍ഗ്രസ് നടത്തുന്നത്. കര്‍ണാടകയില്‍ ബൊമ്മൈയെ ദുര്‍ബലനാക്കിയും, ബിജെപിയെ അഴിമതി പാര്‍ട്ടിയുമാക്കി കാണിച്ചായിരുന്നു പ്രചാരണം. ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയിരുന്നു. സമാന ആരോപണങ്ങള്‍ മധ്യപ്രദേശില്‍ ബിജെപി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നേരിടുന്നുണ്ട്. അതിലാണ് കമല്‍നാഥ് ബിജെപിയുടെ ദൗര്‍ബല്യം കണ്ടെത്തിയിരിക്കുന്നത്.
18 വര്‍ഷമായി ഭരിച്ചിട്ടും ശിവരാജ് സിംഗ് ചൗഹാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് കമല്‍നാഥ് ആരോപിച്ചു. ആരും ശിവരാജിനെ വിശ്വസിക്കുന്നില്ല. അതാണ് സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളുമായി സംസ്ഥാന പര്യടനങ്ങളും കമല്‍നാഥ് ആരംഭിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നൂറ് യൂണിറ്റ് സൗജന്യ വൈദ്യുതിയാണ് കമല്‍നാഥ് വാഗ്ദാനം ചെയ്യുന്നത്. 200 യൂണിറ്റ് എത്തുന്നത് വരെ പകുതി ചാര്‍ജ് മാത്രമേ ഈടാക്കൂ എന്നും കമല്‍നാഥ് പ്രഖ്യാപിച്ചു. ഇത് സംസ്ഥാനത്തെ എല്ലാവര്‍ക്കുമായി നല്‍കുന്നതായിരിക്കുമെന്നും കമല്‍നാഥ് അറിയിച്ചു. ഈ വര്‍ഷം അവസാനമാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രഖ്യാപനങ്ങള്‍ ഇതില്‍ മാത്രം അവസാനിച്ചിട്ടില്ല. സ്ത്രീകള്‍ക്ക് മാസം 1500 രൂപ സര്‍ക്കാര്‍ സഹായമായി നല്‍കുമെന്നും കമല്‍നാഥ് പ്രഖ്യാപിച്ചു. ഇത് യാതൊരു നിബന്ധനകളുമില്ലാതെയായിരിക്കുമെന്നും കമല്‍നാഥ് പറഞ്ഞു. ഇത്തവണ ഈ പ്രഖ്യാപനങ്ങള്‍ വലിയ തരംഗമാകുമെന്നാണ് സൂചന.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത് 200 യൂണിറ്റ് സൗജന്യ വൈദ്യുതിയാണ്. സ്ത്രീകള്‍ക്ക് മാസം രണ്ടായിരം രൂപ നല്‍കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. ഇവിടെ വനിതാ വോട്ടര്‍മാരെ ഒപ്പം നിര്‍ത്തി കുറച്ച് കൂടി വലിയ വാഗ്ദാനമാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.എല്‍പിജി സിലിണ്ടറിന്റെ വില 500 രൂപയായി കുറയ്ക്കുമെന്നാണ് കമല്‍നാഥിന്റെ വാഗ്ദാനം. ബാക്കി തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നാണ് കമല്‍നാഥ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതായത് ഒരു ഉപയോക്താവിന് ഗ്യാസ് സിലിണ്ടറില്‍ 600 രൂപ ലാഭിക്കാന്‍ സാധിക്കും. പഴയ പെന്‍ഷന്‍ പദ്ധതി വീണ്ടും ആരംഭിക്കുമെന്നാണ് കമല്‍നാഥിന്റെ വാഗ്ദാനം. കര്‍ഷക വായ്പ എഴുതി തള്ളുന്ന തന്റെ മുന്‍ സര്‍ക്കാരിലെ പദ്ധതി വീണ്ടും ആരംഭിക്കുമെന്നും കമല്‍നാഥ് വ്യക്തമാക്കി.












Click it and Unblock the Notifications