ഗവർണറുടെ നീക്കം മറ്റാരോ പറയുന്നത് കേട്ട്, അടിയന്തരാവസ്ഥയ്ക്ക് തുല്യം! കോടതിയിൽ കത്തിക്കയറി കപിൽ സിബൽ
ദില്ലി: കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി കക്ഷികളുടെ ഹര്‍ജികള്‍ വിധി പറയാനായി സുപ്രീം കോടതി നാളത്തേക്ക് മാറ്റിയതോടെ മഹാരാഷ്ട്രയില്‍ അടിയന്തര വോട്ടെടുപ്പ് നടക്കില്ലെന്നുറപ്പായി. ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്നാണ് കക്ഷികള്‍ ആവശ്യപ്പെട്ടത്. ശിവസേനയ്ക്ക് വേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് എതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു.
രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച ഗവര്‍ണര്‍ ചട്ടവിരുദ്ധമായാണ് പ്രവര്‍ത്തിച്ചത് എന്ന് കപില്‍ സിബല്‍ ആരോപിച്ചു. മുന്‍ വിധികളോടെ പക്ഷപാതപരമായും ഗവര്‍ണര്‍ പ്രവര്‍ത്തിച്ചു. മറ്റാരുടെയോ നിര്‍ദേശ പ്രകാരമാണ് ഗവര്‍ണറുടെ തീരുമാനങ്ങള്‍ എന്നും ശിവസേനയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിന് ശേഷം ശിവസേന-ബിജെപി സഖ്യം അവസാനിച്ചതാണ് എന്ന് സിബല്‍ കോടതിയെ അറിയിച്ചു. കുതിരക്കച്ചവടത്തിന് കോടതി അവസരം ഒരുക്കരുത്. മഹാരാഷ്ട്രയിലെ സ്ഥിതി അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നും കപില്‍ സിബല്‍ ആരോപിച്ചു. ബിജെപി സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടെന്നത് ഊഹാപോഹം മാത്രമാണ്. ഭൂരിപക്ഷം വ്യക്തമാക്കുന്ന ഒരു രേഖയും ഹാജരാക്കിയിട്ടില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.
ഭൂരിപക്ഷമുണ്ടെങ്കില്‍ ബിജെപി തെളിയിക്കട്ടെ എന്നും നാളെ തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ ശിവസേന തയ്യാറാണെന്നും സിബല്‍ കോടതിയെ അറിയിച്ചു. കര്‍ണാടകയിലെ അതേ സാഹചര്യം മഹാരാഷ്ട്രയിലും നിലനില്‍ക്കുന്നുവെന്നും ശിവസേന അഭിഭാഷകന്‍ വാദിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ ഫട്‌നാവിസ് സര്‍ക്കാരിന് നവംബര്‍ 30 വരെ സമയം അനുവദിച്ച നടപടിയെ ചോദ്യം ചെയ്താണ് ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും സുപ്രീം കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications