കാർഗിൽ വിജയ് ദിവസ്: പാക് സേനയോടും മാത്രമല്ല, പ്രകൃതിയോടും പടവെട്ടിയ ബിഎസ്എഫിന്റെ പോരാട്ട വീര്യം
1999-ലെ കാർഗിൽ യുദ്ധത്തിലെ പോരാട്ട വീറും ഇന്ത്യൻ സൈന്യത്തിന്റെ വീരോചിതമായ മുന്നേറ്റങ്ങളും ലോകം ഇപ്പോഴും ഓർക്കുകയാണ്. എന്നാല്‍ അതേ ശത്രുവിനെ, യുദ്ധമേഖലയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ, നിശബ്ദമായ ധൈര്യത്തോടെ നേരിട്ട ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ (ബി.എസ്.എഫ്) അതായത് ഇന്ത്യയുടെ ആദ്യ പ്രതിരോധനിരയുടെ സംഭാവനകൾ പലർക്കും കൃത്യമായി അറിയില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
കാർഗിൽ മേഖലയിലെ ഏറ്റവും ഉയരം കൂടിയ പോസ്റ്റുകളിൽ വിന്യസിക്കപ്പെട്ട ബി എസ് എഫ്, നിയന്ത്രണ രേഖയ്ക്ക് (എൽ.ഒ.സി) സമീപമുള്ള നിർണായക സ്ഥാനങ്ങൾ കാത്തുസൂക്ഷിക്കുകയും പാകിസ്താന്റെ നുഴഞ്ഞുകയറ്റത്തിന്റെ പൂർണ വ്യാപ്തി വെളിവാകുന്നതിന് മുമ്പ് തന്നെ നിർണായക ഭൂ പ്രദേശം ഇന്ത്യയുടെ അധീനതയില്‍ ഉറപ്പിച്ച് നിർത്തുകയും ചെയ്തു.

യുദ്ധം പ്രകൃതിയോടും
17000 മുതൽ 18000 അടി വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന
കക്സർ, ചെന്നിഗുണ്ട്, ചോർബത് ലാ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ അവിശ്വസനീയമായ സാഹചര്യങ്ങളിൽ ബി എസ് എഫ് കമ്പനികൾ ശക്തമായി നിലയുറപ്പിച്ചതാണ് ഇന്ത്യയുടെ വിജയത്തില്‍ നിർണ്ണായകമായത്. ശൈത്യകാലത്ത് താപനില വളരെ താഴ്ന്നും ഓക്സിജൻ അളവ് തീരെ ലഭ്യമല്ലാതാകുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ ഇത്തരം പോസ്റ്റുകളില്‍ നിന്ന് സാധാരണയായി കാവല്‍ഭടന്മാർ ബേസ് ക്യാമ്പുകളിലേക്ക് മാറാറുണ്ടായിരുന്നു. എന്നാല്‍ കാർഗില്‍ യുദ്ധസമയത്ത് ബി എസ് എഫ് എല്ലാ വെല്ലുവിളികളേയും നേരിട്ട് അവിടെ തന്നെ നിലയുറപ്പിച്ചു. ഒരു പോസ്റ്റും പോലും ബി എസ് എഫ് ഒഴിഞ്ഞില്ല. ഇത് ഇന്ത്യയുടെ അഭിമാനമായ സേന വിഭാഗത്തിന്റെ സഹനത്തിന്റെയും വിശ്വസ്തതയുടെയും നിശബ്ദമായ തെളിവായി അടയാളപ്പെടുത്തുകയും ചെയ്യുന്നു.
ചരിത്രപ്രസിദ്ധമായ സിൽക്ക് റൂട്ടിലെ ഒരു നിർണായക പോസ്റ്റായ ചോർബത് ലായിലെ കഥയാണ് ഇതില്‍ ഏറ്റവും പ്രചോദനാത്മകം. ഈ പോസ്റ്റ് പിടിച്ചെടുക്കാൻ ശത്രുക്കള്‍ ലക്ഷ്യമിട്ടിരുന്നു. ഇത് പിടിച്ചെടുക്കുകയാണെങ്കില്‍ യുദ്ധത്തില്‍ പാകിസ്താന് തന്ത്രപ്രധാനമായ മുൻതൂക്കം ലഭിക്കും. എന്നാൽ, കമാൻഡന്റ് എസ് സി നെഗിയുടെ നേതൃത്വത്തിൽ, ഒരു ചെറിയ ബി എസ് എഫ് സംഘം പാക് നീക്കത്തെ ശക്തമായി തടഞ്ഞു. ഇത് മാത്രമല്ല കൊടും ശൈത്യത്തിൽ അവർ കൂടുതല്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബ്രാവോ-1 - പിടിച്ചെടുത്ത്, ആ മേഖലയിൽ ഇന്ത്യയുടെ നില കൂടുതല്‍ ശക്തമാക്കി.

ഇച്ഛാശക്തിയുടെ വിജയം
യാഥാർത്ഥത്തില്‍ ബി എസ് എഫ് ജവാന്മാർ വെറും പാക് വെടിയുണ്ടകളോട് മാത്രമല്ല, ക്രൂരമായ പ്രകൃതിയോടും യുദ്ധം ചെയ്യുകയായിരുന്നു. ഉയർന്ന മേഖലയിലെ രോഗങ്ങൾ, ഹിമപാതങ്ങൾ തുടങ്ങിയവ സേന ദൈനംദിന ഭീഷണികളായിരുന്നു. എന്നിട്ടും, അവരുടെ ആത്മവീര്യം അചഞ്ചലമായി തുടർന്നു. ഒരു ശൈത്യകാല പരിശോധനയ്ക്കിടെ, കമാൻഡന്റ് നെഗി തന്റെ ജവാന്മാർക്ക് കഠിനമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് പിന്മാറാനുള്ള അവസരം നൽകി. എന്നാല്‍ "ഞങ്ങളുടെ കമാൻഡന്റിന് ഇവിടെ വരാൻ കഴിയുമെങ്കിൽ, ഞങ്ങൾ ഒരിക്കലും താഴേക്ക് പോകില്ല." എന്ന അവരുടെ മറുപടി ഇന്ത്യയുടെ ആത്മവീര്യം ഉയർത്തിക്കാട്ടുന്നതായി.
അസിസ്റ്റന്റ് കമ്പനി കമാൻഡർ സോനം ചെറിംഗിന്റെ നേതൃത്വത്തിൽ, 8-10 ബി.എസ്.എഫ് ജവാന്മാർ മാത്രമുള്ള ഒരു സംഘം, ശത്രുവിന്റെ ശക്തമായ സാന്നിധ്യവും പ്രതികൂല സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും, എൽ.ഒ.സിക്ക് സമീപമുള്ള നിർണായക സ്ഥാനങ്ങൾ സുരക്ഷിതമാക്കി. അവരുടെ ധൈര്യം ചോർബത് ലായെ ഇന്ത്യയുടെ കൈവശം നിലനിർത്തുകയും സാധ്യമായ നുഴഞ്ഞുകയറ്റ വഴികൾ ഫലപ്രദമായി തടയുകയും ചെയ്തു.

വീരഗാഥകൾക്കപ്പുറമുള്ള കാവൽക്കാർ
കാർഗിൽ യുദ്ധത്തിലെ ബി എസ് എഫിന്റെ സംഭാവന വൻതോതിലുള്ള ആക്രമണങ്ങളോ നാടകീയമായ യുദ്ധങ്ങളോ ആയിരുന്നില്ല. അത് അചഞ്ചലമായ പ്രതിബദ്ധതയുടെയും, സ്ഥിരോത്സാഹത്തിന്റെയും, ഉറച്ച പ്രതിരോധത്തിന്റെയും കഥയാണ്. ഇന്ത്യൻ സൈന്യം നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാൻ ആക്രമണങ്ങൾ നടത്തിയപ്പോൾ, ബി എസ് എഫ് പ്രധാന സ്ഥാനങ്ങൾ ഒരിക്കലും നഷ്ടപ്പെടാതെ സംരക്ഷിച്ച് നിർത്തുകയായിരുന്നു.
വിജയ് ദിവസിൽ, തങ്ങളുടെ ജീവൻ ബലിയർപ്പിച്ച വീരന്മാരെ ഇന്ത്യ ഓർക്കുകയും, രാഷ്ട്രത്തിന്റെ അഭിമാനം കാത്തുസൂക്ഷിച്ച യോദ്ധാക്കളെ വന്ദിക്കുകയും ചെയ്യുമ്പോൾ, ബി.എസ്.എഫിന്റെ ത്യാഗങ്ങളെ വെളിച്ചത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണ്. ഹിമാലയത്തിന്റെ നിഴലിൽ അവർ നൽകിയ നിശബ്ദ സേവനം ഒരിക്കലും വിണ്ടുകീറാത്ത ഒരു കവചമായിരുന്നു - അത് രാഷ്ട്രത്തെ അഭിമാനത്തോടെ ഇന്നും സംരക്ഷിക്കുന്നു.
ജയ് ഹിന്ദ്.












Click it and Unblock the Notifications