കർണാടകയില്‍ കോണ്‍ഗ്രസ് 141 സീറ്റുകളുമായി അധികാരത്തിലെത്തും; ബിജെപി നേതാക്കള്‍ ഇനിയും വരുമെന്നും ഡികെ
2023ലെ കർണാടക തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വിജയിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്ന് കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ. ബി ജെ പി ഭരണത്തില്‍ ജനങ്ങള്‍ മടുത്തു കഴിഞ്ഞു, തിരഞ്ഞെടുപ്പിലൂടെ തങ്ങളുടെ വികാരം അവർ വ്യക്തമാക്കുന്നത്. ജനങ്ങള്‍ മാത്രമല്ല, ജനപ്രതിനിധികളായ നിരവധി ബി ജെ പി നേതാക്കളും വലിയ അതൃപ്തിയിലാണെന്നും ഡി കെ ശിവകുമാർ പറയുന്നു.
നിരവധി ബിജെപി നേതാക്കൾ തന്നെ ബന്ധപ്പെടുകയും കോൺഗ്രസിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആരൊക്കെ വേണം, ആരൊക്കെ വേണ്ട എന്ന് പാർട്ടി കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനം എടുക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ 141 സീറ്റുകളുമായി കോണ്‍ഗ്രസ് അധികാരത്തിലെത്തിയിരിക്കുമെന്നും ശിവകുമാർ അവകാശപ്പെട്ടു.

ഇരട്ട എഞ്ചിൻ അല്ല, തിരഞ്ഞെടുപ്പില്‍ കർണാടകയ്ക്ക് പുതിയ എഞ്ചിൻ സർക്കാർ ലഭിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി സഹപ്രവർത്തകനായ എസ് സിദ്ധരാമയ്യയുമായുള്ള വഴക്കിനെക്കുറിച്ചും കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയെ പിന്തുണക്കുന്നതിനെക്കുറിച്ചും ചോദിച്ചപ്പോൾ, അത് അങ്ങനെയല്ലെന്നായിരുന്നു ശിവകുമാർ വ്യക്തമാക്കിയത്
രാഹുൽ ഗാന്ധിയാണ് കർണാടകയിൽ വന്ന് പാർട്ടിയാണ് മത്സരിക്കുന്നത് വ്യക്തികളല്ലെന്ന്. അത് അങ്ങനെയാണ് താനും. തിരഞ്ഞെടുപ്പില്‍ എല്ലാവരും ഒറ്റക്കെട്ടായി പോരാടും, മുഖ്യമന്ത്രിയെ തീരുമാനിക്കുക കൂട്ടായ തീരുമാനത്തിന് ശേഷമായിരിക്കും. പാർട്ടിയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അഭിപ്രായ വ്യത്യാസങ്ങളൊന്നും ഇല്ല. എല്ലാവരും ഒത്തൊരുമിച്ചാണ് മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം പറയുന്നു.
2023ലെ കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുന്നതിനെക്കുറിച്ചും സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ചും മാത്രമാണ് തനിക്ക് ആശങ്ക, അല്ലാതെ മുഖ്യമന്ത്രി സ്ഥാനം തന്റെ പരിഗണനാ വിഷയമേ അല്ല. തിരഞ്ഞെടുപ്പിലൂടെ പാർട്ടിയെ അധികാരത്തില്‍ എത്തിക്കുക എന്നുള്ളതാണ് തന്റെ ലക്ഷ്യം. ബാക്കിയൊക്കെ പാർട്ടി നേതൃത്വം തീരുമാനിക്കുമെന്നും കെ പി സി സി പ്രസിഡന്റ് പറയുന്നു.

സച്ചിൻ പൈലറ്റും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ടിഎസ് സിംഗ് ദിയോയും തമ്മിലുള്ള അഭിപ്രായ ഭിന്നതയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോള്‍ "ഞാൻ ദേശീയ രാഷ്ട്രീയത്തിൽ സമയം കളയാൻ ആഗ്രഹിക്കുന്നില്ല, കർണാടകയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നു."- എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Travel Tips: സോളോ യാത്ര ഇഷ്ടപ്പെടുന്ന സ്ത്രീകളാണോ: എങ്കില്‍ ശ്രദ്ധിക്കണം ഈ 5 കാര്യങ്ങള്‍
മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ഉൾപ്പെടെ ടിക്കറ്റ് നിഷേധിക്കപ്പെട്ട നിരവധി ബി ജെ പി നേതാക്കൾ അതൃപ്തി അറിയിച്ചതോടെ ഇവരെ കോണ്‍ഗ്രസ് സമീപിക്കുന്നുവെന്ന വാർത്തകളും കർണാടകയില്‍ നിന്നും പുറത്ത് വരുന്നുണ്ട്. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഷെട്ടറെ ബന്ധപ്പെടുകയും പാർട്ടിയിൽ ചേരാൻ ആവശ്യപ്പെടുകയും ടിക്കറ്റ് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഷെട്ടാർ ഈ ഓഫർ നിരസിച്ചതായാണ് സൂചന.
പാർട്ടിയിൽ ചേരാൻ കോൺഗ്രസിൽ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ഷെട്ടറുമായി അടുത്ത വൃത്തങ്ങളും വ്യക്തമാക്കുന്നു. എന്നിരുന്നാലും, അദ്ദേഹം വാഗ്ദാനം നിരസിച്ചു. ബി.ജെ.പി തന്നോട് പെരുമാറുന്ന രീതിയിൽ അതൃപ്തിയുണ്ടെങ്കിലും, മറ്റേതെങ്കിലും പാർട്ടിയിൽ നിന്നല്ല, സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. അത്താണി നിയമസഭാ മണ്ഡലത്തിൽ നിന്ന് ടിക്കറ്റ് നിഷേധിക്കപ്പെട്ട മുതിർന്ന ബിജെപി നേതാവ് ലക്ഷ്മൺ സവാദിയെ കോൺഗ്രസ് നേതാക്കൾ സമീപിച്ച് അതേ സീറ്റിൽ തന്നെ മത്സരിപ്പിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു.
ഈ ഓഫർ സ്വീകരിക്കാൻ സവാദി പദ്ധതിയിട്ടിരുന്നെങ്കിലും ഡൽഹിയിൽ നിന്നുള്ള ഉന്നത ബിജെപി നേതാക്കൾ അദ്ദേഹത്തെ ബന്ധപ്പെടുകയും പാർട്ടിയിൽ തുടരാൻ പ്രേരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച ഡൽഹിയിൽ കോൺഗ്രസിൽ ചേരേണ്ടിയിരുന്ന സവാദി ബിജെപിയുടെ സമ്മർദ്ദത്തെത്തുടർന്ന് തീരുമാനം വൈകിപ്പിക്കുകയായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.
58 സീറ്റുകളിലേക്ക് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്ത കോൺഗ്രസ്, അതൃപ്തരായ ചില ബിജെപി നേതാക്കൾക്ക് ടിക്കറ്റ് നൽകുമെന്നാമ് പ്രതീക്ഷിക്കുന്നത്. 58 സീറ്റുകളിൽ 28 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് സ്ഥാനാർത്ഥികളെ നിശ്ചയിക്കാനായതെന്നും ബാക്കിയുള്ള 30 സീറ്റുകളിലേക്ക് യോഗ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്താൻ പാർട്ടി പാടുപെടുകയാണെന്നുമാണ് ഒരു കോൺഗ്രസ് നേതാവ് വ്യക്തമാക്കിയത്.












Click it and Unblock the Notifications