കിറ്റൂർ-കർണാടകയിൽ ബിജെപിയെ പൂട്ടാൻ കോൺഗ്രസന്റെ'മിഷൻ ഡസൻ'; തർക്കത്തിൽ വലഞ്ഞ് ബിജെപി
കിറ്റൂർ കർണാടക മേഖലയിൽ 40 സീറ്റുകൾ ലക്ഷ്യം വെച്ച് കോൺഗ്രസ്. ഒരിക്കൽ കോൺഗ്രസ് തട്ടകമായ ബെൽഗാവയിലെ 5 ജില്ലകളിൽ നിന്നായി ഇത്തവണ 12 സീറ്റുകളാണ് കോൺഗ്രസ് ഉന്നയം വെയ്ക്കുന്നത്. 'മിഷൻ ഡസൻ' എന്ന പേരിലാണ് കോൺഗ്രസ് ഇവിടെ പദ്ധതി ഒരുക്കുന്നത്.
ശക്തരായ സ്ഥാനാർത്ഥികളെ തന്നെ ഇവിടെ ഇറക്കാനുള്ള തന്ത്രങ്ങളും കോൺഗ്രസ് മെനയുന്നുണ്ട്. കെപിസിസി വർക്കിംഗ് പ്രസിഡന്റും മേഖലയിൽ ശക്തമായ സ്വാധീനമുള്ള നേതാവുമായ സതീഷ് ജാർഖിഹോളിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കണമെന്നതാണ് കോൺഗ്രസ് സംസ്ഥാന-കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിലപാട്.

നിർദ്ദേശം അംഗീകരിച്ചാൽ ഇവിടെ 9 സീറ്റുകൾ വിജയിക്കാമെന്നാണ് കണ്ടെത്തൽ. ബെലഗാവി മേഖലയിൽ കോൺഗ്രസിന് നിലവിൽ 5 എംഎൽഎമാരാണ് ഉളളത്. ജാർഖിഹോളിയുടെ ടീമിന്റെ സ്ഥാനാർത്ഥി ശുപാർശ കോൺഗ്രസ് അംഗീകരിച്ചിട്ടുണ്ട്.സിറ്റിംഗ് എംഎൽഎമാരായ 5 പേർക്കും സീറ്റ് അനുവദിച്ചിട്ടുണ്ട്.
സതീശിന്റെ സഹോദരനും മുൻ കോൺഗ്രസ് നേതാവുമായ രമേശ് ജാർഖിഹോളിയുടെ നേതൃത്വത്തിൽ ബെലഗാവി മേഖലയൽ കോൺഗ്രസ് 12 സീറ്റുകളായിരുന്നു നേടിയിരുന്നത്. പിന്നീട് രമേശ് അടക്കമുള്ള 7 പേർ ബി ജെ പിയിലേക്ക് പോകുകയായിരുന്നു. അതേസമയം സതീഷ് നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥികളെ നിർത്തുന്നതോടെ ഇത്തവണ രാംദുർഗ്, സവദത്തി, കിറ്റൂർ, കഗ്‌വാദ് മണ്ഡലങ്ങൾ ബിജെപിയിൽ നിന്ന് പിടിച്ചെടുക്കാൻ കോൺഗ്രസിന് സാധിക്കുമെന്നാണ് കോൺഗ്രസ് സംസ്ഥാന-കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
രാംദുർഗ് മണ്ഡലത്തിൽ മുൻ എം.എൽ.എ അശോക് പട്ടനെയും സവദത്തിയിൽ ഡോ. വിശ്വാസ് വൈദ്യയെയും കിത്തൂരിൽ നിന്ന് ബാബാസാഹേബ് പാട്ടീലിനെയും കഗ്‌വാഡ് മണ്ഡലത്തിൽ നിന്ന് മുൻ എം.എൽ.എ കാക്ക എന്ന ഭരമഗൗഡ പാട്ടീലിനെയും മത്സരിപ്പിക്കണമെന്നാണ് സതീഷിന്റെ ആവശ്യം.
ബിജെപിയുടെ സീറ്റായ അത്താനിയിലും കോൺഗ്രസ് കണ്ണുവെയ്ക്കുന്നുണ്ട്.ലക്ഷ്മൺ സവാദിയെ അല്ലാതെ മറ്റാരേയും ബിജെപി സ്ഥാനാർത്ഥിയാക്കിയാൽ കാര്യങ്ങൾ ഞങ്ങൾക്ക് എളുപ്പമാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.അത്താണി താലൂക്കിൽ സവാദിക്ക് ശക്തമായ സ്വാധീനമുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥി മഹേഷ് കുമ്മത്തള്ളിയോട് കഴിഞ്ഞ തവണ സവാദി പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിനെ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ഉപമുഖ്യമന്ത്രിയാക്കിയിരുന്നു.

അതേസമയം അത്താനിയിൽ കുമ്മത്തള്ളിയെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശമാണ് ബി ജെ പിയിൽ രമേശ് ജാർഖിഹോളി മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാൽ ഇത്തവണ തനിക്ക് സീറ്റ് അനുവദിക്കണമെന്ന ആവശ്യം സവാദി ഉന്നയിച്ചിട്ടുണ്ട്.സീറ്റ് നൽകിയില്ലെങ്കൽ പല പൊട്ടിത്തെറികളും നേരിടേണ്ടി വരുമെന്ന ഭീഷണിയും സവാദി മുഴക്കുന്നുണ്ട്.
കുമ്മത്തള്ളിക്ക് സീറ്റ് അനുവദിച്ചില്ലെങ്കിൽ താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നാണ് രമേശിന്റെ മുന്നറിയിപ്പ്. നിലവിൽ കോഗക്ക് മണ്ഡലത്തൽ നിന്നുള്ള എംഎൽഎയാണ് രമേശ്. താൻ രാഷ്ട്രീയം തന്നെ വിടുമെന്ന ഭീഷണിയും രമേഷ് ഉയർത്തുന്നുണ്ട്. ഇത് മണ്ഡലത്തിൽ ബി ജെ പിക്ക് പ്രതിസന്ധി തീർക്കുകയാണ്. രമേശിന്റെ നിർദ്ദേശം അംഗീകരിച്ചില്ലെങ്കിൽ തിരിച്ചടി നേരിടുമെന്ന് ബി ജെ പിയും ആശങ്കപ്പെടുന്നുണ്ട്.
അതേസമയം ബി ജെ പിക്കുള്ളിലെ ഈ തർക്കങ്ങൾ തങ്ങൾക്ക് ഗുണമാകുമെന്നാണ് കോൺഗ്രസ് കരുതുന്നത്. ആഞ്ഞ് പിടിച്ചാൽ കാര്യങ്ങൾ അനുകൂലമാകുമെന്നും നേതൃത്വം കരുതുന്നു. 'സംസ്ഥാനത്തെ നാല് മേഖലകളിൽ നിന്നും 40 സീറ്റുകൾ വീതം നേടാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. സമർത്ഥമായി പ്രവർത്തിച്ചാൽ 140 വരെ സീറ്റുകൾ കോൺഗ്രസിന് സംസ്ഥാനത്ത് നേടാൻ സാധിക്കും'. ജാർഖിഹോളി പറഞ്ഞു.
സ്ഥാനാർത്ഥികൾ ഇവർ
സതീഷ് ജാർക്കിഹോളി സമർപ്പിച്ച സ്ഥാനാർത്ഥി പട്ടികയിലെ പേരുകൾ ഇങ്ങനെ- ബെലഗാവി വടക്ക് നിന്ന് ഫിറോസ് സെയ്ത്, ബെലഗാവി സൗത്തിൽ നിന്ന് പ്രഭാവതി ചാവടി/രമേശ് ഗോറൽ, ബെലഗാവി റൂറലിൽ നിന്ന് ലക്ഷ്മി ഹെബ്ബാൾക്കർ, ഖാനാപൂരിൽ നിന്ന് ഡോ. അഞ്ജലി നിംബാൽക്കർ, യമകനമരടിയിൽ നിന്ന് സതീഷ് ജാർക്കിഹോളി, ബെയ്ൽഹോംഗലിൽ മഹന്തേഷ് കൗജലഗി , കിറ്റൂരിൽ നിന്ന് ബാബാ സാഹെബ് പാട്ടീൽ, സവദത്തിയിൽ നിന്ന് ഡോ. വിശ്വാസ് വൈദ്യ/അജയ് ചോപ്ര, രാംദുർഗിൽ നിന്ന് അശോക് പട്ടൻ, നിപ്പാനിയിൽ നിന്ന് കാകാസാഹേബ് പാട്ടീൽ/വീർകുമാർ പാട്ടീൽ.












Click it and Unblock the Notifications