ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസിലേക്ക്; ബിജെപിക്ക് വീണ്ടും തിരിച്ചടി, കരുനീക്കിയത് രണ്ട് നേതാക്കള്‍
ളൂരു: ബിജെപി വിട്ട മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേരും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. തിങ്കളാഴ്ച ഔദ്യോഗികമായി ഷെട്ടാര്‍ കോണ്‍ഗ്രസ് അംഗത്വമെടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഷെട്ടാറിന്റെ പടിയിറക്കം. പോകരുതെന്ന് അമിത് ഷാ നേരിട്ട് സംസാരിച്ചിട്ടും അദ്ദേഹത്തിന്റെ മനംമാറിയില്ല.
നിയമസഭാ അംഗത്വം ഷെട്ടാര്‍ ഇന്ന് രാജിവച്ചു. മല്‍സരിപ്പിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഷെട്ടാര്‍ ബിജെപി വിട്ടത്. കര്‍ണാടകയിലെ പ്രമുഖ ലിംഗായത്ത് നേതാവാണ് ഇദ്ദേഹം. ഷെട്ടാറിനെ പാര്‍ട്ടിയിലെത്തിച്ചാല്‍ ലിംഗായത്ത് വോട്ട് പിളര്‍ത്താന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കളായ എംബി പാട്ടീല്‍, ശിവശങ്കരപ്പ എന്നിവര്‍ ഷെട്ടാറുമായി രഹസ്യ ചര്‍ച്ച നടത്തിയതത്രെ.

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയിരിക്കെ, മുന്‍ മുഖ്യമന്ത്രി രാജിവയ്ക്കുന്നത് ബിജെപിക്ക് ഒട്ടും ഭൂഷണമാകില്ല. ആറ് തവണ എംഎല്‍എയായ ഷെട്ടാര്‍ ഇത്തവണയും ഹുബ്ബള്ളി-ധര്‍വാഡ് മണ്ഡലത്തില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി മുഖം തിരിച്ചു. ബിജെപിയില്‍ നിന്ന് രാജിവയ്ക്കുകയാണെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇന്ന് ഉത്തര കന്നഡ ജില്ലയിലെ സിര്‍സിയിലെത്തി സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡെ കാഗരിയെ കണ്ട് ഷെട്ടാര്‍ രാജികത്ത് കൈമാറി. ഹുബ്ബള്ളിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപിയില്‍ നിന്ന് രാജി പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ ഷെട്ടാറിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഒടുവില്‍ അമിത് ഷാ നേരിട്ട് സംസാരിച്ചു.
ഷെട്ടാര്‍ക്ക് ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി നേതാക്കളുടെ എല്ലാ വാഗ്ദാനങ്ങളും തള്ളിയാണ് ഷെട്ടാര്‍ രാജിവച്ചത്. തന്നെ നേതാക്കള്‍ അപമാനിച്ചു എന്നാണ് ഷെട്ടാറിന്റെ വികാരം. ജെപി നദ്ദയും അമിത് ഷായും ഉയര്‍ന്ന പദവി ഷെട്ടാര്‍ക്ക് വാഗ്ദാനം നല്‍കിയെന്നും മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കാമെന്ന് ഞാനും പറഞ്ഞുവെന്നും ബൊമ്മൈ പ്രതികരിച്ചു.
ഉത്തര കന്നഡയിലെ പ്രധാന ലിംഗായത്ത് നേതാവാണ് ഷെട്ടാര്‍. മറ്റൊരു ലിംഗായത്ത് നേതാവായ ലക്ഷ്മണ്‍ സവാദി കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഒരാള്‍ മുഖ്യമന്ത്രിയും മറ്റൊരാള്‍ ഉപമുഖ്യമന്ത്രിയും ആയിരുന്ന വ്യക്തികളാണ്. ഇവര്‍ കോണ്‍ഗ്രസിലെത്തുന്നത് കോണ്‍ഗ്രസിന് വലിയ നേട്ടമാകുമെന്ന് വിലയിരുത്തുന്നു.
ഉത്തര കന്നഡയിലെ 25 സീറ്റില്‍ നിര്‍ണായക സ്വാധീനം തനിക്കുണ്ടെന്നാണ് ഷെട്ടാര്‍ പറയുന്നത്. രണ്ട് ജില്ലകളില്‍ ഇദ്ദേഹത്തിന് വലിയ അനുയായികളുണ്ടെന്ന് ബിജെപി നേതാക്കളും സമ്മതിക്കുന്നു. ഷെട്ടാറിന് ബിജെപിയുമായി അകല്‍ച്ചയുണ്ടെന്ന സൂചന ലഭിച്ച വേളയില്‍ തന്നെ കോണ്‍ഗ്രസ് കരുനീക്കം തുടങ്ങിയിരുന്നു. ഡല്‍ഹി ചര്‍ച്ച പൊളിഞ്ഞെന്ന വിവരം ലഭിച്ചപ്പോള്‍ രണ്ട് നേതാക്കളും അദ്ദേഹവുമായി വീണ്ടും ബന്ധപ്പെട്ടു.
ഇതോടെയാണ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിക്കുന്നതത്രെ. തിങ്കളാഴ്ച അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ മൈസൂര്‍ മേഖലയും ഷെട്ടാറിന്റെ നേതൃത്വത്തില്‍ ഉത്തര കന്നഡയും കോണ്‍ഗ്രസ് പിടിച്ചാല്‍ ബിജെപിക്ക് തിരിച്ചടിയാകും. മെയ് 10നാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്. ഫലം മെയ് 13ന് പ്രഖ്യാപിക്കും.












Click it and Unblock the Notifications