എസ്ഡിപിഐക്ക് കിട്ടിയ കൂടിയ വോട്ട് 38000; സാന്നിധ്യം അറിയിക്കാതെ ഉവൈസിയും...
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രതിനിധികളായി എത്തിയ രണ്ടു പാര്‍ട്ടികളാണ് എസ്ഡിപിഐയും അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയും. ഇരുപാര്‍ട്ടികള്‍ക്കും സാന്നിധ്യം അറിയിക്കാന്‍ പോലുമായില്ല. കോണ്‍ഗ്രസ് തരംഗത്തില്‍ ചെറിയ പാര്‍ട്ടികളെല്ലാം വീണു. നാലിടത്ത് മല്‍സരിച്ച സിപിഎമ്മിനും വിജയിക്കാനായില്ല. എഎപിയുടെ കാര്യവും അങ്ങനെ തന്നെ.
16 മണ്ഡലത്തിലാണ് എസ്ഡിപിഐ മല്‍സരിച്ചത്. ആദ്യം നൂറ് സീറ്റില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു എങ്കിലും അവസാന നിമിഷം 16 ഇടങ്ങളിലേക്ക് ചുരുക്കി. ഉവൈസിയുടെ പാര്‍ട്ടി രണ്ട് മണ്ഡലത്തിലാണ് മല്‍സരിച്ചത്. 2011ലെ സെന്‍സസ് പ്രകാരം കര്‍ണാടകയില്‍ 13 ശതമാനമാണ് മുസ്ലിം ജനസംഖ്യ. പക്ഷേ, ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിച്ചെത്തിയ പാര്‍ട്ടികള്‍ക്ക് ഒരു മണ്ഡലത്തിലും ജയിക്കാനായില്ല.

മുസ്ലിം വോട്ടര്‍മാര്‍ കോണ്‍ഗ്രസില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിച്ചു എന്നാണ് വ്യക്തമാകുന്നത്. ജെഡിഎസിനെ വര്‍ഷങ്ങളായി പിന്തുണച്ചുവരുന്ന മണ്ഡലങ്ങളില്‍ പോലും മുസ്ലിംവോട്ട് കോണ്‍ഗ്രസിനാണ് കിട്ടിയതെന്ന് വിലയിരുത്തുന്നു. ജെഡിഎസ് 19 സീറ്റില്‍ ഒതുങ്ങാന്‍ കാരണം ഇതാണ്. മാത്രമല്ല, അവരുടെ ശക്തിയായ വൊക്കലിഗ സമുദായത്തിന്റെ വലിയൊരു ഭാഗം വോട്ടും ഇത്തവണ കോണ്‍ഗ്രസ് പിടിച്ചു.
2018ല്‍ 18 ശതമാനം വോട്ട് നേടിയിരുന്ന ജെഡിഎസിന് ഇത്തവണ 13 ശതമാനമാണ് ലഭിച്ചത്. പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമാണ് എസ്ഡിപിഐ. സംഘടനയെ നിരോധിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. എസ്ഡിപിഐയെ നിരോധിക്കാതിരുന്നത് വോട്ട് ഭിന്നിപ്പിക്കുക എന്ന ബിജെപിയുടെ അജണ്ടയുടെ ഭാഗമായിട്ടാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
പിഎഫ്‌ഐയെയും എസ്ഡിപിഐയെയും ബജ്‌റംഗ്ദളിനെയും ശക്തമായി വിമര്‍ശിച്ച കോണ്‍ഗ്രസിനാണ് ഇത്തവണ മേല്‍ക്കൈ കിട്ടിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ബജറംഗ്ദളിനെതിരായ കോണ്‍ഗ്രസ് നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടാക്കാന്‍ ശ്രമിച്ചിരുന്നു. പ്രസംഗത്തിനിടെ അദ്ദേഹം ജയ് ബജ്‌റംഗ്ബലി മുദ്രാവാക്യം മുഴക്കി. കേരള സ്റ്റോറി വിവാദവും സൂചിപ്പിച്ചു. എന്നിട്ടും വോട്ടര്‍മാര്‍ പിന്തുണച്ചത് കോണ്‍ഗ്രസിനെ തന്നെ.
എസ്ഡിപിഐക്ക് കിട്ടിയ വോട്ട്
എസ്ഡിപിഐ മല്‍സരിച്ച 16ല്‍ ആറ് മണ്ഡലങ്ങളും കോസ്റ്റല്‍ കര്‍ണാടകയിലായിരുന്നു. ഹിന്ദുത്വ കക്ഷികള്‍ക്ക് വലിയ സ്വാധീനമുള്ള പ്രദേശം കൂടിയാണിത്. ആറിടത്തും എസ്ഡിപിഐക്ക് സ്വാധീനമുണ്ടാക്കാന്‍ സാധിച്ചില്ല. അതേസമയം, നരസിംഹരാജ മണ്ഡലത്തില്‍ മല്‍സരിച്ച പാര്‍ട്ടി സ്ഥാനാര്‍ഥി അബ്ദുല്‍ മജീദിന് 38606 വോട്ട് കിട്ടി. പോള്‍ ചെയ്തതിന്റെ 25 ശതമാനം വോട്ടാണ് നേടിയത്. മംഗളൂരുവിലെ സ്ഥാനാര്‍ഥി റിയാസ് ഫരംഗിപേട്ടയ്ക്ക് 10 ശതമാനം വോട്ട് ലഭിച്ചു. മറ്റു സ്ഥാനാര്‍ഥികള്‍ നാല് ശതമാനത്തില്‍ താഴെ വോട്ടാണ് നേടിയത്.
അതേസമയം, മജ്‌ലിസ് പാര്‍ട്ടി ഹുബ്ബള്ളി ധര്‍വാഡ്, ബസവണ്ണ ഭഗവതി മണ്ഡലങ്ങളിലാണ് മല്‍സരിച്ചത്. ഒരിടത്ത് 5600 വോട്ടും മറ്റൊരിടത്ത് 1472 വോട്ടും കിട്ടി. രണ്ടിടത്തും കോണ്‍ഗ്രസ് ആണ് ജയിച്ചത്. ഹിജാബ്, ഹലാല്‍, ടിപ്പു സുല്‍ത്താന്‍, മുസ്ലിം സംവരണം റദ്ദാക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് എസ്ഡിപിഐയും മജ്‌ലിസ് പാര്‍ട്ടിയും ഉയര്‍ത്തിയത്. പക്ഷേ, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാം മാറി മറിയുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം വോട്ടര്‍മാര്‍ ഇത്തവണ കോണ്‍ഗ്രസിന് വോട്ട് ചെയ്തത് എന്ന് വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications