കര്‍ണാടക ആര്‍ടിസി ബസ് സമരം പിന്‍വലിച്ചു
ബെംഗളുരു: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. കര്‍ണാടക ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുശേഷമാണ് സമരം പിന്‍വലിച്ചത്. ജീവനക്കാര്‍ക്ക് 12.5 ശതമാനം ശമ്പള വര്‍ധനയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ജീവനക്കാരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. ജീവനക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് സര്‍ക്കാരിന് ബോധ്യമായിട്ടുണ്ട്. 12.5 ശതമാനം ശമ്പള വര്‍ധനവ് വരുത്തും. ബസ്സുകള്‍ ഉടന്‍ നിരത്തിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച മുതല്‍ ജീവനക്കാര്‍ നടത്തിവന്ന സമരം കര്‍ണാടകയെ പ്രത്യേകിച്ചും ബെംഗളുരു നഗരത്തെ കാര്യമായി ബാധിച്ചിരുന്നു. പതിനായിരങ്ങള്‍ ദൈംനിദിന ആവശ്യങ്ങള്‍ക്കായി ആശ്രയിച്ചിരുന്ന ബസ്സുകള്‍ മുടങ്ങിയതോടെ ജനജീവിതത്തെ ബസ് സമരം സാരമായി ബാധിച്ചു. സമരവുമായി ബന്ധപ്പെട്ട് 150 ഓളം ബസ്സുകള്‍ തകര്‍ക്കപ്പെട്ടിരുന്നു. ഹാസന്‍, ബെംഗളുരു, രാമനഗര, ബേലാഗവി, ഷിമോഗ, കൊപ്പല്‍, ചിക്ക്മംഗളുരു തുടങ്ങിയ സ്ഥലത്തെല്ലാം ബസ്സുകള്‍ക്കുനേരെ കല്ലേറുണ്ടായി.
ഏതാണ്ട് ഒരു ലക്ഷത്തോളം ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന ലഭിക്കും. ജീവനക്കാര്‍ 41 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിവന്നത്. മറ്റ് ആവശ്യങ്ങള്‍ അനുഭാവപൂര്‍ണം പരിഗണിക്കാമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്.












Click it and Unblock the Notifications