മുന്‍പാഠങ്ങള്‍ നിരവധി: എഐസിസിയും കൈമലർത്തും: എന്തുകൊണ്ട് ഡികെയുടെ കടുപിടുത്തം.. ഒടുവില്‍
ബെംഗളൂരു: നീണ്ട തർക്കങ്ങള്‍ക്ക് ഒടുവില്‍ മുന്‍മുഖ്യമന്ത്രി സിദ്ധരമായ്യ തന്നെ വീണ്ടും കർണാടക മുഖ്യമന്ത്രി കസേരയിലെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നത്തോടെ എ ഐ സി സി പുറപ്പെടുവിച്ചേക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തർക്കം ഉന്നയിച്ച കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയും ആയേക്കും. പല തവണ നടന്ന ചർച്ചകള്‍ക്കൊടുവിലായിരുന്നു ഡികെ ശിവകുമാറിനെ അനുനയിപ്പിക്കാന്‍ എ ഐ സി സി നേതൃത്വത്തിന് സാധിച്ചത്. ശനിയാഴ്ചയായിരിക്കും സത്യപ്രതിജ്ഞ.
മുഖ്യമന്ത്രി സ്ഥാനം പങ്കിടുകയെന്ന ഫോർമുല ഡികെ ശിവകുമാർ അംഗീകാതിരിക്കാന്‍ പല കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. വിധ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി സ്ഥാനം പങ്കിടാന്‍ തുടക്കത്തില്‍ ധാരണയായിരുന്നെങ്കിലും പിന്നീട് ഇത് ഫലപ്രദമായി നടപ്പാക്കുന്നതില്‍ പാർട്ടി പരാജയപ്പെട്ടിരുന്നു. രാജസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്ന തർക്കങ്ങളും ഇതിന്റെ ഭാഗമാണ്.
മെയ് 13 ന് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതു മുതൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ശിവകുമാറും സിദ്ധരാമയ്യയും ഉൾപ്പെടെയുള്ള കോൺഗ്രസ് ഹൈക്കമാൻഡും തമ്മിൽ നിരവധി ചർച്ചകളാണ് ഇന്ന് പുലർച്ചെവരെ നടന്നിട്ടുള്ളത്.

കോൺഗ്രസിന്റെ 135 എംഎൽഎമാരുടേയും യോഗം മുതിർന്ന നേതാക്കളുടെ നേതൃത്വത്തില്‍ വോട്ടെണ്ണലിന് പിറ്റേ ദിവസം തന്നെ ബെംഗളൂരുവില്‍ നടന്നിരുന്നു. യോഗത്തില്‍ സിദ്ധരമായ്യക്ക് വ്യക്തമായ പിന്തുണ ലഭിച്ചെങ്കിലും ഡികെ ശിവകുമാർ തന്റെ അവകാശവാദത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയും ചെയ്തു. ഇതോടെയാണ് തർക്കം മുറുകുകയും ചർച്ചകള്‍ ദില്ലിയിലേക്ക് മാറ്റുകയും ചെയ്തത്.
''സഹോദരങ്ങൾ പൂർവ്വിക സ്വത്ത് പങ്കിടുന്നത് പോലെ ഇത് സ്വത്തല്ല. സർക്കാർ രൂപീകരണത്തിന്റെ പ്രശ്നമാണ്. അവിടെ പങ്കിടാൻ കഴിയില്ല. "- എന്നായിരുന്നു മുഖ്യമന്ത്രി സ്ഥാനം പങ്കിടാന്‍ തയ്യാറാണോയെന്ന ചോദ്യത്തിന് കഴിഞ്ഞ തിങ്കളാഴ്ച സിദ്ധരാമയ്യ നല്‍കിയ മറുപടി. കെ പി സി സി അധ്യക്ഷന്‍ ശിവകുമാറും ഈ സാധ്യത നിരസിച്ചതോടെയാണ് കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിലുള്ള സാധ്യതകള്‍ അവസാനിച്ചത്.
ഇത് ആദ്യമായല്ല കോണ്‍ഗ്രസ് സമാനമായ പ്രതിസന്ധി നേരിടുന്നത്. 2018 ലെ തിരഞ്ഞെടുപ്പിൽ 90 അംഗ ഛത്തീസ്ഗഢ് നിയമസഭയിൽ പാർട്ടി 68 സീറ്റുകൾ നേടിയതിനെത്തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്തിനായി ഭൂപേഷ് ബാഗേലും ത്രിഭുവനേശ്വര് സരൺ സിംഗ് ദേവും (അല്ലെങ്കിൽ ടിഎസ് സിംഗ് ദിയോ) തമ്മിൽ കടുത്ത അധികാര പോരാട്ടം നടന്നു. ഇതേ തുടർന്ന് ഒരു ഒത്തുതീർപ്പ് ഫോർമുലയിൽ, ബാഗേലും സിംഗ് ദിയോയും തമ്മിൽ മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷം വീതം പങ്കിടാൻ പാർട്ടി ഹൈക്കമാൻഡ് തീരുമാനിച്ചു.
അഞ്ച് വർഷത്തെ ഭരണത്തിന്റെ ആദ്യ പകുതിയിൽ ബാഗേൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, സിംഗ് ദിയോയ്ക്ക് ആരോഗ്യവും പഞ്ചായത്തും ഗ്രാമവികസനവും മറ്റ് മൂന്ന് മന്ത്രാലയങ്ങളുമായിരുന്നു ലഭിച്ചത്.2021 ജൂൺ മുതൽ, കാലാവധിയുടെ മധ്യത്തിൽ സിംഗ് ഡിയോ പദവി മാറ്റത്തിന്റെ പ്രശ്നം ഉന്നയിക്കാൻ തുടങ്ങി. എന്നാല്‍ ബാഗേല്‍ അതിന് തയ്യാറായില്ല. പാർട്ടി നേതൃത്വവും പഴയ ഫോർമുലയില്‍ നിന്ന് പിന്നോട്ട് പോയതോടെ സിംഗ് ദിയോ തന്റെ പഞ്ചായത്ത്, ഗ്രാമവികസന വകുപ്പ് രാജിവച്ചു.
ഇതിന് സമാനമായ തർക്കങ്ങളാണ് രാജസ്ഥാനിലും നടന്നുകൊണ്ടിരിക്കുന്നത്. കർണാടകയില്‍ ഇതിന് മുമ്പ് അധികാരം പങ്കിടല്‍ ഫോർമുല നടപ്പിലാക്കാതെ വന്നിട്ടുണ്ട്. ഇതാണ് ഇത്തരമൊരു നീക്കത്തില്‍ നിന്നും ഡികെ പിന്തിരിയാനുള്ള ഒരു പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഏറെ സമയം നീണ്ട് നിന്ന ചർച്ചകള്‍ക്കൊടുവില്‍ അദ്ദേഹം അനുനയപ്പെടുകയായിരുന്നുവെന്നായിരുന്നു സൂചന.












Click it and Unblock the Notifications