യെദ്യൂരപ്പയ്ക്ക് സർക്കാരുണ്ടാക്കണം, സമ്മതം നൽകാതെ ബിജെപി കേന്ദ്ര നേതൃത്വം! കരുതലോടെ നീക്കം
ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ ദിവസങ്ങളോളം നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ വലിച്ച് താഴെയിട്ടെങ്കിലും കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധൃതി കാട്ടാതെ ബിജെപി. കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ബിഎസ് യെദ്യൂരപ്പ ഗവര്‍ണറെ കാണുമെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും എന്നുമാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇതുവരെ അത്തരമൊരു നീക്കം ബിജെപിയുടെ ഭാഗത്ത് നിന്നും ഇല്ല.
കേന്ദ്ര നേതൃത്വത്തില്‍ നിന്ന് സമ്മതം കാത്ത് നില്‍ക്കുകയാണ് യെദ്യൂരപ്പയും കൂട്ടരും. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണം അപകടമാണ് എന്നാണ് കേന്ദ്ര നേതൃത്വം കണക്ക് കൂട്ടുന്നത്. സ്ഥിരതയുളള സര്‍ക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം ഇപ്പോഴും ബിജെപിക്ക് ഉറപ്പില്ല. 15 വിമത എംഎല്‍എമാര്‍ക്ക് എന്ത് സംഭവിക്കും എന്ന് വ്യക്തത ഇല്ലാത്തതാണ് ബിജെപിയെ കുഴപ്പിക്കുന്നത്. തിരഞ്ഞെടുപ്പിനെ നേരിടുക എന്ന തീരുമാനത്തിലേക്ക് ബിജെപി എത്താനും സാധ്യത ഉണ്ട്.

ചരിത്രം ഇനി ആവർത്തിക്കരുത്
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഭൂരിപക്ഷമില്ലാതെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ യെദ്യൂരപ്പയ്ക്ക് ഒരു ദിവസത്തിനകം തന്നെ രാജി സമര്‍പ്പിക്കേണ്ടതായി വന്നിരുന്നു. നാലാം തവണ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ യെദ്യൂരപ്പ തയ്യാറെടുക്കുമ്പോള്‍ പഴയ ചരിത്രം ആവര്‍ത്തിക്കരുത് എന്ന നിര്‍ബന്ധമുണ്ട് ബിജെപിക്ക്. കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണുവെങ്കിലും ബിജെപി ക്ഷമയോടെ കാത്തിരിക്കുകയാണ്. 15 വിമത എംഎല്‍എമാരുടെ കാര്യത്തില്‍ സ്പീക്കര്‍ എന്ത് തീരുമാനമെടുക്കുന്നു എന്നതിന് അനുസരിച്ചാവും ബിജെപി കാര്യങ്ങള്‍ നീക്കുന്നത്.

വിമത എംഎൽഎമാരുടെ ഭാവി
മാത്രമല്ല വിമത എംഎല്‍എമാരുടെ വിഷയത്തില്‍ സുപ്രീം കോടതി തീരുമാനം എന്തെന്നും അറിയേണ്ടതുണ്ട്. നിലവില്‍ മുംബൈയില്‍ തുടരുന്ന വിമത എംഎല്‍എമാരിലെ സിദ്ധരാമയ്യ പക്ഷക്കാര്‍ തിരിച്ച് ബെംഗളൂരുവില്‍ എത്തിയാല്‍ കൂറ് മാറുമോ എന്ന ആശങ്കയും ബിജെപിക്കുണ്ട്. സര്‍ക്കാരുണ്ടാക്കാനുളള സാധ്യതകളുടെ എല്ലാ വശങ്ങളും പരിശോധിക്കാനാണ് കേന്ദ്ര നേതൃത്വം യെദ്യൂരപ്പയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദില്ലിയില്‍ നിന്നും ഒരു നിരീക്ഷകനെ കര്‍ണാടകത്തിലേക്ക് അയക്കാനും കേന്ദ്ര നേതൃത്വം ആലോചിക്കുന്നു.

തിരഞ്ഞെടുപ്പിനെ നേരിടണം
സര്‍ക്കാരുണ്ടാക്കണമെന്നും അതല്ല പുതിയ തിരഞ്ഞെടുപ്പിനെ നേരിടണം എന്നുളള രണ്ടഭിപ്രായങ്ങള്‍ നിലവില്‍ ബിജെപിക്കുളളിലുണ്ട്. കൃത്യമായ ഭൂരിപക്ഷം ഇല്ലാതെ സര്‍ക്കാരുണ്ടാക്കരുതെന്നും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടണമെന്നും വന്‍ ഭൂരിപക്ഷത്തില്‍ തന്നെ അധികാരത്തിലേറണം എന്നുമാണ് പാര്‍ട്ടിക്കുളളിലെ ഒരു വിഭാഗം കരുതുന്നത്. എന്നാല്‍ സമയം കളയാതെ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് വേണ്ടത് എന്നാണ് മറുവിഭാഗത്തിന്റെ നിലപാട്. അതേസമം കാത്തിരുന്ന് കാണാം എന്നതാണ് കേന്ദ്ര നേതൃത്വം ഇപ്പോള്‍ കര്‍ണാടകത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്.

15 ഇടത്ത് ഉപതിരഞ്ഞെടുപ്പ്
15 വിമത എംഎല്‍എമാരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചാലും അതല്ല വിമതരെ അയോഗ്യരാക്കിയാലും 15 ഇടത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. കോണ്‍ഗ്രസും ജെഡിഎസും സഖ്യമായി തന്നെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് എങ്കില്‍ കാര്യങ്ങള്‍ ബിജെപിക്ക് അത്ര എളുപ്പമാകില്ല. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിമതരില്‍ ഭൂരിപക്ഷത്തിന്റെയും ജയം നിസ്സാര വോട്ടുകള്‍ക്കാണ്. അന്ന് കോണ്‍ഗ്രസും ജെഡിഎസും തനിച്ചാണ് മത്സരിച്ചത്. ഇക്കുറി മത്സരം സഖ്യമായിട്ടാണെങ്കില്‍ ബിജെപി വിയര്‍ക്കും. അതുകൊണ്ട് എളുപ്പത്തിലൊരു തീരുമാനം സര്‍ക്കാരുണ്ടാക്കുന്ന കാര്യത്തില്‍ ബിജെപി എടുക്കില്ല.

ഇനിയും എംഎൽഎമാർ വരും
സര്‍ക്കാരുണ്ടാക്കാനുളള അവകാശവാദം തങ്ങളുന്നയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് യെദ്യൂരപ്പ പറയുന്നു. എന്നാല്‍ അത് പെട്ടന്നുണ്ടാവില്ല. വന്‍ ഭൂരിപക്ഷം ഇല്ല എന്നത് സര്‍ക്കാര്‍ രൂപീകരണത്തിന് തടസ്സമല്ല എന്ന് കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ യെദ്യൂരപ്പ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും കൂടുതല്‍ എംഎല്‍എമാര്‍ രാജി വെക്കാനും ബിജെപി ടിക്കറ്റില്‍ മത്സരിക്കാനും തയ്യാറായി നില്‍ക്കുകയാണ് എന്ന് യെദ്യൂരപ്പ അവകാശപ്പെടുന്നു. ചല കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുമായി താന്‍ ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ ഒപ്പം ചേരാന്‍ തയ്യാറാണെന്നും യെദ്യൂരപ്പ പറയുന്നു.

വിശ്വാസ വോട്ടെടുപ്പ് ഇനിയും വന്നാൽ
സ്പീക്കര്‍ അടക്കം 21 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നതോടെ കര്‍ണാടക നിയമസഭയിലെ അംഗസംഖ്യ 210 ആണ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 206 സീറ്റ്. ബിജെപിക്കുളളത് 205. രണ്ട് സ്വതന്ത്രരെ കൂടെ കണക്കിലെടുക്കുമ്പോള്‍ അത് 207 ആവും. ഒരു സീറ്റ് മാത്രമാണ് കേവല ഭൂരിപക്ഷത്തില്‍ നിന്നും ബിജെപിക്ക് കൂടുതല്‍ ഉളളത്. വിമതരിലെ സ്വതന്ത്ര എംഎല്‍എ ആര്‍ ശങ്കറിനെ അയോഗ്യനാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ ബിജെപിക്ക് കാര്യങ്ങള്‍ കൂടുതല്‍ കഠിനമാവും. അതിനിടെ യെദ്യൂരപ്പ മുബൈയിലെത്തി വിമതരെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സമ്മതം വാങ്ങാൻ സംഘം
വിമതര്‍ക്ക് കോണ്‍ഗ്രസ്-ജെഡിഎസ് വിപ്പ് ബാധകമായത് കൊണ്ട് തന്നെ യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരമേറ്റ് വിശ്വാസ വോട്ടെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വന്നാല്‍ ബിജെപിക്കത് വെല്ലുവിളിയാകും. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അതിന് ശേഷം പുതിയ തിരഞ്ഞെടുപ്പ് നടത്തണം എന്നുമാണ് രാജി വെച്ച മുഖ്യമന്ത്രി കുമാരസ്വാമിയുടെ നിലപാട്. അതിനിടെ ബിജെപി സംസ്ഥാന നേതാക്കളുടെ സംഘത്തെ ദേശീയ പ്രസിഡണ്ട് അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ യെദ്യൂരപ്പ ദില്ലിയിലേക്ക് അയച്ചിരിക്കുകയാണ്. ജഗദീഷ് ഷെട്ടാര്‍, ജെസി മധുസ്വാമി, കെജി ബൊപ്പയ്യ, അരവിന്ദ് ലിംബാവലി, ബിവൈ വിജയേന്ദ്ര എന്നിവരാണ് ദില്ലിയിലെത്തിയിരിക്കുന്നത്.












Click it and Unblock the Notifications