എന്നെ പുറത്താക്കിയത് സന്തോഷിന്റെ ഗൂഢാലോചന, കേരളത്തില്‍ വട്ടപ്പൂജ്യമല്ലേ കിട്ടിയുള്ളൂ; ജഗദീഷ് ഷെട്ടാര്‍
ബെംഗളൂരു: താന്‍ പാര്‍ട്ടി വിടാന്‍ കാരണം ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷാണെന്ന് മുന്‍ ബി ജെ പി നേതാവ് ജഗദീഷ് ഷെട്ടാര്‍. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബി എല്‍ സന്തോഷ് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും തനിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നിഷേധിച്ച് അപമാനിച്ചെന്നും ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു.
ബസവരാജ് ബൊമ്മൈ സര്‍ക്കാരില്‍ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടിട്ടും താന്‍ പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തു എന്ന് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. മഹേഷിന് സീറ്റ് കൊടുക്കാന്‍ വേണ്ടിയാണ് ബി എല്‍ സന്തോഷ് തനനിക്കെതിരെ ഗൂഢാലോചന നടത്തിയത് എന്നും ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. ജഗദീഷ് ഷെട്ടാര്‍ പ്രതിനിധീകരിച്ച ഹുബ്ലി-ധാര്‍വാഡ് സെന്‍ട്രല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഇത്തവണ ബി ജെ പിക്കായി മഹേഷ് തെങ്കിങ്കൈ ആണ് മത്സരിക്കുന്നത്.

എം എല്‍ എ രാംദാസിനെ തഴഞ്ഞതിന് പിന്നിലും ബി എല്‍ സന്തോഷാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൈസൂരു ജില്ലയിലെ കൃഷ്ണരാജ നിയമസഭാ മണ്ഡലത്തില്‍ നാല് തവണ എം എല്‍ എയായ എസ് എ രാമദാസിനെ പാര്‍ട്ടി ഒഴിവാക്കിയിരിക്കുകയാണ്. ശ്രീവാസ്ത എന്ന പുതുമുഖത്തിന് ആണ് ഇവിടെ ബി ജെ പി സീറ്റ് നല്‍കിയിരിക്കുന്നത്. ബി എല്‍ സന്തോഷിന്റെ വിശ്വസ്തനല്ലാത്തതിനാല്‍ ആണ് അവര്‍ രാംദാസിനെ ഉപേക്ഷിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനറല്‍ സെക്രട്ടറിയായ ബി എല്‍ സന്തോഷിന് കേരളത്തിന്റെ ചുമതല നല്‍കി. അവിടെ ഒരു സീറ്റ് പോലും നേടാനായില്ല. പിന്നീട് അദ്ദേഹത്തിന് തമിഴ്നാടിന്റെ ചുമതല നല്‍കി. അവിടേയും കുറച്ച് സീറ്റുകള്‍ മാത്രമാണ് നേടാനായത്. തെലങ്കാനയുടെയും ആന്ധ്രാപ്രദേശിന്റെയും ചുമതല ബി എല്‍ സന്തോഷിനുണ്ടായിരുന്നു. അവിടെ എല്ലാം പാര്‍ട്ടിയുടെ അവസ്ഥ എന്താണ് എന്നും അദ്ദേഹം ചോദിച്ചു.
Relationship Tips: സ്ത്രീകള്‍ക്ക് പങ്കാളിയില്‍ താല്‍പര്യം കുറയുന്നോ? കാരണമിതാകാം
ഈ സംസ്ഥാനങ്ങളില്‍ പരാജയപ്പെട്ട ഒരാള്‍ ആണ് പാര്‍ട്ടിയിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ഉപദേശം നല്‍കുന്നത് എന്നും ജഗദീഷ് ഷെട്ടാര്‍ കൂട്ടിച്ചേര്‍ത്തു. വരുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയാണ് ജയിക്കുന്നതെങ്കില്‍ പോലും പാര്‍ട്ടിയിലേക്ക് തിരിച്ച് പോകില്ലെന്നും കോണ്‍ഗ്രസിനൊപ്പം പ്രതിപക്ഷത്ത് അടിയുറച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി, മുന്‍ പ്രതിപക്ഷ നേതാവ്, മുന്‍ സ്പീക്കര്‍, മുന്‍ പാര്‍ട്ടി അധ്യക്ഷന്‍, ആറ് തവണ എം എല്‍ എ എന്നീ പദവികളില്‍ എത്തിയ ജഗദീഷ് ഷെട്ടാറിന് ഇത്തവണ ബി ജെ പി സീറ്റ് നല്‍കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുകയും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തത്. കര്‍ണാടകയില്‍ മെയ് 10 ന് ആണ് വോട്ടെടുപ്പ്. മെയ് 13 ന് ഫലം പുറത്തുവരും.












Click it and Unblock the Notifications