കടലാസിൽ നോക്കാതെ 15 മിനിറ്റ് സംസാരിക്കാമോ? രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് നരേന്ദ്രമോദി...
സോണിയ ഗാന്ധിയെ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
ചാമരാജനഗർ: കർണാടകയിലെ തിരഞ്ഞെടുപ്പ് റാലികളിൽ ആവേശം വിതറി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിനെയും രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കളെയും കടന്നാക്രമിച്ചാണ് നരേന്ദ്രമോദി തിരഞ്ഞെടുപ്പ് റാലികളിൽ സംസാരിച്ചത്.
കടലാസിൽ നോക്കി വായിക്കാതെ സംസ്ഥാനത്തെ കോൺഗ്രസിന്റെ ഭരണനേട്ടങ്ങളെക്കുറിച്ച് 15 മിനിറ്റ് സംസാരിക്കാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കൊണ്ടായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്. ഹിന്ദിയിലോ ഇംഗ്ലീഷിലോ അതല്ലെങ്കിൽ നിങ്ങളുടെ മാതാവിന്റെ മാതൃഭാഷയിലോ നിങ്ങൾക്ക് സംസാരിക്കാമെന്നും മോദി പറഞ്ഞു. എന്നാൽ സോണിയ ഗാന്ധിയെ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

താൻ പാർലമെന്റിൽ പതിനഞ്ച് മിനിറ്റ് സംസാരിച്ചാൽ പ്രധാനമന്ത്രി മോദിക്ക് അവിടെ ഇരിക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ ഈ വാക്കുകൾക്കാണ് ചാമരാജനഗറിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി മറുപടി നൽകിയത്. രാഹുൽ ഗാന്ധി പറഞ്ഞത് ശരിയാണെന്നും, അദ്ദേഹം സംസാരിച്ചാൽ തന്നെപ്പോലെയുള്ള നന്നായി വസ്ത്രം ധരിക്കാൻ പോലും കഴിയാത്ത സാധാരണക്കാർക്ക് കോൺഗ്രസ് അദ്ധ്യക്ഷനെപ്പോലെയുള്ളവരോടൊപ്പം ഇരിക്കാൻ കഴിയില്ലെന്നും മോദി പരിഹസിച്ചു.
രാവിലെ ചാമരാജ്നഗറിലെ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം അദ്ദേഹം ഉഡുപ്പിയിലേക്ക് പോയി. ചൊവ്വാഴ്ച വൈകീട്ട് ഉഡുപ്പിയിലെയും, ബെളഗാവിയിലെയും തിരഞ്ഞെടുപ്പ് റാലികളിൽ മോദി പ്രസംഗിക്കും. അടുത്തദിവസങ്ങളിൽ ബെംഗളൂരു, കൽബുറഗി, ബെല്ലാരി, തുടങ്ങിയ സ്ഥലങ്ങളിൽ നടക്കുന്ന ബിജെപി റാലികളിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications