ഞാന്‍ മല്‍സരിക്കുമെന്ന് മരുമകള്‍; പറ്റില്ലെന്ന് മകന്‍... പെട്ടത് ദേവ ഗൗഡ, ഡല്‍ഹിയിലേക്ക് പറന്നു
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രമാണുള്ളത്. എല്ലാ പാര്‍ട്ടികളും സജീവ പ്രചാരണത്തിലേക്ക് നീങ്ങി കഴിഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനം അന്തിമ ഘട്ടത്തിലാണ്. പല പാര്‍ട്ടികളില്‍ നിന്നും നേതാക്കള്‍ തങ്ങള്‍ക്കൊപ്പം ചേരുന്നത് പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. എന്നാല്‍ ഭരണം നിലനിര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ബിജെപി. ഇത്തവണ ഒറ്റയ്ക്ക് ഭരിക്കുമെന്ന് ജെഡിഎസ് അവകാശപ്പെടുന്നു. അതിനിടെയാണ് ജെഡിഎസില്‍ കുടുംബ കലഹം.
ഹാസന്‍ സീറ്റിലാണ് ജെഡിഎസില്‍ കുടുംബ കലഹം നടക്കുന്നത്. ഈ സീറ്റില്‍ പാര്‍ട്ടിക്ക് വേണ്ടി ഏറെ കാലമായി പ്രവര്‍ത്തിക്കുന്ന വ്യക്തി മല്‍സരിക്കുമെന്ന് എച്ച്ഡി കുമാരസ്വാമി പറഞ്ഞു. എന്നാല്‍ ഇദ്ദേഹത്തിന്റെ ജേഷ്ഠന്‍ എച്ച്ഡി രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണ ഹാസന്‍ സീറ്റില്‍ നോട്ടമിട്ടിരിക്കുകയാണ്. അവരും മല്‍സരിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ഇതോടെ കുടുങ്ങിയത് പാര്‍ട്ടി അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയാണ്.

എച്ച്ഡി ദേവഗൗഡയുടെ മക്കളാണ് രേവണ്ണയും കുമാരസ്വാമിയും. രേവണ്ണയുടെ ഭാര്യയാണ് ഭവാനി. പ്രജ്വല്‍, സൂരജ് രേവണ്ണ എന്നിവര്‍ ഇവരുടെ മക്കളാണ്. പ്രജ്വല്‍ ലോക്‌സഭാ എംപിയാണ്. സൂരജ് എംഎല്‍സിയും. ഹാസനിലെ മുന്‍ ജില്ലാ പഞ്ചായത്ത് അംഗമാണ് ഭവാനി. ഇവര്‍ക്ക് ഹാസന്‍ സീറ്റില്‍ മല്‍സരിക്കാന്‍ രണ്ട് മക്കളുടെയും പിന്തുണയുണ്ട്. ഉടക്കിടുന്നത് കുമാരസ്വാമി മാത്രം.
എച്ച്ഡി കുമാരസ്വാമി കര്‍ണാടകയുടെ മുന്‍ മുഖ്യമന്ത്രിയാണ്. ജേഷ്ഠന്‍ എച്ച്ഡി രേവണ്ണ മുന്‍ മന്ത്രിയുമാണ്. ഭവാനിയുടെ സ്ഥാനാര്‍ഥിത്വം കുടുംബത്തില്‍ കലഹത്തിന് കാരണമായിട്ടുണ്ട്. ദേവ ഗൗഡ നിലവില്‍ സജീവ രാഷ്ട്രീയത്തില്‍ ഇല്ല. ആരോഗ്യ കാരണങ്ങളാണ് അദ്ദേഹം വിട്ടുനില്‍ക്കുകയാണ്. എങ്കിലും ജെഡിഎസിന്റെ അവസാന വാക്ക് ഗൗഡ തന്നെ. ഞായറാഴ്ച വൈകീട്ട് ദേവഗൗഡ രണ്ട് മക്കളുമായും മരുമകളുമായും വിഷയം വീട്ടില്‍ ഏറെ നേരം ചര്‍ച്ച ചെയ്തു. പക്ഷേ, അന്തിമ തീരുമാനമായില്ല.

നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേവഗൗഡ ഡല്‍ഹിയിലേക്ക് പോയിരിക്കുകയാണ്. തിരിച്ചെത്തിയാല്‍ ഹാസന്‍ സീറ്റിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കും. എന്റെ നിലപാടില്‍ മാറ്റമില്ല. ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായം കണക്കിലെടുത്ത് ദേവഗൗഡ തീരുമാനം പ്രഖ്യാപിക്കുമെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
ഹാസന്‍ ജില്ലാപഞ്ചായത്തിലെ മുന്‍ വൈസ് പ്രസിഡന്റ് എച്ച്പി സ്വരൂപിനെ മല്‍സരിപ്പിക്കാനാണ് കുമാരസ്വാമിക്ക് താല്‍പ്പര്യം. അന്തരിച്ച മുന്‍ എംഎല്‍എ എച്ച്എസ് പ്രകാശിന്റെ മകനാണ് സ്വരൂപ്. ഇദ്ദേഹം ഇപ്പോള്‍ തന്നെ പ്രചാരണം തുടങ്ങിയിട്ടുണ്ട്. ഗ്രാമീണ മേഖലകളിലെല്ലാം പര്യടനം തുടങ്ങുകയും ചെയ്തു. പാര്‍ട്ടി സീറ്റ് തന്നില്ലെങ്കില്‍ ഹാസനില്‍ സ്വതന്ത്രയായി ഭവാനി മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത് സംബന്ധിച്ച തനിക്കറിയില്ലെന്ന് കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
ജെഡിഎസ് ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചുകഴിഞ്ഞു. രണ്ടാം ഘട്ട പട്ടിക ചൊവ്വാഴ്ച പ്രഖ്യാപിക്കും. ഇക്കൂട്ടത്തില്‍ ഹാസന്‍ സീറ്റ് ഉണ്ടാകില്ല എന്നാണ് വിവരം. കുടുംബ കലഹം തീര്‍ന്ന ശേഷം ഹാസനിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താമെന്നാണ് ദേവഗൗഡയുമായി നടത്തിയ ചര്‍ച്ചയിലെ ധാരണ. ഹാസനിലെ സ്ഥാനാര്‍ഥിയാര് എന്ന് ദേവ ഗൗഡ പ്രഖ്യാപിക്കുമെന്ന് രേവണ്ണ പറഞ്ഞു.
ഹാസന്‍ ജില്ലക്കാരനാണ് ദേവഗൗഡ. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ ജില്ലയില്‍ നിന്ന് ആറ് സീറ്റിലാണ് ജെഡിഎസ് ജയിച്ചത്. ഹാസന്‍ സീറ്റ് മാത്രമാണ് അന്ന് ജില്ലയില്‍ നഷ്ടമായത്. ഇവിടെ ജയിച്ചത് ബിജെപിയുടെ പ്രീതം ഗൗഡയായിരുന്നു. വൊക്കലിഗ സമുദായത്തിന് ഭൂരിപക്ഷമുള്ള ഹാസനില്‍ നിന്ന് ബിജെപിയുടെ ആദ്യ വിജയി കൂടിയായിരുന്നു പ്രീതം ഗൗഡ.












Click it and Unblock the Notifications