മഹാവിഷ്ണുവായ ധോണിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
ബെംഗളൂരു: മിസ്റ്റര്‍ കൂള്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി കൂളായി മഹാവിഷ്ണുവായി പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ഒന്നായിരുന്നു. ഒരു പരസ്യചിത്രത്തില്‍ ഹിന്ദു ദേവനായ മഹാവിഷ്ണുവിന്റെ വേഷത്തിലായിരുന്നു ധോണി അഭിനയിച്ചിരുന്നത്. മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് ധോണിക്കെതിരെ വിശ്വഹിന്ദു പരിഷത്താണ് കേസ് കൊടുത്തത്.
കേസ് പരിഗണിക്കവെ കര്‍ണാടക ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമാണ് ധോണിക്ക് കേള്‍ക്കേണ്ടി വന്നത്. ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രശസ്ത താരങ്ങള്‍ അതിന്റെ പുറകിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടിരിക്കുന്നു. പണത്തിനു വേണ്ടി എന്തു കോപ്രായവും കെട്ടുന്ന പ്രവണത കൂടി വരികയാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ.എന്‍ വേണുഗോപാല്‍ ഗൗഡയാണ് ധോണിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

ഒരു മാഗസീനിന്റെ പരസ്യത്തിനുവേണ്ടിയായിരുന്നു ധോണി ഇങ്ങനെയൊരു വേഷം കെട്ടിയത്. എന്നാല്‍ ധോണി ആ പരസ്യത്തിന് പണം വാങ്ങിച്ചിട്ടില്ലെന്ന് ധോണിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇപ്രകാരം ധോണി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് കേസ് ഓഗസ്ത് 17ലേക്ക് മാറ്റി.
2013 ഏപ്രില്‍ പതിപ്പിലെ ബിസിനസ് ടുഡേ മാസികയുടെ കവര്‍ പേജിലായിരുന്നു ധോണി മഹാവിഷ്ണുവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ധോണിക്കെതിരെ അനന്ദ്പൂര്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications