വര്‍ഗീയ വിദ്വേഷം പടരുന്നത് തടയാന്‍ കര്‍ണാടക കോണ്‍ഗ്രസ്; നിയമസഹായം പ്രഖ്യാപിച്ച് ബിജെപി
ബെംഗളൂരു: കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ വന്നിട്ട് ഒരു മാസം തികയും മുമ്പേ വമ്പന്‍ പ്രശ്‌നങ്ങള്‍. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഹെല്‍പ്പ്‌ലൈന്‍ യുദ്ധം ആരംഭിച്ചിരിക്കുകയാണ്. വിദ്വേഷ പ്രസംഗം അടക്കം തടയാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുമ്പോള്‍, കേസ് ചുമത്തപ്പെടുന്ന പ്രവര്‍ത്തകര്‍ക്ക് എല്ലാ വിധ നിയമസഹായവും നല്‍കാനാണ് ബിജെപി നേതൃത്വം കര്‍ണാടകയില്‍ തീരുമാനിച്ചിരിക്കുന്നത്.
ബിജെപി സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് കരുതുമ്പോള്‍, കോണ്‍ഗ്രസ്, തങ്ങളുടെ പ്രവര്‍ത്തകരെ കള്ളക്കേസുണ്ടാക്കി വേട്ടയാടുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്.

വ്യവസായ വകുപ്പ് മന്ത്രി എംബി പാട്ടീല്‍ കഴിഞ്ഞ ദിവസം പുതിയൊരു ഹെല്‍പ്പ്‌ലൈന്‍ രൂപീകരിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള പ്രമുഖ മന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. സമാധാനാന്തരീക്ഷമുള്ള കര്‍ണാടകയ്ക്കായിട്ടാണ് ഈ ഹെല്‍പ്പ്‌ലൈന്‍ എന്നാണ് എംബി പാട്ടീല്‍ പറയുന്നത്.
സംസ്ഥാനത്ത് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നത് തടയാനും, അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാനും കൂടിയുള്ളതാണ് ഈ ഹെല്‍പ്പ്‌ലൈന്‍ എന്നും അദ്ദേഹം പറയുന്നു. 'വികസനവും, പുരോഗതിയുമാണ് കോണ്‍ഗ്രസിന്റെ അജണ്ട. അതോടൊപ്പം ബ്രാന്‍ഡ് കര്‍ണാടകയുടെ മൂല്യം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും' പാട്ടീല്‍ പറഞ്ഞു.
അതേസമയം പാട്ടീലിന്റെ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ ബിജെപി പോലീസ് കേസുകളെ നേരിടാന്‍ ഒരു ഹെല്‍പ്പ്‌ലൈന്‍ പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ കുടുക്കാനായുള്ള ശ്രമങ്ങളാണ് പോലീസ് കേസുകള്‍ എന്ന് ബിജെപി ആരോപിക്കുന്നു.
ഇതിനെ നിയമപരമായി നേരിടുമെന്നാണ് ബിജെപി പ്രഖ്യാപനം. 'കോണ്‍ഗ്രസ് ഭരണകാലം എപ്പോഴും അധികാരത്തെ ദുരുപയോഗം ചെയ്യുന്നതാണ്. കള്ളക്കേസുകള്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അവര്‍ എടുക്കാറുണ്ട്. നിയമത്തിന്റെ സഹായത്തോടെ ഇവയെ കോടതിയില്‍ നേരിടുമെന്നും' ബെംഗളൂരു എംപി തേജസ്വി സൂര്യ പറഞ്ഞു.
അടുത്ത ഒരാഴ്ച്ചയ്ക്കുള്ളില്‍ ബിജെപി ഈ ഹെല്‍പ്പ്‌ലൈന്‍ ലോഞ്ച് ചെയ്യും. ഇതിനായി അവര്‍ അഭിഭാഷകരുടെ ടീമിനെ തയ്യാറാക്കിയിരിക്കുകയാണ്. വിവിധ പോലീസ് സ്‌റ്റേഷനുകളിലും, കോടതികളിലും കേസുകളെ നേരിടാന്‍ അഭിഭാഷകരെത്തും. സീനിയര്‍ അഭിഭാഷകരുടെ സഹായം ബിജെപി ലീഗല്‍ സെല്‍ തേടുമെന്നാണ് തേജസ്വി സൂര്യ പറയുന്നത്.
ദക്ഷിണ കര്‍ണാടകയില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിരന്തരം ആക്രമണത്തിന് ഇരയായിട്ടും, മുന്‍ ബിജെപി സര്‍ക്കാര്‍ സഹായിച്ചില്ലെന്ന ആരോപണം നേരത്തെയുണ്ടായിരുന്നു. ഇതാണ് ദക്ഷിണ കര്‍ണാടകയില്‍ പ്രമുഖരുടെ തോല്‍വിക്ക് കാരണമായത്. ഇതും കണക്കിലെടുത്താണ് പാർട്ടിയുടെ മാറ്റം.
അതേസമയം എംബി പാട്ടീലിനെ നേരത്തെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യുവ നേതാവ് ചക്രവര്‍ത്തി സുലിബെലെയെ ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനായിരുന്നു വിമര്‍ശനം. 'സിദ്ധരാമയ്യ സര്‍ക്കാരിന്റെ പ്രത്യേകതയാണിത്. അധികാര ദുര്‍വിനിയോഗത്തെ നിയമപരമായും, പുറത്തും നേരിടുമെന്ന്' തേജസ്വി സൂര്യ പറഞ്ഞു.












Click it and Unblock the Notifications