പൊതുവേദിയില്‍ പരസ്പരം ഏറ്റുമുട്ടി കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് എം.പിയും
ബെംഗളൂരു: പൊതുവേദിയില്‍ പരസ്പരം ഏറ്റുമുട്ടി കര്‍ണാടക ഐ.ടി, ബയോടെക്‌നോളജി വകുപ്പ് മന്ത്രി സി.എന്‍. അശ്വഥ് നാരായണും ബെംഗളൂരു കോണ്‍ഗ്രസ് എം.പി ഡി.കെ. സുരേഷും. രാമനഗരയില്‍ തിങ്കളാഴ്ച നടന്ന പൊതുപരിപാടിയ്ക്കിടെയായിരുന്നു സംഭവം.
മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈയും വേദിയിലുണ്ടായിരുന്നു. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് ബാസവരാജ ബൊമ്മൈ രാമനഗരയിലെത്തുന്നത്.
ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടേയും ബെംഗളൂരു സ്ഥാപകന്‍ കെംപെഗൗഡയുടേയും പ്രതിമകളുടെ അനാച്ഛാദനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ നടത്തിയ പരിപാടിയാണ് ഭരണ-പ്രതിപക്ഷ വാഗ്വാദത്തിന് വേദിയായത്. അശ്വഥ് നാരായണിന്റെ പ്രകോപനപരമായ പ്രസംഗമാണ് സംഭവങ്ങളുടെ തുടക്കം. വൊക്കലിംഗ സമുദായക്കാര്‍ക്ക് സ്വാധീനമുള്ള മേഖലയായ രാമനഗരയില്‍ കോണ്‍ഗ്രസിനും ജെ.ഡി.എസിനും നിര്‍ണായക ആധിപത്യമുണ്ട്. വൊക്കലിംഗക്കാരനായ അശ്വഥ് നാരായണിലൂടെയാണ് പ്രദേശത്ത് സ്വാധീനമുറപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത്.
Recommended Video

പരിപാടിയില്‍ തന്റെ പ്രസംഗത്തിലുടനീളം കോണ്‍ഗ്രസ് നേതാക്കളെ കടന്നാക്രമിക്കാനായിരുന്നു നാരായണിന്റെ ശ്രമം. ബി.ജെ.പി സര്‍ക്കാരിന്റെ നേട്ടങ്ങളെ പ്രകീര്‍ത്തിക്കാനും അദ്ദേഹം മടിച്ചില്ല. 'ചിലര്‍ക്ക് വോട്ട് വേണം, എന്നാല്‍ മറ്റൊന്നും ചെയ്യില്ല. അതുകൊണ്ടല്ല ഞങ്ങള്‍ (ബി.ജെ.പി) ഇവിടെ നില്‍ക്കുന്നത്. രാമനഗരയിലെ ജനങ്ങള്‍ക്ക് വികസനമെത്തിക്കാനാണ് ഞങ്ങളിവിടെ നില്‍ക്കുന്നത്,' അശ്വഥ് നാരായണ്‍ പറഞ്ഞു.
തങ്ങളാരുടേയും ഭൂമി നോക്കിയിരിക്കുന്നവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയ്ക്കിടെയുണ്ടായ മുദ്രാവാക്യം വിളികളേയും അദ്ദേഹം വിമര്‍ശിച്ചു. നിങ്ങളെന്തിനാണ് ഇത്തരത്തില്‍ നിലവിളിക്കുന്നത് എന്നായിരുന്നു അദ്ദേഹം തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തോട് ചോദിച്ചത്. 'മുഖ്യമന്ത്രി സന്ദര്‍ശിക്കുമ്പോള്‍ മുദ്രാവാക്യം വിളിച്ച് നിങ്ങള്‍ ജില്ലയുടെ സല്‍പേര് കളങ്കപ്പെടുത്താന്‍ നോക്കുകയാണോ? നിങ്ങള്‍ യഥാര്‍ത്ഥ മനുഷ്യരാണെങ്കില്‍ കൂട്ടം കൂടി നിന്ന് മുദ്രാവാക്യം വിളിച്ച് പരിപാടി അലങ്കോലമാക്കാതെ എന്താണ് ഇവിടെ ചെയ്തതെന്ന് കാണിക്കുകയാണ് വേണ്ടത്,' അദ്ദേഹം പറഞ്ഞു.
തങ്ങള്‍ നാടിനെ ചതിക്കാനല്ല വന്നതെന്നും ജനങ്ങളെ സേവിക്കാനും ആത്മവിശ്വാസം നേടാനുമാണ് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ, നാരായണിനോട് പ്രസംഗം അവസാനിപ്പിക്കാന്‍ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും നാരായണിനടുത്തേക്ക് വന്ന സുരേഷ് മന്ത്രിയോട് തട്ടിക്കയറുകയായിരുന്നു. കോണ്‍ഗ്രസിന്റെ ബെംഗളൂരുവിലെ എം.എല്‍.സി എസ്. രവിയും മന്ത്രിയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രസംഗത്തിനിടെ നാരായണിനടുത്തേക്കെത്തിയ സുരേഷിനെ സുരക്ഷാ ജീവനക്കാരാണ് തടഞ്ഞത്. ഇതിനിടെ മന്ത്രിയുടെ മൈക്ക് എടുത്ത് മാറ്റാന്‍ രവിയും ശ്രമിച്ചു. സംഭവത്തിന്റെ വീഡിയോ ബി.ജെ.പി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം അംബേദ്കറിനേയും കെംപെഗൗഡയേയും ആദരിക്കുന്ന ചടങ്ങുകള്‍ വ്യക്തിപരമായ ഈഗോകള്‍ തീര്‍ക്കാനുള്ള വേദിയാക്കരുതെന്ന് ബൊമ്മൈ പറഞ്ഞു. 'ഞാനിവിടെ വന്നിരിക്കുന്നത് വികസനങ്ങള്‍ക്ക് സംഭാവന നല്‍കാനാണ്. വികസനം സംഭവിക്കുന്നത് എല്ലാവരുടേയും സഹകരണത്തിലാണ്, വ്യക്തിഗതമായല്ല. വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്,' ബാസവരാജ് ബൊമ്മൈ പറഞ്ഞു.
അതേസമയം പരിപാടിയില്‍ സംസാരിച്ച സുരേഷ്, നാരായണിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി. രാമനഗരയില്‍ രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് സ്ഥാപിക്കാനാവാത്തത് നാരായണ്‍ കാരണമാണെന്ന് സുരേഷ് പറഞ്ഞു. 'രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് വൈകുന്നതിന് നാരായണാണ് കാരണം. രാമനഗര സില്‍ക്ക് മൂല്യമുള്ളതാകുന്നതിന് കാരണം ബി.ജെ.പിയല്ല,' അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും ഈ ജില്ലയിലെ ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി തങ്ങള്‍ എന്നും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ഏക ലോക്‌സഭാ എം.പിയായ സുരേഷ്, കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ സഹോദരനാണ്. അതേസമയം പരിപാടിയ്ക്കായി പതിച്ച മന്ത്രി നാരായണിന്റെ പോസ്റ്റര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കീറിയിട്ടുണ്ട്.












Click it and Unblock the Notifications