പാര്‍ട്ടി വിട്ടുവരുന്നവര്‍ക്ക് സീറ്റ്!! കര്‍ണാടകയില്‍ പുതിയ തന്ത്രവുമായി ബിജെപി, കോണ്‍ഗ്രസിന് ആശങ്ക
പാര്‍ട്ടി വിട്ടുവരുന്നവര്‍ക്കായി സീറ്റ് നല്‍കുമെന്ന് ബിജെപി
ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ചൂട് നേരിടാന്‍ പുതിയ തന്ത്രങ്ങളുമായി പാര്‍ട്ടികള്‍ രംഗത്ത്. പാര്‍ട്ടി വിട്ടു വരുന്നവര്‍ക്ക് സീറ്റ് എന്ന തന്ത്രമാണ് ബിജെപിയും ജനതാദളും പയറ്റുന്നത്. സീറ്റ് പ്രഖ്യാപനത്തില്‍ അസംതൃപ്തി ഉള്ളവരെ സ്വന്തം പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന് വിജയമുറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതേ വഴി തന്നെയാണ് ജെഡിഎസിന്റേതും. എന്നാല്‍ ആശങ്ക കോണ്‍ഗ്രസിനാണെന്ന് മാത്രം.
ഭരണവിരുദ്ധ തരംഗം ഇല്ലാത്തതിനാല്‍ എളുപ്പത്തില്‍ ജയിച്ച് കയറാമെന്ന കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ ഇതോടെ തെറ്റുമെന്നാണ് സൂചന. അതേസമയം സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്ത നിരവധി നേതാക്കള്‍ ബിജെപിയുടെയും ജനതാദളിന്റെയും മോഹന വാഗ്ദാനങ്ങളിലും വീണുപോകുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ ബിജെപിയില്‍ നിന്നും ജനതാദളില്‍ നിന്നും നേതാക്കള്‍ കൊഴിഞ്ഞ് പോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബിജെപി സ്വാഗതം ചെയ്യുന്നു
ബിജെപി എതിര്‍ പാര്‍ട്ടികളിലെ നേതാക്കളെ പ്രമുഖയിടങ്ങളില്‍ മത്സരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പട്ടിക പുറത്തിറക്കിയിട്ട് മാത്രമേ അവസാന ഘട്ട പട്ടിക തങ്ങള്‍ പുറത്തിറക്കൂ എന്ന് ബിജെപി പറയുന്നു. ഇതിനായി 70 സീറ്റുകള്‍ അവര്‍ ഒഴിച്ചിട്ടിരിക്കുകയാണ്. ഈ സീറ്റുകളില്‍ ഇനിയും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ട് പോലുമില്ല. അതേസമയം ജനതാദള്‍ 98 സീറ്റുകളാണ് ഒഴിച്ചിട്ടിരിക്കുന്നത്. അവസാന നിമിഷത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ സീറ്റ് ലഭിക്കാത്ത നിരവധി നേതാക്കളുണ്ട്. ഇവര്‍ക്ക് നേതൃത്വത്തോട് എതിര്‍പ്പുണ്ട്. മത്സരിക്കാന്‍ സീറ്റ് നല്‍കിയാല്‍ ഇവര്‍ എളുപ്പത്തില്‍ പാര്‍ട്ടി വിടുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

ജെഡിഎസിന്റെ നീക്കങ്ങള്‍
ജനതാദളാണ് ഈ നീക്കം ആദ്യം കൊണ്ടുവന്നത്. സീറ്റ് ലഭിക്കാത്തതില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച് പാര്‍ട്ടി വിട്ട 11 പേര്‍ക്കാണ് ദേവഗൗഡ സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്. അതും ബിജെപിയിലെ പ്രമുഖ എംഎല്‍എയായ സിഎച്ച് രാമചന്ദ്ര റെഡ്ഡിയെയാണ് അവര്‍ സ്വന്തം തട്ടകത്തിലെത്തിച്ചത്. രാമചന്ദ്ര റെഡ്ഡിയുടെ മകനും മരുമകളും ഇതിനൊപ്പം ജെഡിഎസില്‍ ചേര്‍ന്നിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടപ്പോള്‍ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിയുണ്ടായിരുന്നു. പ്രമുഖ നേതാക്കള്‍ക്കും എന്തിനേറെ പറയുന്നു എംഎല്‍എമാര്‍ക്ക് വരെ സീറ്റ് ലഭിച്ചില്ല എന്നായിരുന്നു പരാതി. ഇതിനിടെ കോണ്‍ഗ്രസില്‍ നിന്ന് ജിവി ബാലറാം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയും ചെയ്തു.

പൊട്ടിത്തെറി....
ബാലറാമിനെ പാര്‍ട്ടിയില്‍ എത്തിച്ചതിന് ബിജെപി നേതാക്കള്‍ ബിഎസ് യെദ്യരപ്പയെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. സ്വന്തം സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റ് നിഷേധിച്ചിട്ട് മറ്റുള്ള പാര്‍ട്ടി നേതാക്കളെ സ്ഥാനാര്‍ത്ഥികളാക്കുന്നതിന് എന്തിനാണെന്നും ചോദ്യം ഉയര്‍ന്നിട്ടുണ്ട്. അതേസമയം പാവഗഡയില്‍ ബാലറാം തന്നെ മത്സരിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞിട്ടുണ്ട്. അതേസമയം സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയിലും കോണ്‍ഗ്രസിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ബിജെപിയുടെ ഓഫീസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നു.

യെദ്യൂരപ്പയുടെ പ്രലോഭനം
മറ്റുള്ള പാര്‍ട്ടിയിലെ നേതാക്കള്‍ക്കായി ഇരുപതില്‍ അധികം സീറ്റുകളാണ് ഒഴിച്ചിട്ടിരിക്കുന്നതെന്ന് യെദ്യൂരപ്പ പറയുന്നു. പലര്‍ക്കും കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തിയുണ്ടെന്ന് യെദ്യൂരപ്പ പറഞ്ഞു. ഇങ്ങനെയുള്ളവര്‍ക്ക് ബിജെപിയിലേക്ക് സ്വാഗതമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ജയസാധ്യതയുള്ള നേതാക്കളെ പല പാര്‍ട്ടികളും തഴഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇവര്‍ എന്തുവിലകൊടുത്തും പാര്‍ട്ടി വിടുമെന്നാണ് സൂചന. ഇതിന് പുറമേ ഒരു നേതാവിന്റെ ജാതി, പണത്തിന്റെ സ്വാധീനം എന്നിവയാണ് പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കുമ്പോള്‍ ശ്രദ്ധിക്കുന്ന ഘടകം. സ്വന്തം പ്രചാരണം ഒറ്റയ്ക്ക് നടത്താന്‍ സാധിക്കുന്ന ആരെയും ബിജെപി മത്സരിപ്പിക്കാന്‍ തയ്യാറാണ്. ഹേമചന്ദ്ര സാഗര്‍, പ്രസന്ന കുമാര്‍ എന്നീ പ്രമുഖരെ ജനതാദള്‍ സ്വന്തം കൂടാരത്തിലെത്തിച്ചത് ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. ബിജെപി സീറ്റ് നല്‍കുമെന്ന് പ്രതീക്ഷിച്ച നേതാവായിരുന്നു ഹേമചന്ദ്ര സാഗര്‍.

ക്ഷേത്ര സന്ദര്‍ശനം
കര്‍ണാടകയില്‍ ഹൈന്ദവ വോട്ടുകള്‍ ഇത്തവണ ജനതാദള്‍ ലക്ഷ്യമിടുന്നുണ്ട്. പ്രമുഖ നേതാക്കളെ സ്വന്തം പാര്‍ട്ടിയിലെത്തിക്കുന്നതിന് പുറമേ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാനും ജനതാദള്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദേവഗൗഡയും ഇളയ മകനും എംഎല്‍എയുമായ രേവണ്ണയും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് ക്ഷേത്ര സന്ദര്‍ശനം നടത്തിയിരുന്നു. ആദിശങ്കരന്‍ 1300 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ശ്രിങ്കേരി മഠത്തിലും ദേവഗൗഡ സന്ദര്‍ശനം നടത്തിയിരുന്നു. ശ്രിങ്കേരി മഠം സംസ്ഥാനത്തെ ഹൈന്ദവ വിഭാഗത്തെ ഒന്നിക്കുന്ന സ്ഥലമാണ്. ഇവിടെ സന്ദര്‍ശനം നടത്തിയാല്‍ ഗുണകരമാകുമെന്ന് ദേവഗൗഡ മുന്‍കൂട്ടി കണ്ടിട്ടുണ്ട്. മഠാധിപതി ശ്രീ ഭാരതി തീര്‍ത്ഥ സ്വാമിയുമായി കൂടിക്കാഴ്ച്ചയും ദേവഗൗഡ നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications