കർണാടകയില്‍ കോണ്‍ഗ്രസിന്റെ 'റിവേഴ്സ് ഓപ്പറേഷന്‍': ബിജെപി, ജെഡിഎസ് എംഎല്‍എമാർ ഭരണ പക്ഷത്തേക്ക്
ബെംഗളൂരു: കർണാടകയില്‍ റിവേഴ്സ് ഓപ്പറേഷനുമായി കോണ്‍ഗ്രസ്. ഏതാനും ബിജെപി, ജെഡിഎസ് എംഎല്‍എമാർ കോണ്‍ഗ്രസിലേക്ക് എത്തിയേക്കുമെന്നാണ് അഭ്യൂഹം. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എംഎല്‍എ സ്ഥാനം രാജിവെക്കുന്ന ഇവരെ ലോക്സഭയിലേക്കോ അല്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് വീണ്ടും നിയമസഭയിലേക്കോ എത്തിക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയെന്നാണ് റിപ്പോർട്ട്. എംഎല്‍സി സീറ്റും വാഗ്ദാനമായി മുന്നിലുണ്ട്.
മുന്‍ എംഎല്‍എമാരായ പ്രമുഖ നേതാക്കളും കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആരെയൊക്കെ പാർട്ടിയിലേക്ക് കൊണ്ടുവരണം എന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൃത്യമായ പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയും കെ പി സി സി അധ്യക്ഷൻ ഡികെ ശിവകുമാറും സമ്മതം മൂളുന്നവർക്ക് മാത്രമേ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാൻ കഴിയൂ എന്നാണ് അനൗപചാരിക ചർച്ചകൾ നടന്നതായി അവകാശപ്പെടുന്ന വ്യത്തങ്ങളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചില ജെഡിഎസ് എംഎല്‍എമാരെ പാർട്ടിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് ആ പദ്ധതി വിജയിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ഇതില്‍ ചില നേതാക്കളും കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 2018 ലെ 37 സീറ്റുകളിൽ നിന്ന് മെയ് 10 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളിലേക്ക് ഇടിഞ്ഞ ജെഡിഎസ് പാർട്ടി രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും കടുത്ത പരാജയമായിരുന്നു ഇത്തവണ ഏറ്റുവാങ്ങിയത്.
തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ബിജെപിയുമായി സഖ്യം ചേരാനുള്ള നേതൃത്വത്തിന്റ ശ്രമങ്ങളും ജെഡിഎസിലെ ഒരുവിഭാഗത്തെ അതൃപ്തിയിലാക്കിയിട്ടുണ്ട്. 2019-ൽ കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമുള്ള 17 എംഎൽഎമാരെ കൂറുമാറ്റിയായിരുന്നു ബിജെപി സംസ്ഥാന ഭരണം പിടിച്ചത്.
രാജിവെച്ചവരിൽ ഭൂരിഭാഗവും പിന്നീട് ബിജെപി ടിക്കറ്റിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ചെയ്തു. ഇവരുള്‍പ്പെടേയുള്ള നിലവിലെ ബിജെപി അംഗങ്ങളെ രാജിവെപ്പിച്ച് പാർട്ടിയിലേക്ക് കൊണ്ടുവന്ന് മധുരപ്രതികാരം ചെയ്യാനാണ് കോണ്‍ഗ്രസ് നീക്കം. ചില എംഎൽഎമാർ തങ്ങളുടെ നിയോജക മണ്ഡലങ്ങളുടെ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത്.
അതേസമയം, അടുത്ത വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിലെ 28 സീറ്റുകളിൽ 20 എണ്ണമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഈ നേട്ടത്തിലേക്ക് എത്താന്‍ പാർട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വേണ്ടി കൂടിയാണ് നിലവിലെ നീക്കം. എംഎൽഎമാരുടെ രാജി ഘട്ടംഘട്ടമായി നടന്നേക്കാമെന്നും വടക്കൻ കർണാടക മേഖലയിൽ നിന്നുള്ള നിയമസഭാംഗങ്ങളും കൂടുതലായി ലക്ഷ്യമിടുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു. ഇവരെ സീറ്റ് രാജിവെച്ച് മത്സരിപ്പിക്കാനാണ് കോൺഗ്രസ് പദ്ധതി.
കർണാടകയിലെ കിത്തൂർ മേഖലയിൽ നിന്നുള്ള ലിംഗായത്ത് നേതാക്കളായ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെയും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിയെയും പാർട്ടിയിലേക്ക് എത്തിക്കാനായത് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടമായിരുന്നു. ഇവർ വഴിയും ഇപ്പോള്‍ ബിജെപി എംഎല്‍എമാരിലേക്കുള്ള ചരട് വലികള്‍ ശക്തമാണ്.












Click it and Unblock the Notifications