കര്‍ണാടകയിലെ വിവാദ തൊഴില്‍ സംവരണ ബില്ല്; നേട്ടം കൊയ്യാന്‍ കേരളവും ആന്ധ്രയും, 'ഇവിടേക്ക് വന്നോളൂ'
ബെംഗളുരു: വിവാദമായ കര്‍ണാടകയിലെ തൊഴില്‍ സംവരണ ബില്ലില്‍ നിന്ന് നേട്ടം കൊയ്യാന്‍ കേരളവും ആന്ധ്രാപ്രദേശും. വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ വിവാദ ബില്ലിനെതിരെ രംഗത്തെത്തിയതിന് പിന്നാലെ കമ്പനികളെ സ്വാഗഗം ചെയ്ത് കേരളവും ആന്ധ്രാ പ്രദേശും രംഗത്തെത്തി. തടസങ്ങളില്ലാത്ത തൊഴില്‍ അന്തരീക്ഷം തങ്ങളുടെ സംസ്ഥാനങ്ങളില്‍ വാഗ്ദാനം ചെയ്ത് മന്ത്രിമാര്‍ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.
കേരളത്തിന്റെ അതിവൈദഗ്ധ്യമുള്ള ടാലന്റ് പൂളിനെയും പ്രശ്നരഹിതമായ ചുറ്റുപാടിനെയും എടുത്തുകാണിച്ച് കൊണ്ട് സംസ്ഥാന നിയമ, വ്യവസായ, കയര്‍ മന്ത്രി പി രാജീവ് രംഗത്തെത്തി. നിരാശരായ ബിസിനസ് സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് നിക്ഷേപിക്കാനുള്ള അവസരം ഉപയോഗിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജീവനക്കാരുടെ കഴിവും യോഗ്യതയുമാണ് റിക്രൂട്ട്മെന്റിന്റെ ഏക മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ബിസിനസ് അനുകൂല അന്തരീക്ഷം പുതിയ നിക്ഷേപ പദ്ധതികളില്‍ 91,575 കോടി രൂപ ആകര്‍ഷിക്കാന്‍ സംസ്ഥാനത്തെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ജനസംഖ്യയുടെ 2.8% മാത്രം പ്രതിനിധീകരിക്കുകയും അതിന്റെ ഭൂവിസ്തൃതിയുടെ 1.2% കൈവശപ്പെടുത്തുകയും ചെയ്തിട്ടും ഇന്ത്യയുടെ ജിഡിപിയില്‍ കേരളം 4% സംഭാവന ചെയ്യുന്നു എന്നും ചൂണ്ടിക്കാട്ടി.
ആന്ധ്രാപ്രദേശ് ഐടി, ഇലക്ട്രോണിക്‌സ്, ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് മന്ത്രി നാരാ ലോകേഷും കമ്പനികളെ സ്വാഗതം ചെയ്ത് രംഗത്തെത്തി. നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ ആന്‍ഡ് സര്‍വീസ് കമ്പനീസ് (നാസ്‌കോം) കര്‍ണാടകയിലെ വിവാദ ബില്ലില്‍ ആശങ്ക ഉന്നയിച്ചിരുന്നു. നാസ്‌കോമിന് ആന്ധ്രയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ തങ്ങള്‍ സഹായിക്കാമെന്ന് നാരാ ലോകേഷ് പറഞ്ഞു.
'നിങ്ങളുടെ നിരാശ ഞങ്ങള്‍ മനസ്സിലാക്കുന്നു. വിസാഗിലെ ഞങ്ങളുടെ ഐടി, ഐടി സേവനങ്ങള്‍, എഐ, ഡാറ്റാ സെന്റര്‍ ക്ലസ്റ്ററുകള്‍ എന്നിവയിലേക്ക് നിങ്ങളുടെ ബിസിനസുകള്‍ വികസിപ്പിക്കുന്നതിനോ മാറ്റി സ്ഥാപിക്കുന്നതിനോ ഞങ്ങള്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തേക്ക് മാറാന്‍ ഉദ്ദേശിക്കുന്ന ഐടി കമ്പനികള്‍ക്ക് മികച്ച ഇന്‍-ക്ലാസ് സൗകര്യങ്ങള്‍, തടസമില്ലാത്ത വൈദ്യുതി, അടിസ്ഥാന സൗകര്യങ്ങള്‍, വിദഗ്ധര്‍ എന്നിവ വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നാസ്‌കോം കര്‍ണാടക സ്റ്റേറ്റ് എംപ്ലോയ്മെന്റ് ഓഫ് ലോക്കല്‍ ഇന്‍ഡസ്ട്രീസ് ഫാക്ടറീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റ് ബില്ലില്‍, നിരാശ പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് വിവാദ തീരുമാനം മരവിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായത്. ഈ ബില്‍ പ്രാദേശിക വൈദഗ്ധ്യമുള്ള പ്രതിഭകള്‍ കുറവായതിനാല്‍ കമ്പനികളെ സ്ഥലം മാറ്റാന്‍ പ്രേരിപ്പിച്ചേക്കാം എന്ന് നാസ്‌കോം ചൂണ്ടിക്കാട്ടിയിരുന്നു.
സ്വകാര്യ സ്ഥാപനങ്ങളിലെ ഗ്രേഡ് സി, ഡി തസ്തികകളില്‍ 100 ശതമാനം സ്വദേശിവത്കരണം എന്നതായിരുന്നു ബില്ലിലെ പ്രധാന നിര്‍ദേശം. കര്‍ണാടകക്കാര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനാണ് ഇത് എന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ അവകാശപ്പെട്ടിരുന്നു. ബില്ലിന് മന്ത്രിസഭാ യോഗത്തിന്റെ അനുമതി ലഭിച്ചിരുന്നു. ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് കമ്പനികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ചത്.












Click it and Unblock the Notifications