ബിജെപി ഭരണത്തിന് കീഴില്‍ ഹിന്ദുക്കള്‍ ദരിദ്രരായി; കശ്മീര്‍ പരീക്ഷണശാലയാക്കുന്നെന്ന് മുഫ്തി
രാജ്യത്തെ നീതിന്യായ വ്യവസ്ഥ എവിടെ പോയെന്നും മെഹ്ബൂഹ മുഫ്തി ചോദിച്ചു. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അബ്ദുള്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിച്ച സംഭവത്തിലാണ് മുഫ്തിയുടെ പ്രതികരണം

ശ്രീനഗര്‍: ബി ജെ പിക്ക് രാഷ്ട്രം കെട്ടിപ്പടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് പി ഡി പി നേതാവും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. ഇന്ത്യയെ ബിജെപി രാഷ്ട്രമാക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും മുഫ്തി ആരോപിച്ചു. യു പി എ കാലത്ത് ദാരിദ്ര്യ രേഖക്ക് മുകളിലായിരുന്ന 26 കോടി ജനങ്ങള്‍ ഇപ്പോള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് എന്നും അവര്‍ പറഞ്ഞു.
ജമ്മു കശ്മീരിനെ ബി ജെ പി തങ്ങളുടെ പരീക്ഷണശാലയായി കണക്കാക്കുന്നു. ബി ജെ പി ഭരണത്തിന് കീഴില്‍ ഹിന്ദുക്കള്‍ ദരിദ്രരായി എന്നും മെഹ്ബൂബ മുഫ്തി വ്യക്തമാക്കി. റെയില്‍വേയും വിമാനത്താവളങ്ങളും ബാങ്കുകളും ഉള്‍പ്പെടെ രാജ്യത്തെ മുഴുവനായി ബി ജെ പി വില്‍പനക്ക് വെച്ചിരിക്കുകയാണ്.
ഹിന്ദു-മുസ്ലിം ഭിന്നതയെ കുറിച്ച് മാത്രമാണ് ബി ജെ പി സംസാരിക്കുന്നത്. മുസ്ലീങ്ങള്‍ മാത്രമാണോ ജമ്മു കശ്മീരിലെ മയക്കുമരുന്ന് ഭീഷണിയുടെ ഇരകള്‍ എന്നും മുഫ്തി ചോദിച്ചു. ജമ്മു കശ്മീരില്‍ നടക്കുന്ന പരീക്ഷണങ്ങള്‍ രാജ്യത്തുടനീളം നടപ്പിലാക്കുന്നു.
അവര്‍ക്ക് ( ബി ജെ പി ) ഒരു രാഷ്ട്രം കെട്ടിപ്പടുക്കണം എന്നാണ് ജനങ്ങളോട് പറയുന്നത്. എന്നാല്‍ എനിക്ക് ജമ്മു കശ്മീരിലെ ജനങ്ങളോട് പറയാനുള്ളത് അവര്‍ക്ക് ഒരു രാഷ്ട്രവും കെട്ടിപ്പടുക്കാന്‍ താല്‍പ്പര്യമില്ല എന്നാണെന്നും അവര്‍ ഒരു ബി ജെ പി രാഷ്ട്രത്തിനാണ് ആഗ്രഹിക്കുന്നത് എന്നുമാണ് എന്ന് മുഫ്തി കൂട്ടിച്ചേര്‍ത്തു.
കാശ്മീരിലെ ബുള്‍ഡോസര്‍ നീക്കം മുസ്ലീങ്ങളുടെ മാത്രമല്ല, ഹിന്ദുക്കളുടെയും വീടുകള്‍ തകര്‍ക്കുകയാണെന്ന് അവര്‍ പറഞ്ഞു. 80 കോടി ജനങ്ങളെ ബി ജെ പി സര്‍ക്കാര്‍ ദരിദ്രരാക്കി. രാജ്യത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ കൂടുതല്‍ ദരിദ്രരായി എന്നും അവര്‍ക്ക് റേഷന്‍ പോലും വാങ്ങാന്‍ കഴിയില്ല എന്നും മുഫ്തി പറഞ്ഞു.

ജമ്മുവിന്റെ ജനസംഖ്യാശാസ്ത്രത്തെ പോലും ബി ജെ പി മാറ്റിമറിച്ചെന്നും മെഹ്ബൂബ മുഫ്തി ആരോപിച്ചു. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അബ്ദുള്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിച്ചതിനെയും മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി.
അയോധ്യ, മുത്തലാഖ്, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങളില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ വിരമിച്ചാലുടന്‍ ഗവര്‍ണറോ രാജ്യസഭാംഗമോ ആയി മാറുകയാണ് എന്നും നീതിന്യായ വ്യവസ്ഥ എവിടെ പോയെന്നും മെഹ്ബൂബ മുഫ്തി ചോദിച്ചു.












Click it and Unblock the Notifications