സൗമ്യയെ വിട്ട കട്ജു ബിജെപിക്കെതിരേ, യുപിയില്‍ താമര വിരിയില്ല, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളും

  • Written By:
Subscribe to Oneindia Malayalam

ലക്‌നൗ: സൗമ്യ വധക്കേസില്‍ സുപ്രിംകോടതിയോട് ക്ഷമാപണം നടത്തി പിന്‍മാറിയ മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് മാര്‍കണ്‌ഠേയ കട്ജു രാഷ്ട്രീയ പ്രവചനത്തിലേക്ക്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ താമര വിരിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ അധികാരം പിടിക്കും. മായാവതിയുടെ ബിഎസ്പിക്കും ശേഷമാവും ബിജെപിയെന്നും അദ്ദേഹം ഫെയ്‌സ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.

മതപരമായ സമീപനവും നോട്ട് നിരോധനവുമാണ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാവുക. എന്നാല്‍ ഇതേ ഘടകങ്ങള്‍ എസ്പിക്ക് നേട്ടം കൊയ്യാന്‍ അവസരം ഒരുക്കും. അതുവഴി അഖിലേഷ് യാദവ് രണ്ടാംതവണ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാവുമെന്നും കട്ജു പറഞ്ഞു.

 അഖിലേഷില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ

പാര്‍ട്ടിയിലെ ഭിന്നത എസ്പിക്ക് തിരിച്ചടിയാവുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ തന്റെ അഭിപ്രായം നേരെ മറിച്ചാണ്. പാര്‍ട്ടിയിലെ ഭൂരിഭാഗവും അഖിലേഷിനൊപ്പമാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടിക്ക് പുതിയ പ്രതിഛായയുണ്ട്. അഖിലേഷിന്റെ യുവത്വം ജനങ്ങള്‍ക്ക് പ്രതീക്ഷയാണ്. മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ബിജെപിക്ക് മുസ്ലിംകള്‍ വോട്ട് ചെയ്യില്ല. അവരുടെ വോട്ടും എസ്പിക്ക് ലഭിക്കും-കട്ജു പറഞ്ഞു.

മുസ്ലിം വോട്ട് എസ്പിക്ക് ലഭിക്കും

മുസ്ലിംകള്‍ ഐക്യത്തോടെ എസ്പിക്ക് വോട്ട് ചെയ്യും. എസ്പിക്കിപ്പോള്‍ പുതിയ മുഖമാണ് സംസ്ഥാനത്ത്. ഇതുവരെ അച്ഛന്റെയും അമ്മാവന്റെയും തടസങ്ങളുണ്ടായിരുന്നു അഖിലേഷിന്. ഇപ്പോള്‍ അദ്ദേഹം സ്വതന്ത്രനാണ്. അത് എസ്പിക്ക് കൂടുതല്‍ വോട്ട് കിട്ടാന്‍ കാരണമാവുമെന്നും കട്ജു അഭിപ്രായപ്പെട്ടു.

ബിജെപി തരംഗം ഇപ്പോഴില്ല

2014ലെ പൊതുതിരഞ്ഞെടുപ്പിന് സമാനമായ ബിജെപി തരംഗം ഇപ്പോഴില്ല. ഉന്നത ജാതിക്കാരായ ഹിന്ദുക്കളാണ് ബിജെപിയുടെ വോട്ട് ബാങ്ക്. ഇവരാവട്ടെ മൊത്തം 20 ശതമാനമേ വരു. കുറച്ച് ഒബിസി വോട്ടും ലഭിച്ചേക്കാം. എന്നാല്‍ അധികാരം പിടിക്കാന്‍ ബിജെപിക്ക് ഇതുമതിയാവില്ല.

നോട്ട് നിരോധനം തിരിച്ചടിയാവും

നോട്ട് നിരോധനം ബിജെപിക്ക് തിരിച്ചടിയാവും. 5 ശതമാനം വോട്ടെങ്കിലും പാര്‍ട്ടിക്ക് കുറയാന്‍ നോട്ട് നിരോധനം കാരണമാവും. നോട്ട് നിരോധനം മൂലം ജോലി നഷ്ടപ്പെട്ടവര്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും കട്ജു വിശദീകരിച്ചു.

എസ്പിയും ബിജെപിയും നേര്‍ക്കുനേര്‍

രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി ഒന്ന് മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുക. ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ബിജെപി അധികാരം പിടിച്ചാല്‍ രാജ്യസഭയില്‍ അവര്‍ക്ക് ഗുണം ചെയ്യും. എസ്പിയും ബിജെപിയും തമ്മിലാണ് പ്രധാന മല്‍സരം. ബിജെപിക്കും എസ്പിക്കും അധികാരം ലഭിക്കുമെന്ന അഭിപ്രായ സര്‍വേകള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. മുസ്ലിം, ദളിത് വോട്ട് പിടിക്കാന്‍ മായാവതിയും ശ്രമിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസാവട്ടെ, ശക്തമായ തന്ത്രങ്ങള്‍ ഇതുവരെ തയ്യാറാക്കിയിട്ടുമില്ല.

English summary
Former Chief Justice Markandey Katju, on Saturday predicted a clear majority for Akhilesh Yadav led Samajwadi party in the upcoming UP polls, adding that the BJP would be routed in the state and would bag lesser seats than the Bahujan Samaj Party.
Please Wait while comments are loading...